ബംഗളുരു: അധികാര തർക്കത്തിനിടെ,ഐക്യത്തിന്റെ പ്രകടമായ പ്രകടനമായി, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ചൊവ്വാഴ്ച ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റെ വസതിയിൽ പ്രഭാതഭക്ഷണത്തിനായി എത്തി. ശിവകുമാറിന്റെ സദാശിവനഗറിലെ വസതിയിലേക്കെത്തിയ സിദ്ധരാമയ്യയെ ശിവകുമാറും സഹോദരനും മുൻ കോൺഗ്രസ് എംപിയുമായ ഡി.കെ സുരേഷും സ്വീകരിച്ചു.
കോൺഗ്രസ് ഹൈക്കമാൻഡിന്റെ നിർദ്ദേശപ്രകാരമാണ് പ്രഭാതഭക്ഷണ യോഗം നടക്കുന്നത്. ഇന്നത്തെ യോഗത്തിന്റെ രാഷ്‌ട്രീയ പ്രത്യാഘാതങ്ങൾ കോൺഗ്രസ് ഉറ്റുനോക്കുകയാണ്. മൂന്ന് ദിവസം മുമ്പ് ശിവകുമാർ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ സമാനമായ ഒരു പ്രഭാതഭക്ഷണ യോഗത്തിനായി എത്തിയിരുന്നു. തുടർന്ന് മാധ്യമങ്ങളെ കണ്ട നേതാക്കൾ സംസ്ഥാന കോൺഗ്രസിൽ ഗ്രൂപ്പുകളൊന്നുമില്ലെന്നും ഇരുവരും “സഹോദരന്മാരെപ്പോലെ”യാണ് പ്രവർത്തിക്കുന്നതെന്നുമാണ് പറഞ്ഞത്. ആശയകുഴപ്പങ്ങൾ സൃഷ്ടിക്കുന്നത് മാധ്യമങ്ങളാണെന്ന കുറ്റപ്പെടുത്തലും നടത്തി.
താനും മുഖ്യമന്ത്രിയും ഒരു ടീമായി ഒരുമിച്ച് പ്രവർത്തിക്കുന്നത് തുടരുമെന്ന് പറഞ്ഞ ശിവകുമാർ, കർണാടകയ്‌ക്ക് നൽകിയ വാഗ്ദാനങ്ങൾ നിറവേറ്റുന്നതിനുള്ള കൂട്ടായ ശ്രമങ്ങളെക്കുറിച്ച് ചർച്ച ചെയ്യാനും ശക്തിപ്പെടുത്താനും വേണ്ടിയാണ് സിദ്ധരാമയ്യയെ പ്രഭാതഭക്ഷണത്തിന് ക്ഷണിച്ചതെന്നും പറയുന്നു. ഇരുവരുടെയും നേതൃത്വത്തർക്കം അവസാനിപ്പിക്കാനുള്ള ഹൈക്കമാൻഡിന്റെ നീക്കമായാണ് ഈ സംഭവങ്ങളെ കാണുന്നത്, പ്രത്യേകിച്ച് ഡിസംബർ 8 മുതൽ നിയമസഭാ സമ്മേളനം ആരംഭിക്കുന്നതിന് മുമ്പ് തർക്കം തീർക്കാനാണ് ശ്രമം.
















