ആലപ്പുഴ: ഫ്ളക്സ് ബോര്‍ഡില്ല, പോസ്റ്ററില്ല, കുട്ടനാട് തലവടിയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ പ്രചാരണം വോട്ടര്‍മാരെ നേരില്‍ക്കണ്ട്. പരിസ്ഥിതി സൗഹാര്‍ദ്ദ തെരഞ്ഞെടുപ്പ് നടത്തണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഉത്തരവിട്ടാലും പാലിക്കാന്‍ സ്ഥാനാര്‍ത്ഥികള്‍ തയാറല്ല. നിരോധനം മറികടന്ന് ഫ്ളക്സുകള്‍ വഴിനീളെ സ്ഥാപിച്ച് പ്രചരണം നടത്താനാണ് ഒട്ടുമിക്ക സ്ഥാനാര്‍ഥികള്‍ക്കും താല്പര്യം. ഇതിനെല്ലാം വിപരീതമായാണ് തലവടി പഞ്ചായത്ത് 11-ാം വാര്‍ഡില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി അജിത്ത് പിഷാരത്ത് പ്രചരണ രംഗം ഉഷാറാക്കുന്നത്. വാര്‍ഡില്‍ ഒരിടത്തും അജിത്ത് പിഷാരത്തിന്റെ ഫ്ളക്സ് ബോര്‍ഡുകള്‍ കാണാനില്ല.
തെരഞ്ഞെടുപ്പ് കഴിയുന്നതോടെ സംസ്ഥാനത്ത് ടണ്‍ കണക്കിന് പ്ലാസ്റ്റിക് മാലിന്യം കുന്നുകൂടുമ്പോള്‍ താന്‍ പരിസ്ഥിതി സൗഹാര്‍ദ്ദ പ്രചരണത്തിന് മുന്‍തൂക്കം നല്‍കുന്നതായി അജിത്ത് പറയുന്നു. വാര്‍ഡില്‍ സുപരിചിതനായ അജിത്ത് 2015-20 വര്‍ഷം ഇതേ വാര്‍ഡില്‍ നിന്നും 2020-25 ല്‍ ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് തലവടി ഡിവിഷനിലും എന്‍ഡിഎയില്‍ നിന്ന് വിജയിച്ചിരുന്നു. ഇക്കുറി വാര്‍ഡില്‍ രണ്ടാം വട്ടമാണ് ജനവിധി തേടുന്നത്.
രണ്ട് പതിറ്റാണ്ട് മുന്‍പ് അച്ഛന്റെ മരണത്തെ തുടര്‍ന്ന് ചെരിപ്പ് ഉപേക്ഷിച്ച അജിത്ത് നഗ്നപാദനായാണ് വോട്ടര്‍മാരെ തേടി വീടുകളില്‍ എത്തുന്നത്. തലവടി ദുരന്തമുഖത്ത് നേരിട്ടപ്പോഴൊക്കെ സഹായഹസ്തവുമായി അജിത് കുമാര്‍ പിഷാരത്ത് എന്നും മുന്നില്‍ ഉണ്ടായിരുന്നു. രക്തദാനം അടക്കമുള്ള സേവനങ്ങളും നല്‍കുന്നുണ്ട്. ബിജെപി ആലപ്പുഴ നോര്‍ത്ത് ജില്ലാ മീഡിയ കണ്‍വീനറാണ്.











