മുന്‍ കരസേനാമേധാവിയും കേന്ദ്ര മന്ത്രിയുമായിരുന്ന ജനറല്‍ വി.കെ. സിങ് വടക്കുകിഴക്കന്‍ സംസ്ഥാനമായ മിസോറാമിന്റെ ഗവര്‍ണറാണ്. മിസോറാമിന്റെ തലസ്ഥാനമായ ഐസ്വാളിലെ രാജ്ഭവനില്‍ കഴിഞ്ഞ ദിവസം കേരളത്തില്‍ നിന്നുള്ള മാധ്യമ പ്രവര്‍ത്തകര്‍ക്ക് അദ്ദേഹം ആതിഥ്യമരുളി. കേന്ദ്ര സര്‍ക്കാരിന്റെ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ നേതൃത്വത്തില്‍ എത്തിയതായിരുന്നു മാധ്യമ സംഘം. ഭാരതത്തിന്റെ തക്കേയറ്റത്തെ ദൈവത്തിന്റെ സ്വന്തം നാട്ടില്‍ നിന്നെത്തിയവരോട് കേരളത്തിലെ മൂന്നാറിനേക്കാള്‍ വിസ്മയം നല്‍കും നിങ്ങള്‍ക്ക് മിസോറാമെന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം സംസാരം ആരംഭിച്ചത്.

”കേരളത്തിന് അനുഗ്രഹീതമായ പ്രകൃതി ഭംഗിയും കാലാവസ്ഥയുമുണ്ട്. മലകളും സമതലങ്ങളും കടല്‍ത്തീരവുമുണ്ട്. എന്നാല്‍ മിസോറാമിന് മലകള്‍ മാത്രമേ ഉള്ളു. ജനജീവിതവും സഞ്ചാരവുമെല്ലാം അതിനാല്‍ വളരെയധികം പ്രതിസന്ധികളെ അതിജീവിച്ചുകൊണ്ടാണ്. മണ്‍സൂണ്‍കാലത്ത് ഉള്ളുറപ്പില്ലാത്ത മലനിരകളില്‍ നിന്ന് മണ്ണ് കുത്തിയൊഴുകും. എങ്കിലും പ്രകൃതി സൗന്ദര്യത്തിന്റെ കയ്യൊപ്പ് മിസോറാമിനുമുകളില്‍ ദൈവം ചാര്‍ത്തിയിട്ടുണ്ട്.”
തീവണ്ടിയുടെ വരവ് വലിയ മാറ്റം
കേന്ദ്ര സര്‍ക്കാരിന്റെ വികസന ഭൂപടത്തില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് സവിശേഷ സ്ഥാനമുണ്ട്. അതിന്റെ ഭാഗമായാണ് മിസോറാമിലേക്ക് ആദ്യമായി തീവണ്ടിയെത്തിയത്. ഇച്ഛാശക്തിയുള്ള സര്‍ക്കാരുണ്ടെങ്കില്‍ അസാധ്യമായതൊന്നുമില്ലെന്ന് തെളിയിക്കുകയാണിവിടെ. പിന്നാക്ക സംസ്ഥാനങ്ങളെന്നാണ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ നേരത്തെ വിളിച്ചിരുന്നത്. എന്നാല്‍ ഇന്ന് സ്ഥിതി അതല്ല. വടക്കുകിഴക്കിന്റെ പിന്നാക്കാവസ്ഥ മാറുകയാണ്. കേന്ദ്രത്തിലെ നരേന്ദ്രമോദി സര്‍ക്കാരിന്റെ വികസനച്ചിറകിലേറി മിസോ ജനതയ്‌ക്കും ഇനി ഉയരത്തിലെത്താം. മിസോറാമിലേക്ക് വന്ന തീവണ്ടി ലോകവുമായുള്ള മിസോ ജനതയുടെ സമ്പര്‍ക്കത്തിന് വേഗത കൈവരുത്തും.
മിസോറാമിനെ റെയില്‍ വഴി ബന്ധിപ്പിക്കുന്ന ബൈരബി-സൈരാങ് ബ്രോഡ്‌ഗേജ് റെയില്‍വേ ലൈന്‍ പ്രവര്‍ത്തന സജ്ജമായതോടെ വികസനപദ്ധതികള്‍ ഒന്നൊന്നായി ഇവിടേക്കു വരും. ഐസ്വാളിനും അസമിലെ പ്രധാന നഗരമായ സില്‍ച്ചാറിനും ഇടയിലുള്ള യാത്രാ സമയം ഏകദേശം ഏഴ് മണിക്കൂറില്‍ നിന്ന് മൂന്ന് മണിക്കൂറായി കുറഞ്ഞു. സഞ്ചാരികള്‍ക്ക് മുന്നില്‍ മനോഹരമായ ഒരു വിനോദ സഞ്ചാര പാത കൂടിയാണ് തുറക്കപ്പെട്ടത്. കൂടുതല്‍ വിനോദ സഞ്ചാരികളെ ഇനി മിസോറാം ആകര്‍ഷിക്കും.

