ന്യൂദല്‍ഹി: ഫിലിപ്പൈന്‍സിലേക്കുള്ള അവസാനത്തേതും മൂന്നാമത്തേതുമായ ബ്രഹ്മോസ് മിസൈല്‍ ബാച്ച് അയയ്‌ക്കാന്‍ ഒരുങ്ങി ഇന്ത്യ. കപ്പല്‍ വഴിയും വിമാനം വഴിയുമാണ് അയയ്‌ക്കുന്നത്. ഇതോടെ 3300 കോടി രൂപയ്‌ക്ക് മൂന്ന് ബ്രഹ്മോസ് ബാറ്ററികള്‍ വാങ്ങാനുള്ള ഫിലിപ്പൈന്‍സുമായുള്ള കരാറാണ് ഇന്ത്യ പൂര്‍ത്തിയാക്കി.
2022ല്‍ ആണ് മൂന്ന് ബ്രഹ്മോസ് ബാറ്ററികള്‍ വാങ്ങാന്‍ ഫിലിപ്പൈന്‍സും ഇന്ത്യയുടം കരാറില്‍ ഒപ്പുവെച്ചത്. ഇതില്‍ ആദ്യത്തെ ബ്രഹ്മോസ് മിസൈല്‍ ബാറ്ററി 2024 ഏപ്രിലിലും രണ്ടാം ബാച്ച് 2025 ഏപ്രിലിലും ഇന്ത്യ അയച്ചിരുന്നു. ഇതോടെ 2022ല്‍ ഫിലിപ്പൈന്‍സും ഇന്ത്യയും ഒപ്പുവെച്ച ബ്രഹ്മോസ് മിസൈല്‍ കരാര്‍ ഇനി കടലാസിലെ കരാറല്ല, യാഥാര്‍ത്ഥ്യമായിക്കഴിഞ്ഞ കരാറാണ്. കൃത്യസമയത്ത് പ്രതിരോധക്കരാര്‍ നടപ്പാക്കുന്ന വിശ്വസിക്കാന്‍ കൊള്ളാവുന്ന ഏഷ്യയിലെ കരുത്തുറ്റ പ്രതിരോധശക്തിയായി ഇന്ത്യ മാറിയിരിക്കുന്നു.
കരയില്‍ നിന്നും തൊടുക്കാവുന്ന ബ്രഹ്മോസ് മിസൈല്‍ ആണ് ഫിലിപ്പൈന്‍സ് വാങ്ങിയത്. . മിസൈല്‍ തൊടുക്കാവുന്ന ലോഞ്ചറുകള്‍, കമാന്‍റ് വെഹിക്കിള്‍, അനുബന്ധ യൂണിറ്റുകള്‍ എന്നിവ ഉള്‍പ്പെട്ടതാണ് ബ്രഹ്മോസ് ബാറ്ററി. ഒരു ബ്രഹ്മോസ് ബാറ്ററിയില്‍ നാല് മൊബൈല്‍ ലോഞ്ചറുകളും ഓരോ ലോഞ്ചറുകളിലും മൂന്ന് മിസൈലുകളും ഉണ്ടാകും. ഈ നാല് ലോഞ്ചറുകള്‍ ഉള്‍പ്പെട്ട ഒരു ബാറ്ററിയില്‍ നിന്നും 12 ബ്രഹ്മോസ് മിസൈലുകള്‍ ഒന്നിനു പിറകെ മറ്റൊന്നായി തൊടുക്കാനാകും. ഇങ്ങിനെയുള്ള മൂന്ന് ബാറ്ററികളാണ് ഫിലിപ്പൈന്‍സ് വാങ്ങിയത്. ഇതില്‍ മൂന്നാമത്തെ ബാറ്ററിയാണ് ഇപ്പോള്‍ അയയ്‌ക്കുന്നത്.
തീരദേശപ്രതിരോധം, കരയില്‍ നിന്നും സമുദ്രത്തിലുള്ള ശത്രുവിന്റെ യുദ്ധക്കപ്പലുകള്‍ ആക്രമിക്കല്‍, ഭൗമ ആക്രമണം എന്നിവയാണ് ഈ കരയാക്രമണത്തിനുള്ള ബ്രഹ്മോസ് മിസൈല്‍ ബാറ്ററികള്‍ കൂടുതലായി ഉപയോഗിക്കുന്നത്. പൊടുന്നനെ ശത്രുകള്‍ക്ക് ഇതിനെ തടയാന്‍ കഴിയില്ല. ഒന്ന് ഇതിന്റെ അതിവേഗതയും ഭൂമിയുടെ നിരപ്പിന് സമാന്തരമായി അധികം ഉയരത്തിലല്ലാതെ പായുന്ന രീതിയുമാണ്. അതിനാല്‍ ശത്രുറഡാറുകള്‍ക്ക് എളുപ്പം പിടിക്കാനാകില്ല. ഒരു ബ്രഹ്മോസ് ബാറ്ററി യൂണിറ്റിന് 1100 കോടി രൂപ വീതം 3300 കോടി രൂപയ്‌ക്കാണ് മൂന്ന് ബ്രഹ്മോസ് ബാറ്ററി യൂണിറ്റുകള്‍ ഫിലിപ്പൈന്‍സ് സ്വന്തമാക്കിയത്.
















