തിരുവനന്തപുരം: ലൈംഗിക പീഡന കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ ബുധനാഴ്ച പരിഗണിക്കാനിരിക്കെ പുതിയ ഹര്‍ജി നല്‍കി രാഹുല്‍ മാങ്കൂട്ടത്തില്‍. അടച്ചിട്ട കോടതി മുറിയില്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗണിക്കണമെന്നാണ് തിരുവനന്തപുരം സെഷന്‍സ് കോടതിയില്‍ നല്‍കിയ ഹര്‍ജിയിലെ ആവശ്യം.
ബിഎന്‍സ് 366 വകുപ്പ് പ്രകാരമാണ് എം എല്‍ എയുടെ ഹര്‍ജി.കോടതി നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് വിലക്ക് ഏര്‍പ്പെടുത്താന്‍ ഈ വകുപ്പ് പ്രകാരം കഴിയും. വാര്‍ത്ത കൊടുക്കുന്നതിന് കോടതിയുടെ മുന്‍കൂര്‍ അനുമതി ആവശ്യപ്പെടാം. ബലാത്സംഗ കേസുകളില്‍ കോടതിക്ക് ഇതില്‍ ഇളവ് വരുത്താനാകും. പ്രതിയുടെയോ ഇരയുടെയോ പേര് ഒഴിവാക്കി വാര്‍ത്ത നല്‍കാന്‍ കോടതിക്ക് അനുമതി നല്‍കാം. അടച്ചിട്ട കോടതിയില്‍ കേസ് പരിഗണിക്കണമെന്ന് പ്രോസിക്യൂഷനും ആവശ്യപ്പെട്ടിട്ടുണ്ട്.
അതിനിടെ, പാലക്കാട് തുടരുന്ന പ്രത്യേക അന്വേഷണ സംഘം വീണ്ടും രാഹുലിന്റെ ഫ്‌ലാറ്റിലെത്തി. ഫ്‌ലാറ്റ് കെയര്‍ടേക്കറുടെ മൊഴി രേഖപ്പെടുത്തി. സിസിടിവി ദൃശ്യങ്ങള്‍ കെയര്‍ടേക്കറെ സ്വാധീനിച്ച് എം എല്‍ എയും സംഘവും നശിപ്പിച്ചെന്ന നിഗമനത്തിലാണ് എസ്‌ഐടി.ഇക്കാര്യങ്ങളിലടക്കം കൂടുതല്‍ വിവരങ്ങള്‍ തേടുന്നതിനായാണ് കെയര്‍ ടേക്കറുടെ മൊഴിയെടുത്തത്. കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് 4.30 ഓടെ ഫ്‌ലാറ്റില്‍ നിന്ന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോയെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ വ്യാഴാഴ്ച വൈകിട്ട് ഫ്‌ലാറ്റില്‍ എത്തിയതിനെ കുറിച്ച് അറിയില്ലെന്നുമാണ് കെയര്‍ടേക്കര്‍ മൊഴി നല്‍കിയത്. സിസിടിവി സംവിധാനത്തില്‍ യാതൊരു ഇടപെടലും നടത്തിയിട്ടില്ലെന്ന് കെയര്‍ടേക്കര്‍ പറഞ്ഞു.
















