വേദോദ്ധാരണത്തിനും സംരക്ഷണത്തിനുമായി കൃതയുഗത്തില്‍ ഭഗവാന്‍ മത്സ്യാവതാരമെടുത്തു. സ്ത്രീകളുടെ ബഹുമാന്യതയെ ലോകത്തിനു വിശദീകരിക്കാന്‍ ത്രേതായുഗത്തില്‍ ശ്രീരാമചന്ദ്രനായി അവതരിച്ചു. സമ്പത്തിന്റെ മൂല്യം എത്രയെന്നു വെളിപ്പെടുത്താന്‍ കൂടിയായിരുന്നു ദ്വാപരയുഗത്തിലെ ശ്രീകൃഷ്ണാവതാരം. സായി അവതാരമാകട്ടെ ഈ മൂന്നു കാര്യങ്ങളും ഒരുമിച്ച് ലോകത്തെ ബോദ്ധ്യപ്പെടുത്തുന്നു. ആ അവതാരം ശതാബ്ദിയില്‍ എത്തി നില്‍ക്കുന്നു. ഭഗവാന്റെ അമൃത മൊഴികള്‍ ലോകത്തിനുള്ള ശാന്തി മാര്‍ഗമാണ്. കാലങ്ങള്‍ താണ്ടിയും അതു നിലനില്‍ക്കും.
ഭാരതത്തിന്റെ മഹത്വം
സത്യസായി ഭഗവാന്‍ പറയുന്നു. ‘ഭാരതം പുണ്യ ഭൂമിയാണ്, യോഗ ഭൂമിയാണ്, ത്യാഗഭൂമിയാണ്. ഇത് ഭോഗ ഭൂമിയല്ല. ‘ഭാരതീയര്‍’ എന്നതാണ് ലോകത്തിലെ ഏറ്റവും വലിയ ബിരുദം.”ഈ പ്രപഞ്ചം നിലനില്ക്കാന്‍ സനാതനധര്‍മ്മം നില നില്ക്കണം. സനാതന ധര്‍മ്മം നിലനില്ക്കാന്‍ ഭാരതം നില നില്ക്കണം. ഭാരതം നിലനില്ക്കാന്‍ ഭാരതീയര്‍ സനാതന ധര്‍മ്മം ശീലിക്കണം. കേരളമഹിമയെക്കുറിച്ച് ഭഗവാന്‍ പറയുന്നു. വേദാധിഷ്ഠിതമായ സംസ്‌ക്കാരവും സംസ്‌കൃത പാണ്ഡിത്യവും നഷ്ടം വരാതെ സൂക്ഷിക്കാന്‍ കേരളം വളരെയധികം സഹായിച്ചിട്ടുണ്ട്. വിശ്വാസത്തിനും ആത്മാര്‍പ്പണത്തിനും പ്രസിദ്ധിയാര്‍ജ്ജിച്ചവരാണ് കേരളീയര്‍. അങ്ങകലെ സ്ഥിതി ചെയ്യുന്ന ഹിമാലയത്തിലെ ബദരീനാഥ വിഷ്ണു ക്ഷേത്രത്തിലെ പുരോഹിതന്മാര്‍ പൗരാണിക കാലം മുതല്‍ക്കേ കേരളീയരാണ്.
