കണ്ണൂര്‍: പറശ്ശിനി മടപ്പുര മുത്തപ്പന്‍ ക്ഷേത്രത്തിലെ പുത്തരി തിരുവപ്പന മഹോത്സവത്തിന് ഡിസം. രണ്ടിന് രാവിലെ 9.47 നും 10.10 നും മദ്ധ്യേയുള്ള മുഹൂര്‍ത്തത്തില്‍ കൊടിയേറും.
പി.എം. സതീശന്‍ മടയന്റെ സാന്നിദ്ധ്യത്തില്‍ മാടമന ഇല്ലത്ത് നാരായണന്‍ തമ്പ്രാക്കള്‍ കൊടിയേറ്റുന്നതോട് കൂടി ഉത്സവത്തിന് തുടക്കം കുറിക്കും. ഉച്ചയ്‌ക്ക് തറവാട്ടിലെ മുതിര്‍ന്ന സ്ത്രീ വ്രതശുദ്ധിയോടെ തയാറാക്കിയ നിവേദ്യങ്ങള്‍ ശ്രീകോവിലില്‍ സമര്‍പ്പിക്കും. മൂന്നു മണി മുതല്‍ മലയിറക്കല്‍ കര്‍മ്മം. 3.30 മുതല്‍ തയ്യില്‍ തറവാട്ടുകാരുടെ പൂര്‍വിക ആയോധനകലാ അഭ്യാസത്തോടെയുള്ള കാഴ്ചവരവ് ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതോടുകൂടി തലശ്ശേരി, കോഴിക്കോട് എന്നിവിടങ്ങളിലെ പതിനഞ്ചോളം ദേശക്കാരുടെ വര്‍ണ്ണപ്പകിട്ടാര്‍ന്ന കാഴ്‌ച്ച വരവുകള്‍ മുത്തപ്പ സന്നിധിയില്‍ പ്രവേശിക്കും.
സന്ധ്യക്ക് മുത്തപ്പന്റെ വെള്ളാട്ടവും തുടര്‍ന്ന് അന്തിവേലക്ക് പറശ്ശിനി മടപ്പുര കുടുംബംഗങ്ങളും കഴകക്കാരും കുന്നുമ്മല്‍ തറവാട്ടിലേക്ക് കലശം എഴുന്നള്ളിക്കുന്നതിനായി പുറപ്പെടുന്നു. ശേഷം പഞ്ചവാദ്യസംഘത്തോടു സഹിതം കലശം എഴുന്നള്ളിച്ചു മടപ്പുരയില്‍ പ്രവേശിക്കും. ഡിസംബര്‍ 3ന് പുലര്‍ച്ചെ 5.30 ന് തിരുവപ്പന കെട്ടിയാടും. തുടര്‍ന്ന് രാവിലെ 10 മണിയോടുകൂടി തയ്യില്‍ തറവാട്ടുകാരെയും വിവിധ ദേശങ്ങളില്‍ നിന്ന് വന്ന കാഴ്ചവരവുകാരെയും മുത്തപ്പന്‍ അനുഗ്രഹിച്ച് യാത്രയാക്കും.
ഉത്സവത്തോടനുബന്ധിച്ച് മുത്തപ്പന്‍ കഥകളിയോഗം വക കേരളത്തിലെ കഥകളി കലാകാരന്‍മാരെ ഉള്‍പ്പെടുത്തി അഞ്ചിന് കുചേല വൃത്തം, കിരാതം ആറിന് കല്ല്യാണസൗഗന്ധികം എന്നീ കഥകളിയുമുണ്ടാകും. ഡിസംബര്‍ ആറിന് കലശാട്ടോടുകൂടി ഉത്സവത്തിന് കൊടിയിറങ്ങും.












