തോരാതെ തിമിര്‍ക്കുന്ന ഇടവപ്പാതി പെയ്‌ത്ത്. തണുപ്പെന്നെ വല്ലാതെ വട്ടംചുറ്റിവലിഞ്ഞപ്പോള്‍ പുതപ്പ് വലിച്ചുനീട്ടി ദേഹത്തിനൊപ്പം തലയും അതിനുള്ളിലാക്കി. നേരം പുലര്‍ന്നിട്ടും ഉണരാന്‍ തോന്നിയില്ലെനിക്ക്. ‘ഉണ്ണിക്കുട്ടാ… എടാ ഉണ്ണിക്കുട്ടാ, മണി ഏഴായി.. സ്‌കൂളില്‍ പോകാന്‍ നേരായി, എണീക്കെടാ…’ അടുക്കളയില്‍ നിന്ന് അമ്മയുടെ വിളിയെത്തി. ഇനി കിടന്നാല്‍ തല്ലുറപ്പ്. മനസില്ലാ മനസോടെ പുതപ്പിനടിയില്‍ നിന്ന് ഞാനെന്നെ സ്വതന്ത്രനാക്കി. അടുക്കളയില്‍ അമ്മ എനിക്കുള്ള ഉച്ചയൂണ് ചോറ്റുപാത്രത്തിലാക്കുന്ന തിരക്കിലാണ്.
‘ങാ, വേഗം പോയി പല്ലു തേയ്ച്ച് കുളിച്ചിട്ട് വാ…’
അതും പറഞ്ഞ് വച്ചുനീട്ടിയ ചൂടുള്ള കട്ടന്‍കാപ്പി വാങ്ങി ചുണ്ടോട് ചേര്‍ത്തപ്പോള്‍ അമ്മയുടെ അടുത്ത ചോദ്യമെത്തി…
‘നല്ല മഴ.. രാത്രി തുടങ്ങീട്ട് തോര്‍ന്നില്ല ഇതേവരെ. എങ്ങനെ നീ സ്‌കൂളില്‍ പോകും.. ?’
ഞാനൊന്നും മിണ്ടാതെ കാപ്പി മൊത്തിക്കുടിച്ചു. എന്റെ മറുപടിക്ക് കാക്കാതെ ഉത്തരവും അമ്മ തന്നെ പറഞ്ഞു…
‘കുടപിടിച്ചോണ്ട് പതിയെ പോയാമതി. പത്താം ക്ലാസിലാ… സ്‌കൂളില്‍ പോകാണ്ടിരുന്നാല്‍ ശരിയാവില്ല. പടിഞ്ഞാറ്റെ രാധേടെ മോനെ കണ്ടില്ലേ..? സ്‌കൂളില്‍ പോകാതെ മടിപിടിച്ചിരുന്ന് കഴിഞ്ഞകൊല്ലം പത്തില്‍ തോറ്റത്..’
അമ്മയോട് മറുപടിയൊന്നും പറയാതെ കാപ്പിക്കപ്പ് സിങ്കിനരികില്‍ പ്രതിഷ്ഠിച്ച് ട്യൂത്ത്ബ്രഷില്‍ പേയ്സ്റ്റ് ഞെക്കിയെടുത്ത് ഞാന്‍ വാഷ് റൂം ലക്ഷ്യമാക്കി നടന്നു. പ്രാഥമിക കൃത്യങ്ങള്‍ കഴിഞ്ഞ് യൂണിഫോമിട്ട് ഡൈനിം
ഗ് ഹാളിലെ ഊണുമേശയ്‌ക്ക് മുന്നിലിരുന്നപ്പോള്‍ ചൂടുദോശയും ചട്‌നിയുമായി അമ്മയെത്തി. പ്രഭാത ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ വീണ്ടും അമ്മയുടെ ആത്മഗതം…
‘ഭാഗ്യം മഴയല്‍പം ശമിച്ചിട്ടുണ്ട്.. ചെറിയ ചാറ്റലേയുള്ളൂ. ഈ തോര്‍ച്ചയില്‍ വേഗമങ്ങ് പൊയ്‌ക്കോ..’