വിദേശീയരായ മറ്റുള്ളവരുടെ അഭിപ്രായത്തില്‍ അമൂല്യമായ, അതി ബൃഹത്തായ പാരമ്പര്യത്തിന്റെ ഉറവിടമാണ് ഭാരതം. പക്ഷെ അത് നിലനിര്‍ത്തേണ്ടതെങ്ങനെയെന്ന അറിവ് ഭാരതീയരായ നമുക്ക് ഇന്നില്ല. അമൂല്യമായ ഈ പാരമ്പര്യത്തെക്കുറിച്ച് അറിയാവുന്നവര്‍ക്ക് മൂല്യങ്ങളെ തിരിച്ചറിയുക വിഷമമുള്ള കാര്യമല്ല. സുപ്രസിദ്ധ അമേരിക്കന്‍ തത്ത്വചിന്തകന്‍ റാല്‍ഫ് വാര്‍ഡേ എമേഴ്‌സണ്‍ ഒരിക്കല്‍ പറഞ്ഞു, പുരാതന ഭാരതത്തില്‍ രചിക്കപ്പെട്ട വേദങ്ങളും ശാസ്ത്രങ്ങളുമൊക്കെ മാനുഷിക ചിന്താശേഷിയുടെ ഉത്തുംഗ ശൃംഗങ്ങളെയാണ് സൂചിപ്പിക്കുന്നത്. ഭാരതം മുന്നോട്ട് പോകാനാണാഗ്രഹിക്കുന്നതെങ്കില്‍ പുരാതന കാലത്തേക്ക് തിരിഞ്ഞു നോക്കുക. പഠിക്കുക, മനസ്സിലാക്കുക. ഭാരതത്തെ ഏറ്റവും അമൂല്യമാക്കാനുള്ള മഹത്തായ കഴിവും ശക്തിയും നമുക്കുണ്ട്. മഹാന്മാരായ നേതാക്കന്മാരെയാണ് നമുക്കിന്നാവശ്യം. അങ്ങനെയുള്ള ഭാരതീയരെ സൃഷ്ടിക്കുകയാണ് അവതാരോദ്ദേശ്യം. നമുക്ക് ഈ പവിത്ര ഭൂമിയെ സ്‌നേഹിക്കാം ആരാധിക്കാം. അതിനായി ഭാരതാംബയുടെ മഹനീയ ദര്‍ശനങ്ങള്‍ ഉള്‍ക്കൊണ്ട് സ്വയം മാറാം. സായി മാതാവിനോടൊപ്പം നിന്ന് വളര്‍ന്ന് ഭാരതാംബയുടെ ഉത്തമ സന്താനങ്ങളാകാം.
ഭാരതത്തിന്റെ അതിപുരാതന സംസ്‌ക്കാരത്തേയും ആദ്ധ്യാത്മിക പൈതൃകത്തേയും കുറിച്ച് അഭിമാനം കൊള്ളണം. ആദ്ധ്യാത്മിക ജ്ഞാനവും ശാസ്ത്രജ്ഞാനവും ഒരുമിച്ച് ചേരണം. ശാസ്ത്രവും ആദ്ധ്യാത്മികതയും തമ്മില്‍ കടക വിരുദ്ധമായ രണ്ട് ഭാഗങ്ങളായുള്ള വിഭജനം അരുത്. ശരിയായ പരമാനന്ദം അനുഭവവേദ്യമാകുന്നത് ശാസ്ത്രവും ആദ്ധ്യാത്മികതയും ഒത്തു ചേരുമ്പോള്‍ മാത്രമാണ്. ലോക ജീവിതം അതിവേഗം മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്നു. മയക്കു മരുന്നിന്റെ ഉപയോഗം പ്രതിനിമിഷം കൂടി കൊണ്ടിരിക്കുന്നു. ഈ സമസ്യ ഒട്ടനവധി യുവാക്കളെ ചിന്താ കുഴപ്പത്തിലാക്കുന്നു. രാജ്യ പുരോഗതിക്കായി ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടവരാണിവര്‍. ഈ പ്രതിസന്ധി തിരിച്ചറിയുന്നതിനും തരണം ചെയ്യുന്നതിനും മാതാപിതാക്കളും മുതിര്‍ന്നവരും ശ്രമിക്കണം. ലോകം കൂടുതല്‍ കൂടുതല്‍ പ്രശ്‌നങ്ങളെ നേരിടുമ്പോള്‍ ധീരന്മാര്‍ പോലും പതറിപ്പോകുന്നു. ഈ വിശ്വ പ്രതിസന്ധി മറി കടക്കാന്‍ തക്ക ദിശാ സൂചനകള്‍ സമൂഹത്തിനാവശ്യമാണ്. ഇവിടെയാണ് യുഗാവതാരമായ സത്യസായി ബാബയുടെ ഉപദേശങ്ങള്‍ അമൂല്യങ്ങളാകുന്നത്. ഇതില്‍ വേണ്ടതൊക്കെ അടങ്ങിയിരിക്കുന്നു. കുട്ടികള്‍ക്കു പോലും മനസ്സിലാകത്തക്ക വിധത്തില്‍.
