കൊച്ചി: കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോർ എറണാകുളം സൗത്ത് റെയിൽവേ പോലീസിന്റെ കസ്റ്റഡിയിൽ. ദൽഹിയിൽ നിന്ന് ട്രെയിൻ മാർഗം കൊച്ചിയിലെത്തിയ ബണ്ടി ചോറിനെ സംശയാസ്‌പദമായ സാഹചര്യത്തിലുള്ള കരുതൽ തടങ്കൽ എന്ന നിലയിലാണ് കസ്റ്റഡിയിലെടുത്തതെന്ന് പോലീസ് അറിയിച്ചു. ഹൈക്കോടതിയുടെ കസ്റ്റഡിയിലുള്ള തന്റെ മൊബൈൽ ഫോണും ബാഗും വിട്ടുകിട്ടുന്നതിനാണ് എത്തിയതെന്ന് ഇയാൾ പോലീസിനെ അറിയിച്ചത്.
ഈ കാര്യം സ്ഥിരീകരിച്ച ശേഷം ഇയാളെ വിട്ടയക്കാനാണ് എറണാകുളം സൗത്ത് പൊലീസിന്റെ തീരുമാനം. ഞായറാഴ്ച രാത്രി എട്ടുമണിയോടെയാണ് കസ്റ്റഡിയിലെടുത്തത്. മുൻപ് കേരളത്തിൽ വലിയ മോഷണം നടത്തുകയും അതിൽ ശിക്ഷ അനുഭവിക്കുകയും ചെയ്ത ആളായതിനാൽ ഇയാളുടെ സാന്നിദ്ധ്യം സംശയാസ്‌പദമായിട്ടാണ് പോലീസ് കാണുന്നത്. ഇയാൾ കോടതി ആവശ്യത്തിനാണ് എത്തിയതെന്ന് പറയുന്നുണ്ടെങ്കിലും, പോലീസ് അത് പൂർണമായി മുഖവിലയ്‌ക്കെടുത്തിട്ടില്ല.
നിലവിൽ ബണ്ടി ചോറിനെതിരെ കേരളത്തിൽ കേസുകൾ ഇല്ലെന്നാണ് പോലീസ് പറയുന്നത്. ഇയാളുടെ കൈയിൽ നിന്ന് ഒരു ബാഗ് ലഭിച്ചിട്ടുണ്ട്. ഇതിൽ വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നാണ് വിവരം. സംശയിക്കാവുന്ന ഉപകരണങ്ങൾ ഒന്നുംതന്നെ ഇയാളുടെ കൈവശം ഉണ്ടായിരുന്നില്ല. കൊച്ചിയിലെ ആഡംബര വീടുകളും ഫ്ലാറ്റുകളും ഇയാൾ നിരീക്ഷിക്കാൻ സാധ്യതയുണ്ടെന്ന നിഗമനത്തിൽ പോലീസ് അതീവ ജാഗ്രത പുലർത്തുന്നുണ്ട്. ഇന്റലിജൻസ് വിഭാഗവും ഇയാളുടെ നീക്കങ്ങൾ നിരീക്ഷിക്കുന്നുണ്ട്.
റെയിൽവേ സ്റ്റേഷനിലും പരിസരപ്രദേശങ്ങളിലും പോലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. സാധാരണയായി ഒരു നഗരത്തിൽ എത്തിയാൽ അവിടുത്തെ വഴികളും രക്ഷപ്പെടാനുള്ള മാർഗങ്ങളും ആഡംബര വീടുകളും ദിവസങ്ങളോളം നിരീക്ഷിച്ച ശേഷമാണ് ഇയാൾ മോഷണം നടത്താറുള്ളത്. അതിനാൽ കോടതിയിലെ നടപടിക്രമങ്ങൾ പൂർത്തിയായാൽ ഉടൻ തന്നെ ഇയാളെ നഗരത്തിൽനിന്ന് പറഞ്ഞുവിടാനുള്ള നീക്കമാണ് പോലീസ് നടത്തുന്നത്.
















