കാറുംകോളുമുരുണ്ടിരിണ്ടു,
നിറമേ കെട്ടുള്ളൊരാകാശമോ
കാടും കാട്ടുമൃഗങ്ങളും
ഭയമിയറ്റീടുന്ന മൂവന്തിയോ
കേറില്ലീവിധമാധിയൊന്നുമകമേ,
സര്‍വം സമര്‍പ്പിച്ച്, നിര്‍
വ്യാജം, നിങ്കഴലിങ്കലായി
ശരണംകാംക്ഷിക്കു,മീയുള്ളവര്‍.
(ഭയമാണിന്ന് എന്തിലും എന്തിനും. ചെറുകാറ്റ് കൊടുങ്കാറ്റാകുമോ? ആകാശം മഴക്കാറ് കൊണ്ടാല്‍ പ്രളയമായേക്കുമോ? മൂവന്തിയിരുട്ടു വീണാല്‍ കാട്ടുമൃഗങ്ങള്‍ ആക്രമിക്കുമോ? നഗരവാസികള്‍ക്കിങ്ങനെയൊക്കെയാണ്, അപ്പോള്‍ കാനനവഴിയിലും കരിമലമുകളിലുമൊക്കെ ആണെങ്കിലോ? ശരിയാണ്, അങ്ങനെ ചിന്തിക്കാം. പക്ഷേ, സര്‍വ്വവും നിന്‍ കാല്‍ക്കലര്‍പ്പിച്ച് നിന്നെ ശരണം പ്രാപിക്കുന്നവര്‍ക്ക് ഈ വിധത്തിലുള്ള ആധികളൊന്നും ഉണ്ടാകില്ല. അവര്‍ നിര്‍വ്യാജം നിന്നെ (അയ്യനെ) ശരണം പ്രാപിച്ചിട്ടുള്ളവരാണ്. ഭയം ഇവിടെ ജീവാപായ ഭയമല്ല, ഭവഭയമാണ്. ഐഹികത്തെ കടന്ന്, ജീവിതം സര്‍വ്വവും നിര്‍വ്യാജമായി, ജഗദീശ്വരന് സമര്‍പ്പിക്കുന്നവര്‍ക്ക് ഇഹപര ഭയങ്ങളില്ല എന്ന ആത്മീയ ദര്‍ശനവും ഇതിലടങ്ങിയിരിക്കുന്നു)