കുത്തനെയുള്ള ചരിവുകള്‍, ആഴമുള്ള താഴ്‌വരകള്‍, മണ്ണിടിച്ചിലിന് സാധ്യതയുള്ള പ്രദേശം, ഇടതൂര്‍ന്ന വനങ്ങള്‍. ഇതിലൂടെയാണ് ബൈരബി-സൈരാങ് പാത നിര്‍മ്മിച്ചിരിക്കുന്നത്. പാതയുടെ പകുതിയിലധികവും തുരങ്കങ്ങളിലൂടെയും പാലങ്ങളിലൂടെയുമാണ് കടന്നുപോകുന്നത്. 48 തുരങ്കങ്ങളാണ് ആകെയുള്ളത്. 12,853 മീറ്ററാണ് തുരങ്കങ്ങളുടെ ആകെ നീളം. ഏറ്റവും നീളം കൂടിയ തുരങ്കത്തിന് ഏകദേശം 1.37 കിലോമീറ്റര്‍ നീളമുണ്ട്. 55 പ്രധാന പാലങ്ങളും 87 ചെറിയ പാലങ്ങളുമാണ് പാതയുടെ ഭാഗമായിട്ടുള്ളത്. ഇതില്‍ 196-ാം നമ്പര്‍ പാലത്തിന്റെ ഉയരം 104 മീറ്ററാണ്. അതായത് കുത്തബ് മിനാറിനേക്കാള്‍ 42 മീറ്റര്‍ കൂടുതല്‍. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ പിയര്‍ പാലവും ഇതാണ്. 5 റോഡ് ഓവര്‍ ബ്രിഡ്ജുകളും ആറ് റോഡ് അണ്ടര്‍ ബ്രിഡ്ജുകളും പാതയുടെ ഭാഗമാണ്. ശരിക്കും ഒരു എന്‍ജിനീയറിങ് വിസ്മയം.
ടൂറിസം രംഗത്ത് സാധ്യതകളേറെ
മിസോറാമിന് ടൂറിസം രംഗത്ത് നിരവധി സാധ്യതകളുണ്ട്. പച്ചപ്പു നിറഞ്ഞ കുന്നുകളില്‍ സ്ഥിതി ചെയ്യുന്ന മിസോറം, ഊര്‍ജസ്വലമായ സംസ്‌കാരത്തിന്റെയും, അതിശയിപ്പിക്കുന്ന പ്രകൃതി ദൃശ്യങ്ങളുടെയും, ഊഷ്മളമായ ആതിഥ്യമര്യാദയുടെയും നാടാണ്. രാജ്യത്തെ മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ താരതമ്യേന പ്രയോജനപ്പെടുത്താത്തതും അസംഘടിതവുമാണ് ഇവിടുത്തെ ടൂറിസം മേഖല. അതിന്റെ പ്രധാന കാരണം കണക്ടിവിറ്റി ഇല്ലായിരുന്നു എന്നതു തന്നെയാണ്. മോദി സര്‍ക്കാര്‍ റെയില്‍വേ മിസോറാമിലേക്ക് എത്തിച്ചതോടെ കണക്ടിവിറ്റി പ്രശ്‌നത്തിന് ഒരു പരിധിവരെ പരിഹാരമായി. വൈവിധ്യമാര്‍ന്ന സസ്യജന്തുജാലങ്ങളുടെയും ആവാസ കേന്ദ്രമാണ് സംസ്ഥാനം, ഇത് പ്രകൃതിസ്‌നേഹികള്‍ക്കും പക്ഷിനിരീക്ഷകര്‍ക്കും ഇഷ്ടപ്പെടും. മിസോറാമിന്റെ വൈവിധ്യമാര്‍ന്ന ഭൂപ്രകൃതി സാഹസിക പ്രവര്‍ത്തനങ്ങള്‍ക്ക് ധാരാളം അവസരങ്ങള്‍ നല്‍കുന്നു. കുന്നുകളിലൂടെയുള്ള ട്രെക്കിങ്, മൗണ്ടന്‍ ബൈക്കിങ്, റോക്ക് ക്ലൈംബിംഗ് എന്നിവയ്‌ക്കെല്ലാം മിസോറാം നല്ല കേന്ദ്രമാണ്. പ്രകൃതി സൗന്ദര്യവും സാംസ്‌കാരിക പൈതൃകവും സംരക്ഷിക്കാനാണ് മിസോ ജനത എന്നും