മലയാള സിനിമയിലെ ഏറ്റവും ശ്രദ്ധേയനായ പ്രൊഡക്ഷന്‍ കണ്‍ട്രോളറും എഴുത്തുകാരനുമായ ഷാജി പട്ടിക്കര. തന്റെ സിനിമ ജീവിതം പറയുന്നു…
ഷാജിയുടെ ജിവിതത്തില്‍ 108 എന്ന നമ്പറിന് ഏറെ പുതുമയും കൗതുകവുമുണ്ട്. ഷാജിയുടെ സിനിമാ ജീവിതം ആരംഭിക്കുന്നത് എറണാകുളം ലിസി ഹോസ്പിറ്റലിന് സമീപമുള്ള ഷംസു ടൂറിസ്റ്റ് ഹോമിലെ 108ാം റൂമില്‍ നിന്നാണ്. അവിടെ 22 വര്‍ഷവും 20 ദിവസവും താമസിച്ചു. മലയാളത്തിലെ ശ്രദ്ധേയനായ സംവിധായകന്‍ രാജേഷ് അമനകരയുടെ പുതിയ ചിത്രമായ ‘കല്യാണമരം’ ഷാജി പ്രൊഡക്ഷന്‍ കണ്‍ട്രോളറാകുന്ന 108-ാമത്തെ സിനിമയാണ്. തൃശ്ശൂര്‍ ജില്ലയിലെ പട്ടിക്കര എന്ന ഒരു ചെറുഗ്രാമത്തില്‍ സുഹൃത്തുക്കളായ പ്രകാശ് കുഞ്ഞന്റെയും പ്രദീപ് നാരായണന്റെയും ഒപ്പം ഹ്രസ്വചിത്രങ്ങള്‍ ഒരുക്കിയാണ് ഷാജി സിനിമയുടെ വലിയ ലോകത്തേക്ക് ചുവടുവെയ്‌ക്കുന്നത്. നാട്ടില്‍ യുവതരംഗം ക്ലബിന്റെ സെക്രട്ടറിയായി കലാ പ്രവര്‍ത്തനത്തിന് തുടക്കമായി.
സിനിമയില്‍ നിന്ന് രസകരവും അതിലേറെ സംഭവബഹുലവുമായ ഒട്ടേറെ മുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷിയാകാനും കഴിഞ്ഞിട്ടുള്ള ഷാജിയുടെ ചലച്ചിത്ര ജീവിതം ഏറെ വിസ്മയങ്ങള്‍ നിറഞ്ഞതുകൂടിയാണ്.
1998ല്‍ പി.ടി. കുഞ്ഞിമുഹമ്മദ് സംവിധാനം ചെയ്ത ‘ഗര്‍ഷോം’ എന്ന സിനിമയിലൂടെയാണ് പ്രൊഡക്ഷന്‍ മാനേജരായി ഷാജിയുടെ സിനിമാ ജീവിതം തുടങ്ങുന്നത് പിന്നീട് ടി.വി. ചന്ദ്രന്‍ സംവിധാനം ചെയ്ത ‘പാഠം ഒന്ന് ഒരു വിലാപം’ എന്ന ചിത്രത്തിലൂടെ പ്രൊഡക്ഷന്‍ കണ്‍ട്രോളറായി.
2024 ഡിസംബറില്‍ റിലീസായ ആനന്ദ് ശ്രീബാല എന്ന ചിത്രം പ്രൊഡക്ഷന്‍ കണ്‍ട്രോളറായി വര്‍ക്കുചെയ്യുന്ന 107-ാമത്തെ സിനിമയാണ്.
പി.ടി.കുഞ്ഞിമുഹമ്മദ്, ടി.വി. ചന്ദ്രന്‍, ഹരികുമാര്‍, പ്രിയനന്ദനന്‍, ജയരാജ്, അരുണ്‍കുമാര്‍ അരവിന്ദ്, സുരേഷ് ഉണ്ണിത്താന്‍, കെ. മധു, ജോസ് തോമസ്, രാജ് ബാബു, എം. പത്മകുമാര്‍, സുനില്‍ തുടങ്ങിയ നിരവധി പ്രശസ്ത സംവിധായകര്‍ക്കൊപ്പവും നവാഗത സംവിധായകരായ പ്രദീപ് നായര്‍, കെ. ഗോപിനാഥന്‍, സുരേഷ് അച്ചൂസ്, മധു കൈതപ്രം, എം. ജി. ശശി, ജി.ആര്‍. ഇന്ദുഗോപാന്‍, ജയന്‍ ശിവപുരം, ഷാനു സമദ്, എം.കെ. ദേവരാജന്‍, ലിജീഷ് മുല്ലേഴത്ത്, വിഷ്ണു വിനയ് വരെയുള്ള 37 നവാഗത സംവിധായകര്‍ക്കും ഒപ്പവും ഇതിനോടകം ഷാജി പ്രവര്‍ത്തിച്ചു.