”എന്റെ ജീവിതം തന്നെയാണ് എന്റെ സന്ദേശം” ആ അവസ്ഥയിലേക്ക് ജീവിക്കുന്ന വ്യാഖ്യാനങ്ങളായി നാം
മാറിയെങ്കിലേ ശ്രീഹനുമാനെപ്പോലെ ഉടല്‍ പൂണ്ട ആത്മ യാഥാര്‍ത്ഥ്യം തന്നെയായ ശ്രീരാമചന്ദ്രന്റെ – ദാസന്മാരാകാന്‍ നമുക്ക് കഴിയൂ.

കുട്ടിക്കാലത്ത് ഏറെ തവണ കേട്ടിട്ടുള്ള ചൊല്ലുകളാണ് ”പ്രവൃത്തികള്‍ വാക്കുകളേക്കാള്‍ ഉറക്കെ സംസാരിക്കുന്നു. പറയുന്നതു പോലെ പവര്‍ത്തിക്കുക” എന്നുള്ളത്. ഭഗവാന്റെ വാക്കുകളോ, പ്രബോധനങ്ങളോ വെറുതെ ഓര്‍ത്തതുകൊണ്ട് പ്രയോജനമില്ല. അത് പ്രയോഗത്തില്‍ വരുത്തുമ്പോഴെ ജീവിതത്തിന്റെ ഭാഗമാകൂ. അപ്പോഴേ ജീവിതം സഫലമാകൂ. നാമെല്ലാം നടക്കുന്ന ദേവാലയമാണെന്ന് ഭഗവാന്‍ പറയുന്നു. അത് ചൈതന്യം നിറഞ്ഞതാക്കേണ്ട ബാദ്ധ്യത നമുക്കാണ്. അവിടെ കുടികൊള്ളേണ്ട ഈശ്വരന്‍ നാം തന്നെ. നമ്മുടെ ചേതനയെ ഉയര്‍ന്ന തലത്തില്‍ പ്രതിഷ്ഠിക്കുമ്പോള്‍ വിശ്വചേതനയും അതിനൊപ്പമാകും. ഓരോ രാജ്യത്തെയും സ്ഥിതിഗതികള്‍ നോക്കുമ്പോള്‍ അത് മാറ്റിയെടുക്കാന്‍ മുതിരുന്നതില്‍ നമുക്കൊന്നും നഷ്ടപ്പെടാനില്ല. കാരണം ഇരുള്‍ മൂടിയ ഭീതിദമായ ചുറ്റുപാടുകള്‍ മാറ്റിയെടുക്കാന്‍ ത്യാഗസന്നദ്ധരായ വളരെ കുറച്ചാളുകളേ വേണ്ടൂ. ജീവിതത്തിന്റെ ഈ പുതിയ വീഥിയില്‍ തലയെടുപ്പോടെ നീങ്ങണമെങ്കില്‍ ആദ്യം സ്വന്തം ജീവിതം നേരെയാക്കണം. അതിനുള്ള ഏറ്റവും എളുപ്പവും പ്രായോഗികവുമായ ഉപായമാണ്, ക്ഷമാപൂര്‍വ്വം ഭഗവാന്‍ കാണിച്ചു തന്ന സരളവും വ്യക്തവുമായ പദ്ധതികള്‍.
