ന്യൂദല്‍ഹി: രാഹുലും പ്രിയങ്കയും അടക്കമുള്ള കോണ്‍ഗ്രസ് നേതൃത്വത്തെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് നേതാവ് ഫൈസല്‍ പട്ടേല്‍.
സോണിയ കുടുംബം കോണ്‍ഗ്രസ് നേതൃത്വം ഒഴിയണമെന്നാവശ്യപ്പെട്ട ഫൈസല്‍, രാഹുലും പ്രിയങ്കയും നേതൃത്വത്തില്‍ നിന്ന് മാറണമെന്നും അവര്‍ക്ക് രാഷ്‌ട്രീയം അറിയില്ലെന്നും ഒരു വാര്‍ത്താ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ തുറന്നടിച്ചു.
മുന്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും സോണിയയുടെ മനസാക്ഷി സൂക്ഷിപ്പുകാരനുമായിരുന്ന അന്തരിച്ച അഹമ്മദ് പട്ടേലിന്റെ മകനാണ് ഫൈസല്‍. ബീഹാറിലെ തോല്‍വിക്കു പിന്നാലെ ഫൈസലിന്റെ സഹോദരി മുംതാസ് പട്ടേല്‍ കോണ്‍ നേതൃത്വത്തിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. പിന്നാലെയാണ് ഫൈസലിന്റെ വിമര്‍ശനം.
പാര്‍ട്ടിക്ക് അടിക്കടി ഉണ്ടാകുന്ന തോല്‍വിക്കു കാരണം ഈ കുടുംബമാണ്. ഈ കുടുംബം കോണ്‍ഗ്രസിന് തന്നെ ബാധ്യതയാകുകയാണ്. രാഷ്‌ട്രീയം അറിയാത്ത രാഹുലും പ്രിയങ്കയുമാണ് തോല്‍വിക്ക് കാരണക്കാര്‍. ഒരു പ്രാപ്തിയും ഇല്ലാത്തവരാണ് ഇവര്‍.
അഹമ്മദ് പട്ടേല്‍ മരണമടഞ്ഞ സമയത്ത് പാര്‍ട്ടി ഞങ്ങള്‍ക്ക് ഒപ്പം നിന്നില്ല. സോണിയ എന്റെ അമ്മയെ വിളിച്ച് സംസാരിക്കുകയോ ആശ്വസിപ്പിക്കുകയോ ചെയ്തില്ല. ഭാരത ജോഡോ യാത്രയ്‌ക്കിടയില്‍ രാഹുല്‍ എന്നെ ഒന്നു വന്നു കണ്ടു എന്നു മാത്രം, ഫൈസല്‍ പറഞ്ഞു.
പാര്‍ട്ടിയെ നയിക്കാന്‍, ഈ കുടുംബാംഗങ്ങളേക്കാള്‍ 25 മടങ്ങ് യോഗ്യനാണ് ശശി തരൂര്‍. തരൂരിനെ പാര്‍ട്ടി നേതൃസ്ഥാനത്ത് നിയമിക്കണം. സോണിയ കുടുംബം പ്രതിപക്ഷ സ്ഥാനത്തിനു തന്നെ അയോഗ്യരാണ്. ഒരു ബദലുണ്ടാക്കാന്‍ പോലും അവര്‍ക്ക് സാധിക്കുന്നില്ല. ഇവരുടെ, ഒരു നിയന്ത്രണവും ഇല്ലാത്ത ഉപദേശകരാണ് പാര്‍ട്ടിയെ തകര്‍ക്കുന്നത്.
ഇവര്‍ രാഹുലിനെ സ്വാധീനിക്കുന്നതിനാല്‍ പരിചയ സമ്പന്നരായ നേതാക്കള്‍ പോലും അകലുകയാണ്. ഭാരതം ചത്ത സമ്പദ് വ്യവസ്ഥയാണെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വാദത്തെ ശരിവെച്ച രാഹുലിന്റെ നടപടിയേയും ഫൈസല്‍ വിമര്‍ശിച്ചു.
ബിജെപിയുടെ നരേന്ദ്ര മോദിയും അമിത് ഷായും അടക്കമുള്ള നേതാക്കള്‍ കഠിനാധ്വാനികളാണ്. അവരുടെ നിരന്തരമായ കഠിനാധ്വാനമാണ് പാര്‍ട്ടിയെ വിജയിപ്പിക്കുന്നത്. ഡോ. ജയശങ്കറും നല്ല നേതാവാണ്. രാജ്യം ഇന്ന് സുരക്ഷിത കരങ്ങളിലാണ്, ഫൈസല്‍ തുടര്‍ന്നു.
















