തൃശ്ശൂർ: രാഗം തിയേറ്റർ നടത്തിപ്പുകാരനായ സുനിൽ കുമാറിനെ വകവരുത്താൻ ക്വട്ടേഷൻ നൽകിയ കേസിൽ മുഖ്യസൂത്രധാരൻ അടക്കം നാലുപേർ പിടിയിൽ. തൃശ്ശൂർ മണ്ണുത്തി സ്വദേശിയായ സിജോയും സംഘവുമാണ് പോലീസിന്റെ പിടിയിലായത്.
ഒരു വർഷം മുമ്പ് തിയേറ്ററിൽ എത്തി സുനിലിനെ ഭീഷണിപ്പെടുത്തിയ കേസിലെ പ്രതി കൂടിയാണ് സിജോ. മൂന്ന് ലക്ഷം രൂപയ്‌ക്കാണ് സുനിൽ കുമാറിനെ ആക്രമിക്കാൻ സിജോ ക്വട്ടേഷൻ നൽകിയത്. സാമ്പത്തിക ഇടപാടുകളിലെ തർക്കമാണ് ഇരുവരും തമ്മിലുള്ള പ്രശ്‌നങ്ങൾക്ക് കാരണം.
കഴിഞ്ഞ ദിവസം രാത്രി പത്തുമണിയോടെ വെളപ്പായയിലെ സുനിലിന്റെ വീടിന് മുന്നിൽ വെച്ചായിരുന്നു ക്വട്ടേഷൻ സംഘത്തിന്റെ ആക്രമണം. കാറിലെത്തി വീടിന്റെ ഗേറ്റ് തുറക്കാനിറങ്ങുന്നതിനിടെ ആദ്യം ഡ്രൈവറെയും തുടർന്ന് സുനിലിനെയും ആയുധധാരികളായ മൂന്നംഗ സംഘം ആക്രമിക്കുകയായിരുന്നു. വെട്ടിയ ശേഷം തീകൊളുത്തിക്കൊല്ലാനായിരുന്നു ക്വട്ടേഷൻ സംഘം ശ്രമിച്ചതെന്നാണ് സുനിലിന്റെ മൊഴി.
