ഭഗവാന്‍ ഒരിക്കല്‍ അരുളി, ”ഞാന്‍ നടരാജനാണ്. ഓരോ ചുവടും നിങ്ങളെ അഭ്യസിപ്പിക്കുന്നതിനുള്ള വേദന എനിക്കറിയാം. നമ്മെ ഉടച്ചു വാര്‍ത്ത് പുതിയ രൂപമുണ്ടാക്കുന്ന കഠിന യത്‌നത്തിലാണ് സ്വാമി. പൂര്‍വ്വജന്മ വാസനകളുമായി നാം വന്നിരിക്കുന്നു. താഴ്ന്ന തരം ലോഹങ്ങളെ സ്വര്‍ണ്ണമാക്കുന്ന രാസ വിദ്യയിലാണ് ഭഗവാന്‍. നമ്മിലെ മൃഗീയ വാസനകളകറ്റി ദൈവിക ഗുണങ്ങള്‍ വികസിപ്പിക്കുകയാണവിടുന്ന്. ഭഗവാന്‍ നമുക്കൊപ്പം താഴ്ന്നു വന്ന് അതിസൂക്ഷ്മമായ സത്യങ്ങളെ ലളിതമായ ഉപമകളിലൂടെ വിശദീകരിക്കുന്നു. മനുഷ്യരാശിക്ക് സ്വാമി സമ്മാനിച്ച സേവനങ്ങള്‍ പഠിക്കുമ്പോള്‍ നമുക്ക് ചെയ്യാവുന്നത് അവിടുത്തെ നന്ദി നിറഞ്ഞ കണ്ണീരോടെ ആരാധിക്കുകയും പിന്‍ തുടരുകയും ചെയ്യുക മാത്രം.
സദാചാര ജീവിതത്തിന്റെ ആവശ്യകത ഭഗവാന്‍ നമ്മോട് പ്രത്യേകം പറയുന്നു. അധോഗതിയിലേക്ക് പോകുന്നവരെ ഉദ്ധരിക്കേണ്ടതിന്റെ ആവശ്യകത ”തപിക്കുന്ന ഒരു ഹൃദയത്തെ ആശ്വസിപ്പിക്കുവാന്‍ കഴിഞ്ഞാല്‍, ഒരു മിഴിയിലെ കണ്ണുനീരെങ്കിലും തുടയ്‌ക്കുവാന്‍ സാധിച്ചാല്‍, ദുഃഖാര്‍ത്തനായ ഒരുവനെ ഒരല്പം സ്‌നേഹിക്കാന്‍ കഴിഞ്ഞാല്‍ അന്നത്തെ എന്റെ ദിവസം വൃഥാവിലാവില്ല’ എന്ന സത്യം തിരിച്ചറിയുക.
കാലിക പ്രസക്തമായ ഒരു ചോദ്യം ഒരു ഭക്തന്‍ ഭഗവാനോട് ചോദിച്ചു. ‘സ്വാമി, ഇന്ന് എല്ലായിടത്തും സെല്‍ ഫോണുകളും, റിമോട്ട് കണ്‍ട്രോളുകളും, ഇലക്ട്രോണിക്‌സുകളും, കമ്പ്യൂട്ടറുകളും അത്യാവശ്യം എന്ന നിലയിലായി.അപ്പോള്‍ എങ്ങനെയാണ് ആദ്ധ്യാത്മികത ഉണ്ടാകുക? എവിടെയാണ് അതിനു സമയം. ഞങ്ങളിപ്പോള്‍ ന്യൂക്ലിയര്‍ ടെസ്റ്റുകളെ കുറിച്ചും കേള്‍ക്കുന്നു. വിഭിന്ന തലങ്ങളിലുള്ള ഇക്കാര്യങ്ങളെയെല്ലാം ഞങ്ങള്‍ക്കെങ്ങനെ യോജിപ്പിക്കാന്‍ കഴിയും? ദയവായി വഴിയരുളിയാലും!”