ദക്ഷിണാമൂര്‍ത്തി, എം.ടി.വാസുദേവന്‍ നായര്‍, അക്കിത്തം, ഒഎന്‍വി., സി.എന്‍. കരുണാകരന്‍ തുടങ്ങിയ അതുല്യ പ്രതിഭകളെക്കുറിച്ചുള്ള ഡോക്യുമെന്ററികളിലും ഭാഗമായി.
2007ലും 2011ലും ഏറ്റവും മികച്ച സിനിമാ നിര്‍മ്മാണ കാര്യദര്‍ശിക്കുള്ള ജേസി ഫൗണ്ടേഷന്‍ പുരസ്‌ക്കാരം. 2011ലും 2012ലും 2013ലും ഏറ്റവും മികച്ച നിര്‍മ്മാണ കാര്യദര്‍ശിയ്‌ക്കുള്ള ഇന്‍സ്‌പെയര്‍ ഫിലിം അവാര്‍ഡ്. 2010ലെ സുരാസു കള്‍ച്ചറല്‍ അവാര്‍ഡ്, 2011ലെ എ.ടി. അബു പുരസ്‌ക്കാരം, 2013ലെ ശാന്താദേവി പുരസ്‌ക്കാരം, പ്രേംനസീര്‍ പുരസ്‌ക്കാരം, 2013ലെ മഹാത്മ കലാസംസ്‌കൃതി പുരസ്‌ക്കാരം, 2018ലും 2019ലും 2021ലും ദേശീയ കലാ സംസ്‌കൃതി പുരസ്‌കാരം, 2019ല്‍ ജേസി ഡാനിയേല്‍ ഫിലിം ഫൗണ്ടേഷന്‍ അവാര്‍ഡ്, 2023ല്‍ പ്രൈഡ് ഓഫ് കേരള അവാര്‍ഡ്, 2023ല്‍ ഭരതന്‍ സ്മൃതി പുരസ്‌ക്കാരം എന്നിവ നേടിയിട്ടുണ്ട്.
വേറിട്ട ജീവിതങ്ങളെ അവതരിപ്പിച്ച് ജനപ്രീതിയാര്‍ജ്ജിച്ച ലേഖന പരമ്പര ‘വേറിട്ട മനുഷ്യര്‍’ മംഗളം വാരികയില്‍ പ്രസിദ്ധീകരിച്ചിരുന്നു. ഈ ലേഖന പരമ്പരയ്‌ക്ക് 2021ല്‍ ജെ.സി.ഡാനിയേല്‍ പുരസ്‌ക്കാരവും കെ.പി. ഉമ്മര്‍ പുരസ്‌ക്കാരവും വൈക്കം മുഹമ്മദ് ബഷീര്‍ സാഹിത്യ പുരസ്‌ക്കാരവും സാക്ഷി സാഹിത്യ ശ്രേഷ്ഠ അവാര്‍ഡും ലഭിച്ചു.
‘ഇരുള്‍വീണ വെള്ളിത്തിര’ എന്ന ഡോക്യുമെന്ററി തിരക്കഥ എഴുതി സംവിധാനം ചെയ്തിട്ടുണ്ട്. ഇരുള്‍വീണ വെള്ളിത്തിരയ്‌ക്ക് മികച്ച സംവിധായനുള്ള പി.ജെ.ആന്റണി പുരസ്‌ക്കാരം, ജോണ്‍ എബ്രഹാം പുരസ്‌ക്കാരം ജി.കെ.പിള്ള പുരസ്‌ക്കാരം, സത്യജിത് റേ പുരസ്‌ക്കാരം, സൗത്ത് ഇന്ത്യന്‍ സിനിമാ ടെലിവിഷന്‍ അക്കാദമി അവാര്‍ഡ്, ക്യുഎഫ്എഫ്‌കെ 2023 അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്. ‘സ്വീകരണമുറിയിലെ ലോകജാലകം’ എന്ന ലേഖനത്തിന് 2022-ലെ കേരള വിഷന്‍ അവാര്‍ഡ്, ജി.കെ.പിള്ള ഫൗണ്ടേഷന്‍ പുരസ്‌ക്കാരം എന്നിവ ലഭിച്ചിട്ടുണ്ട്.
മലയാളസിനിമയിലെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ എഴുതിയ അനുഭവകഥകള്‍ ‘കാര്യസ്ഥന്‍ കഥകള്‍’ എന്ന പേരില്‍ ഷാജി എഡിറ്റ് ചെയ്ത് ഒരു കഥാസമാഹാരം പ്രസിദ്ധികരിച്ചിരുന്നു.
കടന്നുവന്ന ജീവിതവഴിയിലേക്ക് ഷാജി എന്നും നന്മയോടെയാണ് തിരിഞ്ഞു നോക്കുന്നത്. തന്റെ ജീവിത വഴിയില്‍ വെളിച്ചം പകര്‍ന്ന ഒട്ടേറെ പേരെ നന്ദിയോടെ ഓര്‍മ്മിക്കുന്നു.
എനിക്ക് കടപ്പാടുള്ളവര്‍ ഏറെയുണ്ട്. പേരെടുത്ത് ചൊല്ലി വിളിക്കാന്‍ കഴിയാത്ത എത്രയോ പേര്‍. പുതിയ ജീവിത വഴിയിലേക്ക് കൈ പിടിച്ച് നടത്തിയ സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ കൊച്ചന്നൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ആരിഫ് പൊന്നാനിയെയും സ്‌നേഹത്തോടെ ഓര്‍മ്മിക്കുന്നു. മലയാളസിനിമയിലെ ഏറ്റവും പ്രമുഖരായ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരും, നിര്‍മ്മാതാക്കളുമായ ആന്റോ ജോസഫിനെയും ഷിബു ജി. സുശീലനെയുമാണ് ഞാന്‍ എന്നും ഗുരുക്കന്മാരായി കാണുന്നത്. അവരുടെകൂടെ ജോലി ചെയ്യാന്‍ കഴിഞ്ഞതില്‍ സന്തോഷവും അഭിമാനവും ഉണ്ട് അവരോട് എന്നും എനിക്ക് കടപ്പാടുണ്ട്.
എനിക്ക് സിനിമ തന്ന നിര്‍മ്മാതാക്കള്‍, സംവിധായകര്‍ കൂടെ നടന്ന് നല്ല സിനിമകള്‍ ഒരുക്കി തന്ന എന്റെ പ്രിയപ്പെട്ട സഹപ്രവര്‍ത്തകരായ സഹോദരങ്ങള്‍ എല്ലാവരോടും ഹൃദയത്തില്‍ തൊട്ട് ഞാന്‍ നന്ദി പറയുന്നു.
കൊറോണക്കാലം സിനിമ പൂര്‍ണ്ണമായും നിശ്ചലമായപ്പോഴും ഷാജി കേരളത്തില്‍ അങ്ങോളമിങ്ങോളം തിയേറ്ററുകള്‍ തോറും സഞ്ചരിക്കുകയായിരുന്നു. കാസര്‍കോഡ് മുതല്‍ കന്യാകുമാരി വരെയുള്ള തിയേറ്റര്‍ അനുഭവങ്ങളുടെ ചിത്രീകരണമായിരുന്നു ഷാജി സംവിധാനം ചെയ്ത ‘ഇരുള്‍ വീണ വെള്ളിത്തിര’ എന്ന ഡോക്യുമെന്ററി. ഒട്ടേറെ പുരസ്‌ക്കാരങ്ങള്‍ ആ ഡോക്യുമെന്ററിയെ തേടി വന്നു. സിനിമയുടെയും എഴുത്തിന്റെയും തിരക്കുകള്‍ക്കിടയിലും ഷാജിയുടെ സംഘാടക മികവിനെ മനസ്സിലാക്കി ഒട്ടെറെ ചുമതലകളും വന്നുചേര്‍ന്നു.
