ഇസ്ലാമബാദ്: അഫ്ഗാനിസ്ഥാനുമായുള്ള ബന്ധം പൂര്‍ണമായും തകര്‍ന്നു, പുനഃസ്ഥാപിക്കുന്നതിനായി ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടെന്ന് പാകിസ്ഥാന്‍ പ്രതിരോധ മന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ്. അഫ്ഗാനില്‍ പുതിയ ഭരണകൂടം അധികാരത്തിലെത്തിയപ്പോള്‍ അവര്‍ പാകിസ്ഥാനെ ആശ്രയിക്കുമെന്നാണ് വിചാരിച്ചത്, എല്ലാം കീഴ്‌മേല്‍ മറിഞ്ഞു. പാക് മാധ്യമമായ ജിയോ ന്യൂസിനോട് സംസാരിക്കുകയായിരുന്നു ഖ്വാജ.
താലിബാന്‍ കാബൂള്‍ പിടിച്ചെടുത്തതിന് പിന്നാലെ നേതാക്കളെ കണ്ട് സംസാരിക്കുകയും വ്യക്തിപരമായി അവരെ സ്വാഗതം ചെയ്യുകയും ചെയ്തു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വളര്‍ത്തിയെടുക്കുന്നതിനായി പലതവണ അഫ്ഗാന്‍ സന്ദര്‍ശിച്ചു. അതൊന്നും പ്രയോജനപ്പെട്ടില്ല. അഫ്ഗാനുമായുള്ള ബന്ധം മെച്ചപ്പെടുമെന്ന പ്രതീക്ഷ ഇനിയില്ല. മാറ്റത്തിനുള്ള യാതൊരു സാധ്യതയും കാണുന്നില്ല. അതേസമയം ഇസ്ലാമബാദുമായി സമീപകാലത്തുണ്ടായ സംഘര്‍ഷങ്ങള്‍ അഫ്ഗാനെ ആഗോളതലത്തില്‍ ഒറ്റപ്പെടുത്തുമെന്നും ഖ്വാജ പറഞ്ഞു.
കഴിഞ്ഞദിവസം അഫ്ഗാനിലെ ഖോസ്റ്റ് പ്രവിശ്യയിലുണ്ടായ പാക് ആക്രമണത്തില്‍ കുട്ടികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടെന്ന വാദം പാക് പ്രതിരോധ മന്ത്രി തള്ളി. ഞങ്ങള്‍ പ്രതികരിക്കുകയും തിരിച്ചടിക്കുകയും ചെയ്യാറുണ്ട്. എന്നാല്‍ സാധാരണക്കാരെ ലക്ഷ്യമിടാറില്ല. പാകിസ്ഥാന് പെരുമാറ്റച്ചട്ടങ്ങളും അച്ചടക്കവും പാരമ്പര്യവുമുള്ള ഒരു സൈന്യമുണ്ട്. താലിബാനെപ്പോലെ ഒരു അസംഘടിത കൂട്ടമല്ല ഞങ്ങള്‍. താലിബാന്‍ നേതൃത്വം മുമ്പ് പാകിസ്ഥാനില്‍ അഭയം തേടിയതിനേയും ഖ്വാജ പരോക്ഷമായി വിമര്‍ശിച്ചു.
















