കീവ്: റഷ്യ- ഉക്രൈന്‍ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള സമാധാന കരാറിന് ഉക്രൈന്‍ സര്‍ക്കാര്‍ അംഗീകാരം നല്‍കി. യുഎസ് മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ക്ക് വ്‌ളോദിമീര്‍ സെലന്‍സ്‌കി സര്‍ക്കാര്‍ അംഗീകാരം നല്‍കിയെന്നും യുഎസ് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. കരാറില്‍ അന്തിമ തീരുമാനം എടുക്കുന്നതിനായി സെലന്‍സ്‌കി ഈ ആഴ്ച യുഎസ് സന്ദര്‍ശിക്കും.
സമാധാന പദ്ധതിയില്‍ യുഎസ് പുതിയതായി കൊണ്ടുവന്ന നിര്‍ദേശങ്ങളില്‍ ചിലത് ആഴത്തിലുള്ള കരാറുകളിലേക്ക് നയിക്കുന്നതാണ്. യുഎസിന്റെ നിലപാടിനെ ആശ്രയിച്ചാകും ഇതില്‍ നടപടി കൈക്കൊള്ളുകയെന്നും സെലന്‍സ്‌കി പ്രതികരിച്ചു. സമാധാന പദ്ധതിയുടെ ചര്‍ച്ചകളില്‍ യൂറോപ്യന്‍ നേതാക്കളോടും പങ്കെടുക്കാന്‍ സെലന്‍സ്‌കി ആവശ്യപ്പെട്ടിട്ടുണ്ട്.
സമാധാന കരാര്‍ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമീര്‍ പുടിനുമായി കൂടിക്കാഴ്ചക്ക് യുഎസ് നയതന്ത്ര പ്രതിനിധി സ്റ്റീവ് വിറ്റ്കോഫിനെ മോസ്‌കോയിലേക്ക് അയക്കും. യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് യുഎസിന്റെയും റഷ്യയുടെയും പ്രതിനിധികള്‍ അബുദാബിയില്‍ കൂടിക്കാഴ്ച നടത്തി.
ഉക്രൈനെ പിന്തുണയ്‌ക്കുന്ന 30 രാജ്യങ്ങളുടെ നേതാക്കളും വീഡിയോ കോണ്‍ഫറന്‍സിലൂടെ യോഗത്തില്‍ പങ്കെടുത്തു.