മലബാര്‍ റീജിയണല്‍ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ്, ഫെഫ്ക പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് യൂണിയന്‍ ജോയിന്റ് സെക്രട്ടറി, മാക്ട എക്‌സിക്യൂട്ടീവ് അംഗം, ഫിലിം സര്‍ക്കിള്‍ വെല്‍ഫെയര്‍ സൊസൈറ്റി കോഴിക്കോട് പ്രസിഡന്റ് തുടങ്ങി ഒട്ടേറെ ചുമതലകള്‍ ഷാജി വഹിച്ച് പോരുന്നു. ഷാജിയുടെ ചലച്ചിത്ര ജീവിത്തതിന് താങ്ങും തണലുമായി ഭാര്യ ജെഷീദ ഷാജിയും ഒപ്പമുണ്ട്. ഫുള്‍മാര്‍ക്ക് സിനിമ എന്ന നിര്‍മ്മാണ കമ്പനിയുടെ ഉടമ കൂടിയാണ് ഷാജിയുടെ ജീവിത പങ്കാളി ജെഷിദ ഷാജി സിനിമയുടെ താരങ്ങള്‍ നിര്‍മ്മാതാക്കള്‍ തന്നെയെന്നാണ് ഷാജിയുടെ പക്ഷം. എത്ര മികച്ച സംവിധായകരും അണിയറപ്രവര്‍ത്തകരും ആശയവും കഥയും ഒരുങ്ങിയാലും നല്ല നിര്‍മ്മാതാക്കള്‍ ഉണ്ടായാലോ സിനിമകള്‍ ആവിഷ്‌ക്കരിക്കാന്‍ കഴിയൂ. നിര്‍ഭാഗ്യവശാല്‍ സിനിമകളുടെ ആഘോഷങ്ങളില്‍ പലപ്പോഴും നിര്‍മ്മാതാക്കളെ അവഗണിക്കുന്ന ദുരവസ്ഥ സിനിമയുടെ ദുരവസ്ഥയാണെന്ന് ഷാജി ചൂണ്ടിക്കാണിക്കുന്നു.
മലയാളത്തിലെ പ്രമുഖ താരങ്ങളെ അണിനിരത്തി ഒട്ടെറെ പരസ്യ ചിത്രങ്ങളും ഷാജി ഒരുക്കിയിട്ടുണ്ട്. നിരവധി ഇവന്റ് മാനേജ്‌മെന്റ് പരിപാടികളും സംഘടിപ്പിച്ചു വരുന്നു.
പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ ജോലി വളരെയേറെ ഉത്തരവാദിത്വമുള്ള കാര്യമാണ്. സിനിമാ യൂണിറ്റിലെ വ്യത്യസ്തരായ സഹപ്രവര്‍ത്തകരെ സമയബന്ധിതമായി ഒരേ ലക്ഷ്യത്തിലെത്തിക്കുക ഏറെ പ്രയാസകരമാണ്. അനാവശ്യ ചിലവുകള്‍ക്ക് കടിഞ്ഞാണിട്ട് മികച്ച സിനിമകള്‍ ഒരുക്കാന്‍ ചിത്രത്തിന്റെ പൂജ മുതല്‍ സിനിമ റിലീസ് ചെയ്യുന്ന ദിവസം വരെ പിന്നീട് അതിന്റെ ആഘോഷത്തില്‍ വരെ ഊണും ഉറക്കവുമില്ലാതെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരുടെ അലച്ചിലാണ് ഏത് സിനിമയുടെയും വിജയത്തിന് പിന്നിലെ രഹസ്യം.
നല്ല സിനിമകള്‍ ഒരുക്കാന്‍ വിശ്രമമില്ലാതെ ഷാജി പട്ടിക്കരയെന്ന മലയാളത്തിലെ മിടുക്കനായ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ തന്റെ ജൈത്രയാത്ര തുടരുകയാണ്. നല്ല സിനിമകള്‍ക്കൊപ്പം സഞ്ചരിക്കുമ്പോഴും തന്റെ ക്രിയേറ്റിവിറ്റി നല്ല കലാസൃഷ്ടിക്കായി വിനിയോഗിക്കുകയും ഒപ്പം നടക്കുന്നവരെ ചേര്‍ത്തുപിടിക്കുകയും ചെയ്യുന്ന ഒരു മനുഷ്യസ്‌നേഹിയുടെ മുഖം കൂടി മലയാളസിനിമയ്‌ക്ക് ഷാജി പട്ടിക്കര പരിചയപ്പെടുത്തിക്കൊടുക്കുന്നു.
തൃശ്ശൂര്‍ ജില്ലയിലെ പട്ടിക്കരയില്‍ ജനിച്ച് ഇപ്പോള്‍ കോഴിക്കോട് സ്ഥിരതാമസം. പിതാവ്: പരേതനായ പുഴങ്ങര ഇല്ലത്ത് മുഹമ്മദ്, മാതാവ്: പരേതയായ ഹാജറു. ഭാര്യ: ജെഷീദ ഷാജി, മകന്‍: മുഹമ്മദ് ഷാന്‍.
പഠനം: പട്ടിക്കര മൊയ്തു മെമ്മോറിയല്‍ എല്‍.പി. സ്‌കൂള്‍, പാറന്നൂര്‍ സെന്റ് തോമസ് യുപി സ്‌കൂള്‍, കേച്ചേരി അല്‍-അമീന്‍ ഹൈസ്‌കൂള്‍.