ആഗ്രഹിക്കുന്നത്. അവരുടെ ഗോത്രസംസ്‌കാരത്തിന് കേടുവരുന്നതൊന്നും അനുവദിക്കില്ല. അതിനാല്‍ തന്നെ പരിസ്ഥിതി ടൂറിസമാണ് മിസോറാമിന് കൂടുതല്‍ ചേരുക. കമ്മ്യൂണിറ്റി അധിഷ്ഠിത ടൂറിസം സംരംഭങ്ങള്‍ പ്രാദേശിക സമൂഹങ്ങളെ ശാക്തീകരിക്കും. അടിസ്ഥാന സൗകര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെട്ടാല്‍ ടൂറിസം രംഗത്ത് അനന്ത സാധ്യതകളാണ് മിസോറാമിനെ കാത്തിരിക്കുന്നത്. അതിന്റെ ആദ്യ ചുവടുവയ്‌പ്പാണ് തീവണ്ടിയുടെ വരവ്.

കൂടുതല്‍ സ്വകാര്യമേഖല വരണം
ടൂറിസം രംഗത്ത് സ്വകാര്യ സംരംഭകര്‍ കൂടുതലായിവരുമ്പോഴാണ് അത്ഭുതങ്ങളുണ്ടാകുന്നത്. കേരളം തന്നെയെടുക്കാം. സ്വകാര്യ സംരംഭകര്‍ അടിസ്ഥാന മേഖലകളില്‍ നിരവധി പദ്ധതികള്‍ കൊണ്ടുവന്നപ്പോഴാണ് മാറ്റം കൂടുതലുണ്ടായത്. കേരളത്തിലെ ബാക്ക് വാട്ടര്‍ ടൂറിസം രംഗത്ത് സ്വകാര്യ സംരംഭകരുടെ സംഭാവന വളരെ വലുതാണ്. ഹോട്ടലുകള്‍, വിമാനത്താവളങ്ങള്‍, റിസോര്‍ട്ടുകള്‍ എന്നിവയെല്ലാം അങ്ങനെയാണ് സാധ്യമാകുന്നത്. എല്ലാം വളരുന്നത് കണക്ടിവിറ്റി കൂടുമ്പോഴാണ്. മിസോറാമിന്റെ പ്രകൃതി ഭംഗിയും കാലാവസ്ഥയും ആസ്വദിക്കാന്‍ പുറത്തു നിന്ന് സഞ്ചാരികളെത്തണമെങ്കില്‍ ഇവിടെയെത്താനുള്ള വഴികള്‍ എളുപ്പമാകണം. അതിപ്പോള്‍ മോദി സര്‍ക്കാര്‍ തുടങ്ങിക്കഴിഞ്ഞു. സൈരാങ് വരെയെത്തിയ തീവണ്ടി ഐസ്വാളില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെയുള്ള മ്യാന്‍മര്‍ അതിര്‍ത്തിവരെ എത്തും. കലദാന്‍ പദ്ധതികൂടി യാഥാര്‍ത്ഥ്യമാകുന്നതോടെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളുടെ മുഖച്ഛായ മാറും.

ഭാരതത്തിനും മ്യാന്‍മറിനും ഇടയില്‍ ഒരു മള്‍ട്ടിമോഡല്‍ ഗതാഗത പദ്ധതിയാണ് കലദാന്‍ പദ്ധതി. ഇത് കൊല്‍ക്കത്ത തുറമുഖത്തെ മ്യാന്‍മറിലെ സിറ്റ്‌വെ തുറമുഖം, കലദാന്‍ നദി, ഭാരത-മ്യാന്‍മര്‍ അതിര്‍ത്തിയിലെ സോറിന്‍പുയിയിലേക്കുള്ള റോഡ് എന്നിവ വഴി വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുമായി ബന്ധിപ്പിക്കുന്നു. ഗതാഗത സമയവും ചരക്കുഗതാഗത ചെലവും കുറയ്‌ക്കുമെന്ന് പ്രതീക്ഷിക്കുന്ന ഈ പദ്ധതി 2027 ഓടെ പൂര്‍ണ്ണമായും പ്രവര്‍ത്തനക്ഷമമാകും.
