കൊച്ചി (6-12-2025): എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനുസമീപം പച്ചാളം ഭാഗത്ത് റെയിൽവേ ട്രാക്കിൽ ആട്ടുകല്ല് കണ്ടെത്തി. ട്രെയിൻ അട്ടിമറി ശ്രമത്തിന്റെ ഭാഗമാണെന്ന് സംശയിക്കുന്നു. കൂടാതെ, ട്രാക്കിൽ നായയുടെ ജഡം ചിന്നിച്ചിതറിയ നിലയിൽ കണ്ടെത്തിയതും പരിശോധിക്കുന്നുണ്ട്. ട്രെയിൻ അപകടപ്പെടുത്താൻ ശ്രമിച്ചുവെന്നതുൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി നോർത്ത് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പോലീസ് സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നുണ്ട്. വെള്ളിയാഴ്ച പുലർച്ചെ നാലോടെ മൈസൂരു-കൊച്ചുവേളി എക്സ്പ്രസിലെ ലോക്കോ പൈലറ്റാണ് ട്രാക്കിന്റെ നടുക്കായി ആട്ടുകല്ല് കണ്ടത്. അധികം വലുപ്പമില്ലാത്തിനാൽ ട്രെയിൻ അതിനു മുകളിലൂടെ കടന്നുപോയി. ഉടൻതന്നെ വിവരം ലോക്കോ പൈലറ്റ് റെയിൽവേ കൺട്രോൾ റൂമിൽ അറിയിച്ചു.
തുടർന്ന് റെയിൽവേ സംരക്ഷണ സേന വിവരം നോർത്ത് പോലീസിനു കൈമാറുകയായിരുന്നു.ആർപിഎഫിന്റെയും പോലീസിന്റെയും ഡോഗ് സ്‌ക്വാഡുകൾ വെള്ളിയാഴ്ച സംഭവസ്ഥലത്ത് പരിശോധന നടത്തി. ആട്ടുകല്ലിൽ ട്രെയിൻ തട്ടിയിട്ടില്ലെന്നു കണ്ടെത്തി. ട്രാക്കിന്റെ വശങ്ങളിലാണ് ആട്ടുകല്ല് വെച്ചിരുന്നതെങ്കിൽ വലിയ അപകടമുണ്ടാവാൻ സാധ്യതയുണ്ടായിരുന്നു.
















