തിരുവനന്തപുരം: മസാല ബോണ്ട് ഇടപാട് എല്ലാ നിയമങ്ങളും പാലിച്ചാണ് നടത്തിയതെന്ന് സിപി എം കേന്ദ്രകമ്മിറ്റി അംഗവും മുൻ മന്ത്രിയുമായ തോമസ് ഐസക്. ബോണ്ട് ഇറക്കിയത് ആർബിഐയുടെ അനുവാദത്തോടെയാണ്. തെരഞ്ഞെടുപ്പ് സമയത്തുള്ള ഇഡിയുടെ നോട്ടീസ് ബിജെപിക്കും, യുഡിഎഫിനും വേണ്ടിയാണെന്നും തോമസ് ഐസക് ആരോപിച്ചു.
മസാല ബോണ്ട് ഉപയോഗിച്ച് ഭൂമി വാങ്ങിയിട്ടില്ല, ഏറ്റെടുക്കുകയാണ് ചെയ്തത്. ഇതു രണ്ടും രണ്ടാണ്. ആർബിഐ ഭൂമി ഏറ്റെടുക്കാൻ അനുമതി നൽകിയിട്ടുണ്ട്. ഇഡി നടത്തുന്നത് രാഷ്‌ട്രീയ കളിയാണെന്ന് തോമസ് ഐസക് ആരോപിച്ചു. ഇത്രയും കോടിയുടെ ഇടപാട് നടക്കുമ്പോൾ എന്തെങ്കിലും കൈക്കലാക്കിയിരിക്കും എന്നാണ് അവർ കരുതിയത്. ആ കേസിൽ തന്നെ വിളിപ്പിക്കാതെ അന്വേഷണം പൂർത്തിയാക്കി. അതിന് ശേഷമാണ് അഡ്‌ജുഡിക്കേഷൻ അതോറിറ്റിയിൽ കുറ്റപത്രം സമർപ്പിച്ചത്. അതിന്റെ കാരണം കാണിക്കൽ നോട്ടീസാണ് തനിക്കും മുഖ്യമന്ത്രിക്കും അടക്കം അയച്ചിരിക്കുന്നത്.
ഈ മസാല ബോണ്ട് വഴി എടുത്ത 2600 കോടിയിൽ ഒരു ഭാഗം ഭൂമിയേറ്റെടുക്കാൻ ഉപയോഗിച്ചിട്ടുണ്ട്. ആകെയുള്ളത് ഭൂമി വാങ്ങിയിരിക്കുന്നു എന്നതാണ്. ഉത്തരം ലളിതമാണ്. ഭൂമി വാങ്ങിയിട്ടില്ല. ഭൂമി ഏറ്റെടുക്കുകയാണ് ചെയ്തത്. ഭൂമി വാങ്ങരുതെന്ന നിബന്ധന ആർബിഐ മാറ്റിയിട്ടുള്ളത്. പ്രഥമദൃഷ്ട്യാ തള്ളുന്ന കാര്യത്തിലാണ് നോട്ടീസ് നൽകിയിരിക്കുന്നത്. ബിജെപിക്കുള്ള പാദസേവയാണ് ഇഡി ചെയ്യുന്നതെന്നും തോമസ് ഐസക് കുറ്റപ്പെടുത്തി.
