കൃഷി പ്രധാന വരുമാനമാര്‍ഗം
മിസോ ജനതയുടെ പ്രധാന വരുമാനമാര്‍ഗം കൃഷിതന്നെയാണ്. പരമ്പരാഗതമായി മിസോ ജനത കര്‍ഷകരാണ്. നല്ലയിനം നെല്ലുവര്‍ഗ്ഗങ്ങളും പഴങ്ങളും പച്ചക്കറികളും കൃഷി ചെയ്യുന്നു. നൂറു ശതമാനം ജൈവ കൃഷിയാണെന്നതാണ് പ്രത്യേകത. പുരാതനകാലം മുതല്‍ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ വിഷരഹിത ഉല്പന്നങ്ങള്‍ വിളവെടുക്കുന്നു. മിസോറാം ഇന്നും അതു പിന്തുടരുന്നു. ഒരുപക്ഷേ കണക്ടിവിറ്റി പ്രശ്‌നം കാരണം മറ്റു പുരോഗതിയൊന്നും ഇവിടേക്ക് വരാത്തതിനാലാകാം അത്. ഫാക്ടറികളോ വന്‍കിട തൊഴില്‍ സ്ഥാപനങ്ങളോ ഇല്ലാത്തതിനാല്‍ ഏറ്റവും കുറവ് മലിനീകരണമുള്ള സംസ്ഥാനവും മിസോറാമാണ്. കൂടുതല്‍ പുരോഗമനം അതിനൊക്കെ മാറ്റമുണ്ടാക്കിയേക്കാം. ജൈവരീതിയില്‍ കൃഷി ചെയ്‌തെടുക്കുന്ന പച്ചക്കറികള്‍ക്കും ധാന്യങ്ങള്‍ക്കും പഴവര്‍ഗ്ഗങ്ങള്‍ക്കും മിസോറാമിന് പുറത്ത് നല്ല വിപണി സാധ്യതകളുണ്ട്. അതും കണക്ടിവിറ്റിയുമായി ബന്ധപ്പെട്ടാണ് സാധ്യമാകുന്നത്.
വെല്ലുവിളികള്‍
മിസോ യുവജനങ്ങളില്‍ നാല്പത് ശതമാനം മയക്കുമരുന്നിന് അടിമകളാണെന്നതാണ് മിസോറാം നേരിടുന്ന പ്രധാന വെല്ലുവിളി. മിസോറാമിന്റെ അതിര്‍ത്തിയുടെ 80ശതമാനത്തിലധികവും ബംഗ്ലാദേശുമായും മ്യാന്‍മറുമായും ആണ് പങ്കിടുന്നത്. മ്യാന്‍മര്‍ അതിര്‍ത്തി 510 കിലോമീറ്റര്‍ നീളുന്നു. ഗോള്‍ഡന്‍ ട്രയാങ്കിളില്‍പ്പെട്ട മ്യാന്‍മറില്‍ നിന്നാണ് മിസോറാമിലേക്ക് മയക്കുമരുന്നെത്തുന്നത്. മ്യാന്‍മറിന്റെ വരുമാനം ഈ കച്ചവടമാണ്. മയക്കുമരുന്ന് വില്പനക്കാരുടെ എണ്ണവും വളരെ കൂടുതലാണ്.

ആവശ്യക്കാരേറെയുള്ളതിനാല്‍ ചെറിയവിലയ്‌ക്ക് മ്യാന്‍മറില്‍ നിന്നെത്തിക്കുന്ന മയക്കുമരുന്ന് കൂടിയ വിലക്ക് വിറ്റ് അവര്‍ പണക്കാരാകുന്നു. മിസോറാമില്‍ നിന്ന് ഈ മയക്കുമരുന്ന് ഭാരതത്തിന്റെ മറ്റ് സംസ്ഥാനങ്ങളിലും എത്തുന്നുണ്ട്. മിസോ യുവജനതയുടെ മയക്കുമരുന്നുപയോഗം ആ നാടിനെ തന്നെ ഇല്ലാതാക്കുന്നതിനു മുമ്പ് അതു തടയേണ്ടതുണ്ട്. വിവിധ ഏജന്‍സികള്‍ ചിലപ്പോഴെല്ലാം മയക്കുമരുന്നു പിടികൂടുന്നുണ്ട്. എന്നാല്‍ പിടികൂടുന്നതിന്റെ ഇരട്ടി വിപണിയിലെത്തുന്നുമുണ്ട്.
















