ന്യൂദല്‍ഹി: പ്രത്യേക സംരക്ഷണം തേടി എന്‍ഐഎ കസ്റ്റഡിയിലുള്ള കുപ്രസിദ്ധ കുറ്റവാളി അന്‍മോല്‍ ബിഷ്‌ണോയ് കോടതിയില്‍ ഹര്‍ജി നല്‍കി. പാകിസ്ഥാനിലെ അധോലോക കുറ്റവാളി ഷെഹ്‌സാദ് ഭട്ടിയില്‍ നിന്ന് ഭീഷണി നേരിടുന്നുവെന്ന് കാണിച്ചാണ് ഹര്‍ജി സമര്‍പ്പിച്ചത്.
എന്‍സിപി നേതാവ് ബാബ സിദ്ദീഖിയുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് എന്‍ഐഎ അന്‍മോലിനെ കസ്റ്റഡിയിലെടുത്തത്. എന്‍ഐഎ ആസ്ഥാനത്ത് നിന്ന് കോടതിയിലേക്ക് പോകുമ്പോള്‍ ബുള്ളറ്റ് പ്രൂഫ് വാഹനവും ജാക്കറ്റും, വധഭീഷണി കണക്കിലെടുത്ത് പ്രത്യേക പരിശോധനകളും വേണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.
അതേസമയം അന്‍മോലിന്റെ കസ്റ്റഡി കാലാവധി എന്‍ഐഎ സ്‌പെഷല്‍ ജഡ്ജി പ്രശാന്ത് ശര്‍മ ഡിസംബര്‍ അഞ്ചുവരെ നീട്ടി.
കുപ്രസിദ്ധ അധോലോക കുറ്റവാളി ലോറന്‍സ് ബിഷ്‌ണോയിയുടെ സഹോദരനാണ് അന്‍മോല്‍. കഴിഞ്ഞ ദിവസം യുഎസില്‍ നിന്ന് നാടുകടത്തിയ ഇയാളെ എന്‍ഐഎ അറസ്റ്റ് ചെയ്യുകയായിരുന്നു. പഞ്ചാബി ഗായകന്‍ സിദ്ദൂ മൂസ്വാലയുടെ കൊലപാതകത്തിലും പ്രതിയാണ്. സല്‍മാന്‍ ഖാന്റെ മുംബൈ ബാന്ദ്രയിലെ വസതിയ്‌ക്കു നേരെ വെടിയുതിര്‍ത്ത സംഭവത്തിനു പിന്നിലും ഇയാളാണെന്ന് സൂചനകളുണ്ട്. ബിഷ്‌ണോയ് സംഘത്തില്‍ നിന്ന് അറസ്റ്റിലാകുന്ന 19-ാമത്തെ പ്രതിയാണ് അന്‍മോല്‍ ബിഷ്‌ണോയ്.
















