കണ്ണൂര്‍: കേരളത്തില്‍ മൂന്നാമതും ഇടതുപക്ഷം അധികാരത്തില്‍ വന്നാല്‍ 2031ല്‍ ബിജെപി അധികാരത്തില്‍ വരുമെന്ന മുസ്ലിം ലീഗ് നേതാവിന്റെ വാക്കുകള്‍ ചര്‍ച്ചയാവുന്നു. കഴിഞ്ഞ ദിവസം മുസ്ലീം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്‍റ് അബ്ദുറഹ്മാന്‍ കല്ലായി ആണ് ഈ പ്രസ്താവന നടത്തിയത്.
അതുകൊണ്ട് കേരളത്തിലെ ഈ തദ്ദേശ തെരഞ്ഞെടുപ്പും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പും യുഡിഎഫ് പ്രവര്‍ത്തകര്‍ വലിയ ജാഗ്രതയോടെ കാണണമെന്നും അബ്ദുറഹ്മാന്‍ കല്ലായി പറഞ്ഞു. യുഡിഎഫിന്റെ കണ്ണൂര്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പ് യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അബ്ദുറഹ്മാന്‍ കല്ലായി.
ഏത് വിധേനെയും അതിനാല്‍ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം അധികാരത്തില്‍ വരാതെ നോക്കണമെന്നും അല്ലെങ്കില്‍ 2031ല്‍ ബിജെപി കേരളത്തില്‍ അധികാരത്തില്‍ വരുമെന്നുമായിരുന്നു അബ്ദുറഹ്മാന്‍ കല്ലായിയുടെ പ്രസ്താവന. ഈ പ്രസ്താവന വലിയ ഞെട്ടലോടെയാണ് ഇടത് , വലത് കേന്ദ്രങ്ങള്‍ ചര്‍ച്ച ചെയ്യുന്നത്. കാരണം കേരളത്തില്‍ ബിജെപി വലിയ തോതില്‍ മുന്നേറ്റം നടത്തുന്നുവെന്നതും ഇടത് വലത് ക്യാമ്പുകളില്‍ നിന്നും ബിജെപിയിലേക്ക് അടിയൊഴുക്കുകള്‍ ഉണ്ടെന്നുള്ളതും എല്ലാവര്‍ക്കും അറിയുന്ന സത്യമാണ്.
ഒരു തവണ കൂടി സിപിഎം അധികാരത്തില്‍ വരുന്നതോടെ ഇടത് പ്രസ്ഥാനങ്ങളുടെ പതനം പൂര്‍ത്തിയാകുമെന്നും അതോടെ ബിജെപി കേരളത്തില്‍ കുതിച്ചുയരുമെന്നതും രാഷ്‌ട്രീയനിരീക്ഷകര്‍ വിലയിരുത്തുന്ന കാര്യമാണ്.
മൂന്നാമത്, അതായത് 2026ല്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ തോറ്റാല്‍ യൂഡിഎഫും കോണ്‍ഗ്രസും കേരളത്തില്‍ ഇല്ലാതാകും എന്ന ഒരു ധ്വനിയും അബ്ദുള്‍ റഹ്മന്‍ കല്ലായിയുടെ വാക്കുകളില്‍ ഉണ്ട്. കാരണം 15 വര്‍ഷമൊന്നും പ്രതിപക്ഷമായി നില്‍ക്കാന്‍ അധികാരമോഹികളുടെ പാര്‍ട്ടിയായ കോണ്‍ഗ്രസിന് കഴിയില്ലെന്നുറപ്പാണ്. അതോടെ കോണ്‍ഗ്രസിലെ നല്ലൊരു ശതമാനം ബിജെപിയിലേക്ക് ഒഴുകിയെത്തും എന്നത് കേരളത്തിലെ രാഷ്‌ട്രീയം നിരീക്ഷിക്കുന്ന ഏത് കുഞ്ഞ് കുട്ടിക്കും അറിയാവുന്ന നഗ്നസത്യമാണ്.
കഴിഞ്ഞ ദിവസം മുസ്ലീംലീഗില്‍ നിന്നു പോലും ഒരു നേതാവ് ബിജെപിയില്‍ ചേര്‍ന്നിരുന്നു. ബിജെപിയുടെയും നരേന്ദ്രമോദി സര്‍ക്കാരിന്റെയും നയങ്ങളും വികസന പ്രവര്‍ത്തനങ്ങളും പോസീറ്റീവായി കാണുന്നവരുടെ എണ്ണം മുസ്ലിം സമുദായത്തിലും വര്‍ധിച്ച് വരികയാണ്.
















