തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനോട് അപവാദങ്ങളില്‍ പതറാതെയും വ്യക്തിഹത്യയില്‍ തകരാതെയും ജാഗ്രതയോടെ മുന്നോട്ടു പോകാന്‍ ഉപദേശിച്ച് കോണ്‍ഗ്രസ് മുഖപത്രം. തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ സിപിഎമ്മില്‍ പടര്‍ന്നുപിടിക്കുന്ന അതിസാരവും ഛര്‍ദിയുമാണ് എതിരാളികള്‍ക്കെതിരെയുള്ള വ്യാജമായ ലൈംഗിക ആരോപണങ്ങളെന്നും മുഖപത്രത്തിന്‌റെ എഡിറ്റോറിയലില്‍ പറയുന്നു. രാഹുലടക്കമുള്ളവര്‍ കോണ്‍ഗ്രസിന്റെ കത്തുന്ന സൂര്യന്മാരാണ്. മറ്റ് പാര്‍ട്ടികള്‍ക്കില്ലാത്ത മികച്ച വിത്തുഗുണത്തെ ചവിട്ടിയരച്ച് കുലമൊടുക്കുകയാണ് ഇത്തരം രാഷ്‌ട്രീയപ്രേരിത ആരോപണങ്ങളുടെയും വ്യക്തിഹത്യയുടെയും ലക്ഷ്യമെന്നും എഡിറ്റോറിയല്‍ പറയുന്നു.
രാഹുലിന്റെ തലമുറയില്‍പ്പെട്ട ഒരുപറ്റം ചെറുപ്പക്കാര്‍ കോണ്‍ഗ്രസില്‍ വളര്‍ന്നു വരുന്നത് സിപിഎം ഭീതിയോടെ കാണുന്നു. രാഷ്‌ട്രീയ സര്‍ഗാത്മകതയും പ്രജ്ഞാശേഷിയുമുള്ള ചെറുപ്പക്കാര്‍ വളര്‍ന്നുവന്നാല്‍ അത് സിപിഎമ്മിനെ ഗോത്രഹത്യയിലേക്ക് എടുത്തെറിയുമെന്ന് സിപിഎം തിരിച്ചറിഞ്ഞിട്ടുണ്ട്. നിയമസഭാ നടപടിക്രമങ്ങളില്‍ ഭരണപക്ഷത്തെ നിരായുധരും വിഷണ്ണരുമാക്കുന്നതില്‍ പ്രാവീണ്യം തെളിയിച്ചവരാണ് അരഡസനിലേറെ വരുന്ന കോണ്‍ഗ്രസിന്റെ ഈ കത്തുന്ന സൂര്യന്മാര്‍ എന്ന് പത്രം പ്രശംസിക്കുന്നുമുണ്ട്.
















