ദുബായ്: ദുബായ് എയര്‍ ഷോയില്‍ അത്യത്ഭുതകരായ പ്രകടനങ്ങള്‍ കാഴ്ചവെയ്‌ക്കുന്നതിനിടയില്‍ തേജസ് യുദ്ധവിമാനം തകര്‍ന്ന് മരിച്ച നമന്‍ഷ് സ്യാലിന് ആദരമര്‍പ്പിച്ച് റഷ്യയുടെ യുദ്ധവിമാനങ്ങള്‍. ഈ വീഡിയോയ്‌ക്കൊപ്പം അതിലേക്ക് നയിച്ച കാരണങ്ങള്‍ വിശദീകരിച്ച് റഷ്യയുടെ പൈലറ്റ് ഒരു ഹൃദയനിര്‍ഭരമായ കുറിപ്പും ടെലഗ്രാമില്‍ പങ്കുവെച്ചു. റഷ്യയുടെ ഏതാനും യുദ്ധവിമാനങ്ങള്‍ ജീവന്‍ നഷ്ടപ്പെട്ട നമന്‍ഷ് സ്യാലിനെ സ്മരിച്ചുകൊണ്ട് തലകുത്തനെ നിശ്ചലം ഒരു നിമിഷം നിന്നു. ഇതിനെ മിസ്സിംഗ് മാന്‍ ഫോര്‍മേഷന്‍ എന്നാണ് വിളിക്കുന്നത്. ദുബായ് എയര്‍ ഷോയുടെ സമാപന ദിവസമായ നവമ്പര്‍ 21നാണ് മിസ്സിംഗ് മാന്‍ ഫോര്‍മേഷന്‍ എന്ന അപൂര്‍വ്വ അനുശോചനം റഷ്യയുടെ യുദ്ധവിമാനങ്ങള്‍ ആകാശത്ത് നടത്തിയത്. ഇതിന്റെ വീഡിയോ ഇപ്പോള്‍ വൈറലായി പ്രചരിക്കുകയാണ്.
Russian Aerobatic Team Honours Indian Air Force Wg Cdr Namansh Syal🇮🇳 With Final-Day Tribute at Dubai Airshow 2025. The Missing Man Formation. 💔
— Aditya Raj Kaul (@AdityaRajKaul) November 23, 2025
17 സെക്കന്‍റിന്റെ ഈ വീഡിയോ റഷ്യയുടെ ഒരു യുദ്ധവിമാന പൈലറ്റാണ് ടെലഗ്രാമില്‍ പങ്കുവെച്ചത്. ഈ വീഡിയോയ്‌ക്കൊപ്പം അദ്ദേഹം ഒരു കുറിപ്പും പങ്കുവെച്ചിരുന്നു. “തേജസ് ദുരന്തമുണ്ടാതിന് ശേഷമുള്ള സ്ഥിതിവിശേഷം വിശദീകരിക്കുക വിഷമകരമാണ്. വ്യോമയാന രംഗം എപ്പോഴും ദുരന്തങ്ങള്‍ കൂടി പതിയിരിക്കുന്ന ഒന്നാണ്. അവസാനപറക്കലില്‍ നിന്നും ഒരിയ്‌ക്കലും തിരിച്ചുവരാത്ത ഞങ്ങളുടെ സഹോദരന് വേണ്ടി ഞങ്ങളുടെ അഭ്യാസടീം ഒരു പ്രകടനം ദുബായ് എയര്‍ഷോയുടെ സമാപന ദിവസം നടത്തി. “- റഷ്യയുടെ യുദ്ധവിമാന പൈലറ്റ് പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
റഷ്യയുടെ ഈ ഹൃദയത്തില്‍ തട്ടിയുള്ള ആദരമെങ്ങ്, ഇന്ത്യയ്‌ക്കെതിരെ പാക് പ്രതിരോധമന്ത്രി ഖ്വാജാ ആസിഫ് ഉയര്‍ത്തിയ പരിഹാസമെങ്ങ്…..ചിലര്‍ ഈ വീഡിയോയോട് പ്രതികരിച്ചത് ഇങ്ങിനെ. ഹൃദയം നുറുങ്ങുന്ന കാഴ്ച എന്നാണ് ഈ ദൃശ്യം പങ്കുവെച്ച എന്‍ഡിടിവി ജേണലിസ്റ്റ് ആദിത്യ രാജ് കൗള്‍ പ്രതികരിച്ചത്.














