ഹൈദരാബാദ്: രാഹുല്‍ ഗാന്ധിക്ക് ഇന്ത്യയെക്കുറിച്ച് വേണ്ടത്ര കാഴ്ചപ്പാടില്ലെന്ന വിമര്‍ശനമുയര്‍ത്തി തെലുങ്കാന രാഷ്‌ട്രസമിതി നേതാവ് കെടിആര്‍. ബിജെപി മുന്നോട്ടുവെയ്‌ക്കുന്ന രാഷ്‌ട്രീയത്തിന് ബദലാകാന്‍ കോണ്‍ഗ്രസിന് ഒരിയ്‌ക്കലും സാധിച്ചിട്ടില്ലെന്നും കെടിആര്‍ വിമര്‍ശിച്ചു.
ചെന്നൈയില്‍ ശിവ് നാടാര്‍ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച ഇഗ്നിഷന്‍ ഉച്ചകോടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കെടിആര്‍. കോണ്‍ഗ്രസ് ഒരിയ്‌ക്കലും ഒരു ദേശീയ പ്രതിപക്ഷപാര്‍ട്ടിയായി നിലകൊള്ളാന്‍ സാധിച്ചിട്ടില്ലെന്നും കെടിആര്‍ പറഞ്ഞു.
ഇന്ത്യയുടെ ഭാവിയ്‌ക്ക് വേണ്ടിയുള്ള ഒരു ദീര്‍ഘകാലകാഴ്ചപ്പാട് രാഹുല്‍ ഗാന്ധിയ്‌ക്കില്ല. സമ്പദ്ഘടന, തൊഴില്‍ സൃഷ്ടിക്കല്‍, നവീനത, വ്യാവസായിക വളര്‍ച്ച തുടങ്ങി രാജ്യത്തിന്റെ സമ്പദ്ഘടനയുടെ പ്രധാന തൂണുകളെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാട് രാഹുല്‍ ഗാന്ധിയ്‌ക്കില്ല. രാഹുല്‍ ഗാന്ധിയുടെ ഈ കാഴ്ചപ്പാടില്ലായ്‌മയാണ് മോദിയുടെ പ്രധാന ശക്തിയായി മാറിയതെന്നും കെടിആര്‍ ചൂണ്ടിക്കാട്ടി. ബിജെപിയെ എതിര്‍ക്കാന്‍ വിശ്വസനീയമായ ഒരു അജണ്ടയും കോണ്‍ഗ്രസിന് മുന്നോട്ടുവെയ്‌ക്കാനായില്ല. അതുവഴി വിവിധ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന്റെ കാല്‍ക്കീഴിലെ മണ്ണ് ഒലിച്ചുപോയി. – കെടിആര്‍ അഭിപ്രായപ്പെട്ടു.
രാഹുല്‍ ഗാന്ധി ഈയിടെ നടത്തിയ തെലുങ്കാന പര്യടനത്തിനിടയില്‍ മുന്‍ തെലുങ്കാന വ്യവസായമന്ത്രിയായ കെടിആറിനെ ശക്തമായി വിമര്‍ശിച്ചിരുന്നു. കാലേശ്വരം പദ്ധതിയില്‍ 1 ലക്ഷം കോടിയുടെ അഴിമതി നടന്നുവെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു. എന്നാല്‍ കാലേശ്വരം പദ്ധതിയ്‌ക്ക് ഇത്ര തുക പോലുമായിട്ടില്ലെന്നും പിന്നെങ്ങിനെയാണ് അതിനേക്കാള്‍ വലിയ തുകയ്‌ക്ക് അഴിമതി നടക്കുന്നതെന്നും ഇക്കാര്യങ്ങളെക്കുറിച്ചെല്ലാം രാഹുല്‍ ഗാന്ധിയ്‌ക്ക് അജ്ഞതയുണ്ടെന്നും കെടിആര്‍ പറഞ്ഞു.















