ബെംഗളൂരു: മുസ്ലീം യുവാവ് തന്നെ സ്വകാര്യ ചിത്രങ്ങള്‍ ഉപയോഗിച്ച് ബ്ലാക്ക് മെയില്‍ ചെയ്‌തെന്നും ലൈംഗികമായി പീഡിപ്പിച്ചെന്നും നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് ശ്രമിച്ചെന്നും ലക്ഷങ്ങള്‍ തട്ടിയെടുത്തെന്നുമുളള പരാതി നല്‍കി ഒമ്പത് മാസം കഴിഞ്ഞിട്ടും പൊലീസ് നടപടിയെടുത്തില്ലെന്ന പരാതിയുമായി ബംഗളുരുവിലെ ഹിന്ദു യുവതി.മുഹമ്മദ് ഉസ്മാന്‍ എന്ന യുവാവാണ് വിവാഹ വാഗ്ദാനം നല്‍കി കുടുക്കിയത് എന്നാണ് യുവതിയുടെ പരാതി.
പതിനാല് ലക്ഷം രൂപയാണ് തട്ടിയെടുത്തത്.മാര്‍ച്ച് മാസത്തില്‍ നല്‍കിയ പരാതിയില്‍ പൊലീസ് നിഷ്‌ക്രിയത്വം മൂലം കടുത്ത മാനസിക ആഘാതം ഉണ്ടായെന്നും ആത്മഹത്യാശ്രമം വരെ നടത്തിയെന്നും യുവതി പറഞ്ഞു.സുദ്ദഗുണ്ടെപാളയ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത്.
ഇരുവരുടെയും സുഹൃത്ത് വഴിയാണ് മുഹമ്മദ് ഉസ്മാനെ യുവതി പരിചയപ്പെടുന്നത്. സൗഹൃദം താമസിയാതെ പ്രണയമായി .തുടര്‍ന്ന് ഏകദേശം ഒന്നര വര്‍ഷത്തോളം അവര്‍ ഒരുമിച്ച് താമസിച്ചു.
ഈ കാലയളവില്‍, മുഹമ്മദ് ഉസ്മാന്‍ യുവതിയുടെ നഗ്ന ചിത്രങ്ങള്‍ എടുത്തു.യുവാവിന്റെ മോശം പെരുമാറ്റം മൂലം പിന്നീട് യുവതി ബന്ധത്തില്‍ നിന്ന് അകലാന്‍ ശ്രമിച്ചപ്പോള്‍ അയാള്‍ ഈ സ്വകാര്യ ഫോട്ടോകള്‍ ഉപയോഗിച്ച് ബ്ലാക്ക്മെയില്‍ ചെയ്യുകയും മാതാപിതാക്കളെയടക്കം കാണിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
പ്രതി തന്നെ നിരന്തരം വാക്കാലും ശാരീരികമായും പീഡിപ്പിച്ചുവെന്നും യുവതി പറഞ്ഞു. ഇസ്ലാം മതം സ്വീകരിക്കാന്‍ ഉസ്മാന്‍ തന്നെ പലതവണ നിര്‍ബന്ധിച്ചുവെന്നും വിസമ്മതിച്ചാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതി പറഞ്ഞു.
ഒരുമിച്ച് ജീവിക്കുമ്പോള്‍ ബിസിനസ് ആരംഭിക്കാന്‍ സാമ്പത്തിക സഹായം ആവശ്യപ്പെട്ടപ്പോഴാണ് അമ്മയില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും കടം വാങ്ങി 12.2 ലക്ഷം രൂപ സംഘടിപ്പിച്ച് നല്‍കിയത്.എന്നാല്‍ കൂടുതല്‍ തുക വേണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ രണ്ട് ലക്ഷം രൂപ വിലമതിക്കുന്ന 14.5 ഗ്രാം സ്വര്‍ണാഭരണങ്ങള്‍ കൂടി നല്‍കി.ബിസിനസ് വരുമാനം നേടിക്കഴിഞ്ഞാല്‍ ഉസ്മാന്‍ അത് തിരികെ നല്‍കുമെന്ന് ഉറപ്പ് നല്‍കിയതിനാലാണ് യുവതി പണം നല്‍കിയത്.
ഈ വര്‍ഷം മാര്‍ച്ചില്‍, യുവതി സുദ്ദഗുണ്ടേപാളയ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത് പ്രകാരം മുഹമ്മദ് ഉസ്മാനെ കസ്റ്റഡിയിലെടുത്തെങ്കിലും പെട്ടെന്ന് തന്നെ വിട്ടയച്ചു.പിന്നീട് പൊലീസ് നടപടിയൊന്നും സ്വീകരിച്ചില്ല.
















