പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ളയില്‍ തനിക്കു മാത്രമായി പങ്കില്ലെന്നും സര്‍ക്കാര്‍തല നിര്‍ദേശം പാലിക്കുക മാത്രമാണ് ചെയ്തതെന്നുമുള്ള ആദ്യ മൊഴി മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍ രണ്ടാം ചോദ്യം ചെയ്യലില്‍ വിഴുങ്ങി. കുറ്റം മുഴുവന്‍ തന്ത്രിക്കുമേല്‍ ചാരി പത്മകുമാര്‍ നടത്തിയ രണ്ടാം വെളിപ്പെടുത്തലുകള്‍ മുന്‍കൂട്ടി തയാറാക്കിയ തിരക്കഥയുടെ ഭാഗമാണെന്ന് എസ്‌ഐടി സംശയിക്കുന്നു. മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തിയ ‘ദൈവതുല്യര്‍’ തന്ത്രിയാണെന്നാണ് പത്മകുമാറിന്റെ മൊഴി. തന്ത്രിക്കും കീഴ്ശാന്തിമാര്‍ക്കും ദേവസ്വം ബോര്‍ഡ് ഗാര്‍ഡുമാര്‍ക്കുമെതിരേ ഒക്ടോബര്‍ 25ന് ശബരിമല സ്‌പെഷല്‍ കമ്മിഷണര്‍ക്ക് ലഭിച്ച കത്തിലെ കാര്യങ്ങള്‍ വള്ളിപുള്ളി വ്യത്യാസമില്ലാതെ രണ്ടാം ചോദ്യം ചെയ്യലില്‍ ആവര്‍ത്തിക്കുകയാണ് പത്മകുമാര്‍ ചെയ്തത്.
തിരുവല്ല സ്വദേശിയും പഴയ എസ്എഫ്‌ഐ നേതാവുമായ ശബരിമല മുന്‍ മേല്‍ശാന്തി എസ്.ഇ. ശങ്കരന്‍ നമ്പൂതിരിയുടെ പേരിലാണ് കത്ത് ലഭിച്ചത്. കത്തിലെ ഫോണ്‍ നമ്പര്‍ ട്രൂ കോളറില്‍ പരിശോധിച്ചപ്പോള്‍ ശങ്കരന്‍ നമ്പൂതിരിയുടെ പേരാണ് തെളിയുന്നത്. എത്ര വിളിച്ചാലും ഫോണെടുക്കുന്നില്ലെന്നത് സംശയം ജനിപ്പിക്കുന്നു. നിരപരാധിയെന്നു സ്ഥാപിച്ചെടുക്കാന്‍ പത്മകുമാര്‍ മുന്‍കൂട്ടി നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണോ കത്തെന്നും സംശയമുണ്ട്.
കത്തിലുള്ളതുപോലെ ശബരിമലയിലെ സ്ഥിരം സാന്നിധ്യമായ കുമ്പളം ബാലകൃഷ്ണന്‍ പോറ്റി, തലവടി മനോജ്, ആജീവനാന്ത കഴകക്കാരന്‍ രാധാകൃഷ്ണന്‍, ആത്രശേരി രാജന്‍ നമ്പൂതിരി, കുറിച്ചി നാരായണന്‍ നമ്പൂതിരി, വക്കീല്‍ മധു പോറ്റി, തന്ത്രിയുടെ സഹായി ഇഎംഎസ് എന്നറിയപ്പെടുന്നയാള്‍ എന്നിവര്‍ സന്നിധാനത്ത് നടത്തുന്ന അഴിമതിയെപ്പറ്റി പത്മകുമാറും വെളിപ്പെടുത്തി.
പ്രയാര്‍ ഗോപാലകൃഷ്ണന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരുന്നപ്പോള്‍ പുതിയ കൊടിമരത്തില്‍ സ്വര്‍ണം പൂശുന്നതിനു പറകളിളക്കി സന്നിധാനത്തു നിന്നു കടത്തിയതായും പത്മകുമാര്‍ പറഞ്ഞു. എന്നാല്‍ ഇതു ശരിയല്ലെന്ന് എസ്‌ഐടിക്കു വൃക്തമായിട്ടുണ്ട്.
