ഭഗവാന്‍ അരുളി, ”ലോകത്തുള്ള സമസ്ത സമ്പത്തിനേക്കാള്‍ വിലപിടിപ്പുള്ളത് മനുഷ്യനാണ്. എല്ലാവരേയും സ്‌നേഹിക്കുക, സ്‌നേഹം കൊണ്ട് ഹൃദയം നിറയ്‌ക്കൂ. ഞാന്‍, നീ എന്നീ ഭാവങ്ങള്‍ പാടില്ല. കാരണം എല്ലാം ഒരേ ഈശ്വരന്റെ ചൈതന്യങ്ങളാണ്. സ്‌നേഹത്തിന്റെ വഴി മാത്രമേ പ്രേമസ്വരൂപന്റെ പ്രതിബിംബങ്ങളായി മാറാന്‍ കഴിയൂ. ഈ പരിശീലനത്തിന് വലിയ പാണ്ഡിത്യമൊന്നും വേണ്ട. മറ്റുള്ളവരോട് സഹാനുഭൂതിയും കാരുണ്യവും കാണിക്കാനുള്ള സന്മനസ്സ് മാത്രം മതി. ഈ മാനസികാവസ്ഥ നേടിക്കഴിഞ്ഞാല്‍ അസ്വസ്ഥമായ ജീവിതം സ്വസ്ഥത നേടി ധന്യമാകും.
നാം ഒരേ വല്ലിയില പൂക്കളാണ്. ഹൃദയ വല്ലരിയിലെ പൂക്കള്‍. നമ്മുടെ മനസ്സുകള്‍-പൂക്കള്‍-പല തരമായിരിക്കാം. പക്ഷെ വള്ളി ഒന്നാണ്. മനുഷ്യ വംശത്തിലെ അംഗങ്ങളാണ് നാമെല്ലാം. നാം ഉന്നത മൂല്യങ്ങള്‍ സ്വാംശീകരിച്ചവരായി മാറണം. സച്ചിദാനന്ദ സമുദ്രത്തിലെ തിരമാലകളായി മാറണം. ഏകത്വം വളര്‍ത്താന്‍ അതീവ ശ്രദ്ധാലുക്കളായിരിക്കണം.
മനുഷ്യനായി ജനിച്ചതിനാല്‍ മോക്ഷത്തിനായി യത്‌നിക്കുക തന്നെ വേണം. സയന്‍സും ടെക്‌നോളജിയും ധാരാളം ഭൗതിക സുഖ സൗകര്യങ്ങള്‍ നല്‍കിയേക്കാം. പക്ഷേ അവയ്‌ക്ക് ശാന്തിയും, സമാധാനവും, ആനന്ദവും നല്‍കാനാവില്ല. എന്താണ് സയന്‍സ്? എന്താണ് ആദ്ധ്യാത്മികത? ഇവ തമ്മിലുള്ള വ്യത്യാസമെന്ത്? ഇതേക്കുറിച്ച് ശരിക്കും അറിഞ്ഞിരിക്കണം.
സയന്‍സ് ഇന്ദ്രിയങ്ങള്‍ക്ക് കീഴിലുള്ള വിഷയം. ആദ്ധ്യാത്മികതയാകട്ടെ ഇന്ദ്രിയാതീതവും ശാസ്ത്രം ‘തത്’-നെക്കുറിച്ച് സംസാരിക്കുന്നു. ആദ്ധ്യാത്മികതയാകട്ടെ ‘ത്വം’ എന്ന വിഷയത്തെക്കുറിച്ച് വിശകലനം ചെയ്യുന്നു. അപ്പോള്‍ ‘തത്ത്വമസി’ യായി. ഇതാണ് ലോകം അല്ലെങ്കില്‍ പ്രകൃതി. അതുതന്നെ ഈശ്വരന്‍ അല്ലെങ്കില്‍ പുരുഷന്‍.
