വാഷിംഗ്ടൺ: അമേരിക്കയെ ഞെട്ടിച്ച്, വാഷിംഗ്ടൺ ഡിസിയിലെ വൈറ്റ് ഹൗസിന് സമീപം രണ്ട് വെസ്റ്റ് വിർജീനിയ നാഷണൽ ഗാർഡുകളെ വെടിവച്ചുകൊന്ന കേസിൽ പ്രതി അഫ്ഗാൻ പൗരനായ റഹ്മാനുള്ള ലകൻവാൾ (29) ആരാണെന്നറിയാമോ? 2021 ൽ അമേരിക്ക അഫ്ഗാനിലെ ദുരിതബാധിതരായവർക്ക് സഹായം ഉറപ്പാക്കാൻ നടത്തിയ ‘ഓപ്പറേഷൻ അലൈസ് വെൽക്കം റീസെറ്റിൽമെന്റ് പ്രോഗ്രാ’മിന്റെ ഭാഗമായി അഫ്ഗാനിസ്ഥാനിൽ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയ ആളാണ് റഹ്മാനുള്ള ലകൻവാൾ. 2001 ൽ തലിബാൻ ഭീകര നേതാവ് ബിൻ ലാദൻ അമേരിക്കയിൽ നടത്തിയ ട്വിൻ ടവർ ആക്രമണത്തെ തുടർന്ന് അമേരിക്ക തലിബാനെതിരേ നടത്തിയ ‘യുദ്ധ’മാണ് അവിടെ ജനജീവിതം വൻ ദുരന്തത്തിലെത്തിച്ചത്. ഈ ദുരിതം അന്താരാഷ്‌ട്ര ശ്രദ്ധയിലെത്തിയപ്പോൾ രാഷ്‌ട്രീയമായി മുഖം സംരക്ഷിക്കാനായിരുന്നു അമേരിക്കയുടെ ‘ഓപ്പറേഷൻ അലൈസ് വെൽക്കം റീസെറ്റിൽമെന്റ് പ്രോഗ്രാം.’
ഈ പദ്ധതിയുടെ മറവിൽ അഭയാർത്ഥികളായി കുടിയേറിയവരിൽ ഒരാളാണ് റഹ്മാനുള്ള. കുടിയേറ്റക്കാരനായ റഹ്മാനുള്ളയുയൈ വാഷിംഗ്ടണിലെ ബെല്ലിംഗ്ഹാമിലാണ് മറ്റുപലർക്കുമൊപ്പം അമേരിക്കൻ ഭരണകൂടം പുനരധിവസിപ്പിച്ചത്. റഹ്മാനുള്ള പക്ഷേ ഒറ്റയ്‌ക്കാണ് വൈറ്റ് ഹൗസ് ആക്രമണം നടത്തിയത്. ഇയാൾ എന്തുകാരണത്താലാണ് ഈ ആക്രമണത്തിന് തയാറായതെന്ന് വ്യക്തമായിട്ടില്ല.
ഉച്ചയ്‌ക്ക് 2:15 ഓടെ വടക്കുപടിഞ്ഞാറൻ ഡിസിയിലെ ഫരാഗട്ട് വെസ്റ്റ് മെട്രോ സ്‌റ്റേഷന് സമീപമാണ് വെടിവയ്‌പ്പ് നടന്നത്. റഹ്മാനുള്ള വാഹനത്തിലാണ് എത്തിയത്. ആദ്യം ഒരു വനിതാ ഗാർഡിന്റെ നെഞ്ചിലും പിന്നീട് തലയിലും വെടിയുതിർത്തു. തുടർന്ന് അയാൾ രണ്ടാമത്തെ ഗാർഡിന് നേരെ വെടിവെച്ചു. സമീപത്തുള്ള മൂന്നാമത്തെ നാഷണൽ ഗാർഡ് അംഗം ഇടപെട്ട് റഹ്മാനുള്ളയെ വെടിവച്ചു കീഴ്‌പ്പെടുത്തി.
വെടിയേറ്റ രണ്ട് ഗാർഡുകളുടെയും നില ഗുരുതരമാണ്, റഹ്മാനുള്ള ലകൻവാളിന് ഒന്നിലധികം വെടിയേറ്റിട്ടുണ്ട്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
സംഭവം ഫെഡറൽ ഓഫീസർമാർക്ക് നേരെയുള്ള ആക്രമണമായതിനാൽ ഫെഡറൽ തലത്തിൽ കേസെടുക്കുമെന്ന് എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേൽ പറഞ്ഞു. സംഭവത്തെത്തുടർന്ന് വാഷിംഗ്ടണിലേക്ക് 500 നാഷണൽ ഗാർഡ് സൈനികരെ കൂടി വിന്യസിക്കുമെന്ന് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് പ്രഖ്യാപിച്ചു.
ഈ സംഭവത്തെ തുടർന്ന് ‘കുടിയേറ്റക്കാർക്ക് അഭയവും ആശ്രയവും’ നൽകുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ സജീവമായിട്ടുണ്ട്. കുടിയേറ്റക്കാർ അപകടകരികൾ ആണെന്ന അഭിപ്രായവും ഇത് അമേരിക്കയ്‌ക്ക് മാത്രമല്ല, ഏതുരാജ്യത്തിനായാലും മുന്നറിയിപ്പാണെന്നും ചിലർ അഭിപ്രായപ്പെടുന്നുണ്ട്.
യുഎസ് അധികാര കേന്ദ്രത്തിന് സമീപമുള്ള റഹ്മാനുള്ള ലകൻവാളിന്റെ ആക്രമണം അഭയാർത്ഥികളെക്കുറിച്ച് കൂടുതൽ അന്വേഷിക്കാനും കരുതലെടുക്കാനും അഫ്ഗാൻ കുടിയേറ്റക്കാരെക്കുറിച്ചുള്ള വിവരങ്ങൾ കൂടുതൽ സംഭരിക്കാനും അമേരിക്കയെ നിർബന്ധിതമാക്കിയിട്ടുണ്ട്. സൂക്ഷ്മപരിശോധനകൾ ശക്തമാക്കിയിട്ടുണ്ട്. ആക്രമണത്തെത്തുടർന്ന് അഭയാർത്ഥി പ്രവേശനത്തെക്കുറിച്ച് പുനരന്വേഷണം നടത്തണമെന്ന് പ്രസിഡന്റ് ട്രംപ് ആവശ്യപ്പെട്ടു.











