ന്യൂദല്‍ഹി: ഇന്ത്യന്‍ കോസ്റ്റ്ഗാര്‍ഡ് ഷിപ്പ് (ഐസിജിഎസ്) വിഗ്രഹ ഇന്‍ഡോനേഷ്യയിലെ ജക്കാര്‍ത്തയില്‍. ആസിയാന്‍ രാജ്യങ്ങളില്‍ വിദേശ വിന്യാസത്തിന്റെ ഭാഗമായാണ് ഐസിജിഎസ് ജക്കാര്‍ത്തയില്‍ എത്തിയത്. ഈ മാസം 2ന് ആരംഭിച്ച സന്ദര്‍ശനം നാളെ അവസാനിക്കും. മൂന്ന് ദിവസത്തെ സന്ദര്‍ശന വേളയില്‍, ഐസിജിയിലെയും ഇന്‍ഡോനേഷ്യന്‍ കോസ്റ്റ് ഗാര്‍ഡിലെയും (ബക്കാംല) ഉദ്യോഗസ്ഥര്‍ ഷിപ്പ്‌ബോര്‍ഡ് ഡ്രില്ലുകള്‍, സംയുക്ത പരിശീലന സെഷനുകള്‍ എന്നിവയുള്‍പ്പെടെ വിപുലമായ പ്രവര്‍ത്തന പരിപാടികളില്‍ പങ്കെടുക്കുന്നുണ്ട്.
സമുദ്രസുരക്ഷ പ്രോത്സാഹിപ്പിക്കുന്നതില്‍ കോസ്റ്റ് ഗാര്‍ഡ്-ടു-കോസ്റ്റ്ഗാര്‍ഡ് സഹകരണത്തിന്റെ വര്‍ദ്ധിച്ചുവരുന്ന കേന്ദ്രീകരണത്തെ ഈ സന്ദര്‍ശനം അടിവരയിടുന്നു. ഇരുസംഘങ്ങളും കടല്‍ക്കൊള്ള, നിയമവിരുദ്ധ മത്സ്യബന്ധനം, എന്നിവ തടയുന്നതിനായി പാസേജ് അഭ്യാസം (പാസെക്‌സ്) സംഘടിപ്പിക്കും.
ഭാരതവും ഇന്‍ഡോനേഷ്യയും തമ്മിലുള്ള സമുദ്ര പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ഐസിജിഎസും ബക്കാംലയും ചേര്‍ന്ന് ജൂലൈയില്‍ ഒപ്പുവച്ച ധാരണാപത്രത്തിന്റെ അടിസ്ഥാനത്തിലാണ് ഐസിജിഎസിന്റെ സന്ദര്‍ശനം. ജക്കാര്‍ത്ത സന്ദര്‍ശനം പൂര്‍ത്തിയാക്കി ഐസിജിഎസ് വിഗ്രഹ മലേഷ്യയിലെ പോര്‍ട്ട് ക്ലാങ്ങിലേക്ക് യാത്ര തിരിക്കും. ആസിയാന്‍ രാജ്യങ്ങളിലേക്ക് അതിന്റെ പ്രവര്‍ത്തന വിന്യാസം തുടരും.
















