നെയ്യാറ്റിന്‍കര: നഗരസഭ വഴിയടച്ചു പൂട്ടിയ ആറാലുംമൂട് ശിവപുരം മഹാദേവ ക്ഷേത്രത്തില്‍ മുന്‍ മിസോറാം ഗവര്‍ണ്ണര്‍ കുമ്മനം രാജശേഖരന്‍ സന്ദര്‍ശനം നടത്തി. ഭക്തരുടെ അറിവോ സമ്മതമോ കൂടാതെ ഏകപക്ഷീയമായി ധാര്‍ഷ്ഠ്യത്തോടെ ക്ഷേത്ര നടവഴി അടച്ചുപൂട്ടിയത് ഭക്തരുടെ മതസ്വാതന്ത്ര്യത്തിനു മേലുള്ള നഗരസഭയുടെ കടന്നുകയറ്റമാണെന്ന് അദ്ദേഹം പ്രതികരിച്ചു.
ആരാധനാ സ്വാതന്ത്ര്യം ഭക്തരുടെ മൗലികാവകാശമാണ്. നെയ്യാറ്റിന്‍കര നഗരസഭ നിയമപരമായ മാര്‍ഗ്ഗം തേടണ്ടതായിരുന്നു. ശിവപുരത്തേത് ക്ഷേത്രമാണെന്ന് ആര്‍ക്കുമറിയാം, നാട്ടിലെ ജനങ്ങള്‍ തലമുറകളായി ആരാധിച്ചു വരുന്ന ഇടമാണ്. മതേതര ഭരണ സംവിധാനമായ, എല്ലാ മനുഷ്യനും മതസ്വാതന്ത്ര്യം ഉറപ്പാക്കാന്‍ ബാധ്യതയുള്ള നഗരസഭ ഭക്തരുടെ വിശ്വാസങ്ങളെ വ്രണപ്പെടുത്തുന്ന നിലപാടില്‍ നിന്ന് പിന്‍തിരിയണം.
തെറ്റ് മനസിലാക്കി വിശ്വാസികള്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശിക്കാനുള്ള അവസരം അടിയന്തിരമായി ഒരുക്കണം. അതിന് നഗരസഭ മുതിരാതെ വന്നാല്‍ ഭക്തജനങ്ങള്‍ക്ക് ക്ഷേത്രം സംരക്ഷിച്ച് നിലനിര്‍ത്താന്‍ മാര്‍ഗ്ഗതടസങ്ങള്‍ നീക്കുന്നതിന് പ്രത്യക്ഷ നടപടികള്‍ക്ക് മുതിരേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി അമ്പൂരി പ്രഭാകരന്‍, ബിജെപി സൗത്ത് ജില്ലാ സെക്രട്ടറി മുക്കംപാലമൂട് ബിജു ക്ഷേത്ര ഭരണസമിതി ഭാരവാഹികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
