ആദ്ധ്യാത്മികത ഇംഗ്ലീഷ് അക്ഷരമാലയിലെ ‘O’ പോലെ പൂര്‍ണ്ണം. സയന്‍സ് ആകട്ടെ ‘ C’ പോലെ അപൂര്‍ണ്ണം. സയന്‍സ് അവസാനിക്കുന്നിടത്തു നിന്നും ആദ്ധ്യാത്മികത ആരംഭിക്കുന്നു. ആദ്ധ്യാത്മികത നിങ്ങളെ ലോകത്തില്‍ നിന്നും ഈശ്വരനിലേക്ക് നയിക്കും. ഈ ലോകത്തു നിന്നു തന്നെ ഈശ്വരനെ അറിയാനും, അനുഭവിക്കാനുമാണ് ആദ്ധ്യാത്മികത. ഇങ്ങനെ വേണം ആദ്ധ്യാത്മികതയും സയന്‍സും തമ്മില്‍ ബന്ധപ്പെടുത്താന്‍. ഇലക്ട്രോണിക് ഉപകരണങ്ങളുടെ, യന്ത്രങ്ങളുടെ അദൃശ്യ തത്ത്വമാണ് ആദ്ധ്യാത്മികത. മാനുഷിക മൂല്യങ്ങള്‍ വളര്‍ത്തി വികസിപ്പിക്കുവാന്‍ ആത്മാവിന്റെ ശാസ്ത്രം അത്യന്താപേക്ഷിതമാണ്. ആദ്ധ്യാത്മിക യാത്രയിലെ ഒന്നാമത്തെ ഘട്ടം ഈശ്വരനോടുള്ള ഭക്തിയാണ്. ആദ്ധ്യാത്മികതയ്‌ക്ക് മാത്രമേ സാന്മാര്‍ഗ്ഗിക മൂല്യങ്ങളും സഹിഷ്ണുതാ മനോഭാവവും സമചിത്തതയും പ്രോത്സാഹിപ്പിക്കാന്‍ സാധിക്കുകയുള്ളു. പാലാഴി കടഞ്ഞപ്പോള്‍ ആദ്യം പൊന്തി വന്നത് ഹാലാഹലം എന്ന വിഷം ആയിരുന്നു. അമൃതം പിന്നീടാണ് വന്നത്.
ഏറ്റവും വലിയ പുണ്യകര്‍മ്മം
ഒരിക്കല്‍ വിവേകാനന്ദ സ്വാമികള്‍ പറഞ്ഞു, ഒരുനേരം ആഹാരം കൊടുക്കുന്നത് പുണ്യം. കാരണം ഒരു നേരത്തെ വിശപ്പു മാറും. ഒരാഴച കൊടുക്കുന്നത് അതിലും പുണ്യം. ഒരു ജന്മം മുഴുവന്‍ കൊടുക്കുന്നത് അതിലേറെ പുണ്യം. പക്ഷേ ജന്മജന്മാന്തരങ്ങളിലേക്ക് കൊടുക്കുന്ന ഭാഗമാണ് പുണ്യാല്‍ പുണ്യതരം. അത് ഈശ്വരനെക്കുറിച്ചുള്ള അറിവാണ്. അവതാരപുരുഷന്റെ സമീപത്തേയ്‌ക്ക് ഒരുവനെ നാം കൊണ്ടു പോകുമ്പോള്‍ എത്ര ജന്മങ്ങളിലേക്കാണ് അയാള്‍ക്കും അയാളുടെ കുടുംബ പരമ്പരകള്‍ക്കും നാംവഴി പുണ്യം വിതരണം ചെയ്യപ്പെടുന്നതെന്ന് ആലോചിക്കുക. ഈശ്വരനെ ‘പരിചയപ്പെടുത്തി’ കൊടുക്കാനുള്ള മഹത്തായ അവസരം നമുക്ക് ഭഗവാന്‍ നല്‍കിയിരിക്കുന്നു. അത്തരക്കാര്‍ ഭഗവാന് പ്രിയപ്പെട്ടവരാണ്. അതിനാല്‍ ഭഗവദ്‌സേവയ്‌ക്ക് നാം ഒരാളെ ഒരുക്കുമ്പോള്‍ മഹത്തായ പുണ്യകര്‍മ്മം ചെയ്യാന്‍ ഭഗവാന്‍ നമ്മെ അനുഗ്രഹിക്കുകയാണെന്ന് ഉള്‍ക്കൊള്ളുക.











