അബൂജ: നൈജീരിയയിലെ സ്വകാര്യ കാത്തലിക് സ്കൂളിൽ തോക്കുധാരികൾ അതിക്രമിച്ചുകയറി 303 വിദ്യാർഥികളെയും 12 അധ്യാപകരെയും തോക്കുധാരികള്‍ തട്ടിക്കൊണ്ടുപോയതായി ക്രിസ്ത്യൻ അസോസിയേഷൻ ഓഫ് നൈജീരിയ.
തുടര്‍ച്ചയായുള്ള തട്ടിക്കൊണ്ടുപോകലുകളുടെ പരമ്പരയിലെ ഏറ്റവും പുതിയ സംഭവങ്ങളിലൊന്നാണിത്. അഗ്വാര തദ്ദേശ സ്വയംഭരണ സ്ഥാപനമായ പാപ്പിരി സമൂഹത്തിലെ കത്തോലിക്ക സ്ഥാപനമായ സെ. മേരീസ് സ്കൂളിലാണ് ആക്രമണവും തട്ടിക്കൊണ്ടുപോകലും നടന്നത്.
നേരത്തേ 215 കുട്ടികളെയാണ് തട്ടിക്കൊണ്ടുപോയതെന്നായിരുന്നു വിവരം. എന്നാൽ, ശനിയാഴ്ച കുട്ടികളുടെ കണക്കെടുത്തുവെന്നും ഇതിൽ 300ലധികം കുട്ടികളെ കാണാനില്ലെന്നും സി.എ.എന്നിന്റെ നൈജർ സ്റ്റേറ്റ് ചാപ്റ്റർ ചെയർമാൻ മോസ്റ്റ് റവറന്റ് ബുലസ് ദൗവ യോഹന്ന വെള്ളിയാഴ്ച സ്കൂൾ സന്ദർശിച്ചശേഷം പ്രസ്താവനയിലൂടെ അറിയിച്ചു.
സംഭവത്തിന് പിന്നില്‍ ഭീകരസംഘടനകളാണോ അതോ പ്രാദേശിക ക്രിമിനല്‍ ഗ്രൂപ്പുകളാണോ എന്ന് വ്യക്തമല്ല. കുട്ടികളെയും അദ്ധ്യാപകരെയും കണ്ടെത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും പ്രദേശത്ത് സൈന്യത്തെ വിന്യസിച്ചിട്ടുണ്ടെന്നും അറ്റോറി വ്യക്തമാക്കി. കഴിഞ്ഞ തിങ്കളാഴ്ച പാപ്പിരിയില്‍ നിന്ന് 170 കിലോമീറ്റര്‍ അകലെയുള്ള മാഗയിലെ കെബ്ബി സംസ്ഥാനത്തുള്ള ഹൈസ്കൂള്‍ ആക്രമിച്ച് 25 വിദ്യാര്‍ത്ഥിനികളെയും 38 വിശ്വാസികളെയും തട്ടിക്കൊണ്ടുപോകുകയും ചെയ്തിരുന്നു. ക്വാറ സംസ്ഥാനത്തെ പള്ളിയിലുണ്ടായ ആക്രമണത്തില്‍ രണ്ട് പേര് കൊല്ലപ്പെടുകയും ചെയ്തു.
സമീപകാല സംഭവങ്ങളെ തുടര്‍ന്ന് നൈജീരിയന്‍ പ്രസിഡന്റ് ബോല ടിനുബു ഈ വാരാന്ത്യത്തില്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന ഗ്രൂപ്പ് ഓഫ് 20 ഉച്ചകോടിയിലേക്കുള്ള യാത്ര റദ്ദാക്കി.
സുരക്ഷാ പ്രശ്നങ്ങള്‍ ഉള്ളതിനാല്‍ നൈജീരിയയുടെ വടക്കന്‍ സംസ്ഥാനങ്ങളിലെ 47 ഫെഡറല്‍ യൂണിറ്റി കോളേജുകളും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളും ഫെഡറല്‍ വിദ്യാഭ്യാസ മന്ത്രാലയം പുറപ്പെടുവിച്ച സര്‍ക്കുലര്‍ പ്രകാരം അടച്ചുപൂട്ടി.











