തൃശൂർ: രാഹുലിന്റെ അറസ്റ്റ് തടഞ്ഞ കോടതി നടപടി സ്വാഭാവികമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒളിവിൽപ്പോയ രാഹുലിനെ പോലീസിന് കണ്ടെത്താൻ സാധിച്ചിട്ടില്ലയെന്ന് പറയുന്നത് ശരിയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തൃശൂരിൽ മീറ്റ് ദി പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.രാഹുലിന് കോൺഗ്രസ് രക്ഷാവലയം തീർക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
“പോലീസിന് രാഹുലിനെ കണ്ടെത്താൻ കഴിഞ്ഞില്ല എന്നത് ശരിയാണ്. എന്നാൽ പോലീസ് അറിഞ്ഞുകൊണ്ട് അറസ്റ്റ് ചെയ്യാതിരിക്കുകയാണെന്ന വാദം ശരിയല്ല. സഹപ്രവർത്തകർ തന്നെയാണ് അദ്ദേഹത്തിന് സഹായം ചെയ്തുനൽകിയത്. അവർക്കാണ് എവിടെയാണ് ഉള്ളതെന്ന് അറിയുക. അയാളെ അറസ്റ്റ് ചെയ്യുക എന്നത് പോലീസിന്റെ ഡ്യൂട്ടിയാണ്. സംരക്ഷിക്കുന്നവർക്ക് ആത്മാർഥതയുണ്ടെങ്കിൽ അത് പോലീസിനെ അറിയിക്കുക,” പിണറായി വിജയൻ പറഞ്ഞു.
‘കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നിലനിൽക്കുമ്പോൾ അറസ്റ്റ് ചെയ്യുന്നതിന് അതൊരു തടസമല്ല. പക്ഷേ കേരളത്തിൽ കണ്ടുവരുന്ന രീതി അതിന്റെ തീരുമാനം വരുന്നതുവരെ കാത്തുനിൽക്കലാണ്. ഇപ്പോൾ ഹൈക്കോടതിയുടെ മുൻപിൽ മുൻകൂർ ജാമ്യത്തിനായി സമീപിച്ചിരിക്കുകയാണ്. അത് ഹൈക്കോടതി സ്വീകരിച്ച് ഒരു തീയതിയിലേക്ക് കേസ് കേൾക്കുന്നതിനായി വച്ചിരിക്കുകയാണ്. സാധാരണ ഇതാണ് നാട്ടിൽ കണ്ടുവരുന്ന രീതി. പക്ഷെ ഇവിടെ കോടതി പ്രത്യേകമായി അറസ്റ്റ് നടത്തരുതെന്ന് പറഞ്ഞിരിക്കുകയാണ്. അത് കോടതി നടപടിയുടെ ഭാഗമാണ്.
















