അയോദ്ധ്യ: ശ്രീരാമജന്മഭൂമി തീര്‍ത്ഥക്ഷേത്രത്തിന് മുകളില്‍ ധര്‍മപതാക ഉയര്‍ന്നതിന് പിന്നാലെ കോവിദാര വൃക്ഷത്തിന്റെ മഹിമകള്‍ തെരയുകയാണ് ലോകം. പതാകയില്‍ ആലേഖനം ചെയ്ത കോവിദാര മരത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതും പ്രസംഗത്തിനിടെ സൂചിപ്പിച്ചതോടെയാണ് ലോകം ഇന്റര്‍നെറ്റില്‍ കോവിദാരത്തെ തേടിയത്.
ദേവവൃക്ഷങ്ങളായ മന്ദാരവും പാരിജാതവും കൂടിച്ചേര്‍ന്ന കോവിദാരം അയോദ്ധ്യയുടെ തനിമയുടെ പ്രതീകമാണെന്ന് സര്‍സംഘചാലക് പറഞ്ഞു. ശ്രീരാമഭഗവാനെ കാണാന്‍ സഹോദരന്‍ ഭരതന്‍ പടയുമായി കാട്ടിലെത്തുമ്പോള്‍ അത് അയോദ്ധ്യയുടെ സേനയാണെന്ന് ലക്ഷ്മണന്‍ ദൂരെ നിന്നേ തിരിച്ചറിയുന്നത് കോവിദാര വൃക്ഷം ആലേഖനം ചെയ്ത ഈ പതാക കണ്ടിട്ടാണെന്ന വാല്മീകി മഹര്‍ഷിയുടെ വാക്കുകള്‍ ഉദ്ധരിച്ചാണ് തനിമയെക്കുറിച്ച് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടിയത്. ഇതോടെ എല്ലാവരും കോവിദാരമരം എന്താണെന്ന അന്വേഷണത്തിലായി.
കശ്യപ മഹര്‍ഷിയാണ് മന്ദാരവും പാരിജാതവും കൂട്ടിയിണക്കി കോവിദാര വൃക്ഷത്തിന് രൂപം നല്കിയതെന്നാണ് പറയപ്പെടുന്നത്. ഇടത്തരം വലിപ്പം, ചാരനിറത്തിലുള്ള പുറംതൊലി, ഉള്‍ഭാഗം ഇളം പിങ്ക് നിറത്തിലാണ്. ഇലകള്‍ ഹൃദയാകൃതിയില്‍. പൂക്കള്‍ പര്‍പ്പിള്‍ മുതല്‍ സമാനമായ വൈവിധ്യങ്ങളില്‍ എന്നിങ്ങനെയാണ് സവിശേഷതകള്‍.

സസ്യശാസ്ത്രപരമായി, ബൗഹിനിയ വേരിഗേറ്റ എന്നറിയപ്പെടുന്ന ഇത് സീസാല്‍പീനിയേസിയെ കുടുംബത്തില്‍ പെടുന്നു. ആയുര്‍വേദത്തില്‍ ഇതിനെ കോവിദാര എന്നാണ് വിളിച്ചിരുന്നത്. വേദ കാലഘട്ടങ്ങളില്‍, കാഞ്ചനാര എന്ന് പേര്. പുരാണപ്രസിദ്ധമായ കോവിദാര മരം പരമ്പരാഗത വൈദ്യശാസ്ത്രത്തിന്റെ ഭാഗമായിരുന്നു.
കോവിദാരം ഹിന്ദിയില്‍ കാങ്കനാര്‍ ആണ്. കന്നഡയില്‍ കെമ്പുമന്ദാര, മലയാളത്തില്‍ ചുവന്ന മന്ദാരം, തമിഴില്‍ സിംഗപ്പു മന്ദറൈ, തെലുങ്കില്‍ ദേവകാഞ്ചനമു, മറാഠിയില്‍ കോറല്‍, സംസ്‌കൃതത്തില്‍ കാഞ്ചനാരഃ, കോവിദാരഃ എന്നിങ്ങനെയാണ് ഇത് അറിയപ്പെടുന്നത്.