മറുത്തൊന്നും പറയാതെ ബാഗെടുത്ത് തോളില്‍ തൂക്കി കുടയും ചൂടി അനുസരണയുള്ള കുട്ടിയായി അമ്മയോട് യാത്ര പറഞ്ഞ് ഞാന്‍ സ്‌കൂളിലേക്ക് നടന്നു. വീട്ടില്‍ നിന്ന് പേയാട് ഹയര്‍ സെക്കണ്ടറി സ്‌കൂളിലേക്ക് കഷ്ടിച്ച് അരകിലോമീറ്ററേ ദൂരമുള്ളൂ. സാധാരണ അഞ്ച് മിനിട്ട് നടത്തം. നടത്തം ചാറ്റല്‍മഴയെ വകഞ്ഞുമാറ്റി ആയതിനാല്‍ ഇന്ന് സ്‌കൂളിലെത്താന്‍ സമയം ഒരല്‍പം കൂടുതലെടുത്തു. ഞാന്‍ സ്‌കൂളിലെത്തിയപ്പോള്‍ പറഞ്ഞുറപ്പിച്ചതു പോലെ മഴതോര്‍ന്നു. ക്ലാസില്‍ ആദ്യ പിരീഡിന്റെ ആരംഭത്തിന് മുന്നോടിയായി ഹേമ ടീച്ചര്‍ ഹാജര്‍ ബുക്കെടുത്ത് പേരുവിളിക്കല്‍ ചടങ്ങാരംഭിച്ചു. അഞ്ചാറുപേര്‍ ഹാജരില്ലെങ്കിലും ഭൂരിഭാഗവും ടീച്ചറിന്റെ പേരുവിളിക്ക് പ്രസന്ററിയിച്ചു. ശേഷം ചങ്ങമ്പുഴയുടെ പദ്യംചൊല്ലി ഹേമ ടീച്ചറുടെ മലയാളം ക്ലാസ്. രണ്ടാം പിരീഡില്‍ റോയി സാറിന്റെ കടുകട്ടി ഇംഗ്ലീഷ് പഠിപ്പിക്കല്‍. ക്ലാസുതുടങ്ങി അരമണിക്കൂര്‍ ആയപ്പോഴേക്കും സ്‌കൂളില്‍ കൂട്ടമണി മുഴങ്ങി. ഏതോ വിദ്യാര്‍ത്ഥി യൂണിയന്‍ ആഹ്വാനം ചെയ്ത പഠിപ്പുമുടക്ക് വിജയിപ്പിക്കാന്‍ യൂണിയന്‍ നേതാക്കളാണ് കൂട്ടമണിയടിച്ചത്. റോയി സാറിന്റെ അനുവാദത്തിന് കാത്തുനില്‍ക്കാതെ ബാഗുകളുമെടുത്ത് കുട്ടികള്‍ ഒറ്റയോട്ടം. ഞാനും ആ കൂട്ടത്തിനൊപ്പം ക്ലാസ് മുറിയുടെ ഇടനാഴിയിലേക്ക്. വീണുകിട്ടിയ അവധി ആഘോഷമാക്കി കുട്ടികളും അധ്യാപകരും നടന്നകലുന്നത് ഞാന്‍ നോക്കിനിന്നു. അപ്പോഴാണ് ആ കാഴ്ച എന്റെ കണ്ണിലുടക്കിയത്. സ്‌കൂളിന്റെ വടക്കുഭാഗത്ത് പത്ത് ക്ലാസ് മുറികളുള്ള, ഓടുമേഞ്ഞ നെടുനീളന്‍ കെട്ടിടത്തിനു മുകളില്‍ ഒരുപറ്റം കാക്കകള്‍. കലപില കൂട്ടാതെ എന്തോ തേടിയിരിക്കുന്നു. കുട്ടികള്‍ ഉച്ചയൂണ് കഴിഞ്ഞ് വലിച്ചെറിയുന്ന ആഹാരാവശിഷ്ടങ്ങളാണ് അവറ്റകളുടെ പ്രതീക്ഷയെന്ന് എനിക്ക് മനസിലായി. ഇന്നത് കിട്ടില്ലെന്ന തിരിച്ചറിവില്‍ ദുഃഖിച്ചിരിപ്പാണ് കാക്കകൂട്ടം. എനിക്ക് സങ്കടം തോന്നി. ഞാന്‍ ബാഗില്‍ നിന്ന് ചോറ്റുപാത്രം പുറത്തെടുത്തു. ചോറിനു മുകളില്‍ പൊരിച്ച മൊട്ടയും ചീരത്തോരനും നാരങ്ങയച്ചാറും. അമ്മ എനിക്കായി തന്നുവിട്ട ഉച്ചയൂണ്. ഞാന്‍ കാക്കകളിരുന്ന കെട്ടിടത്തിനരികിലെത്തി ചോറ്റുപാത്രത്തിലെ ചോറും കറികളും അവയ്‌ക്കായി വാരിവിതറി. പാറിപ്പറന്നെത്തിയ ബലികാക്കകളും കാവതികാക്കകളും ആര്‍ത്തിയോട് അത് കൊത്തിതിന്നുന്നത് ഇത്തിരിനേരം കണ്ടുനിന്നു ഞാനും. വിശപ്പെന്ന യാഥാര്‍ത്ഥ്യത്തിനു നേര്‍ക്ക് എനിക്കെങ്ങനെ കണ്ണടയ്‌ക്കാനാവും.
















