തെങ്കാശി: തമിഴ്നാട്ടിലെ തെങ്കാശിയിൽ സ്വകാര്യ ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് ആറ് പേർ മരിച്ചു. 36 പേർക്ക് പരിക്കേറ്റു. മരിച്ചവരില്‍ അഞ്ച് പേരും സ്ത്രീകളാണ്. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. മധുരയിൽ നിന്ന് ചെങ്കോട്ടയിലേക്കും തെങ്കാശിയിൽ നിന്ന് കോവിൽപ്പട്ടിയിലേക്കും പോകുകയായിരുന്ന ബസുകളാണ് കൂട്ടിയിടിച്ചത്. ഒരു ബസിന്റെ മുൻവശം പൂർണമായി തകർന്ന നിലയിലാണ്.
ചെങ്കോട്ടയിലേക്ക് പോകുകയായിരുന്ന ബസിന്റെ അമിത വേഗതയാണ് അപകടത്തിന് കാരണം. പരിക്കേറ്റ ചിലരുടെ നില ഗുരുതരമാണെന്നും വിവരമുണ്ട്. ഇവർ അടുത്തുള്ള വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. തെങ്കാശിക്കടുത്തുള്ള കാമരാജപുരത്താണ് അപകടം ഉണ്ടായിരിക്കുന്നത്. പോലീസും ഫയർഫോഴ്സും സംഭവ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
മരണസംഖ്യ വർദ്ധിക്കാൻ സാധ്യതയുണ്ടെന്നാണ് വിവരം.















