കോഴിക്കോട്: സിപിഎമ്മിൽ ദരിദ്രർ ഉണ്ടാകാതിരിക്കാൻ വേണ്ടിയാണ് നേതാക്കന്മാർ സ്വർണം കട്ടുകൊണ്ടിരിക്കുന്നതെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ. കൊള്ളയെല്ലാം തീരുമ്പോൾ സമ്പൂർണ സമ്പന്ന പാർട്ടിയാണ് കമ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടിയെന്ന് മുഖ്യമന്ത്രി പ്രഖ്യാപനം നടത്തുമെന്നും അദ്ദേഹം പരിഹസിച്ചു. ഇവർ വിശ്വാസികളല്ലാത്തതിനാൽ ദൈവതുല്യൻ എന്നാണ് പാർട്ടിയിലെ താഴെയുള്ളവർ പറയാറുള്ളത്. പാർട്ടിയുടെ മുകളിലുള്ളവരാണ് അവരുടെ ദൈവം. അതിനാൽ ആ ദൈവത്തെ പിടിക്കട്ടേയെന്ന് സാക്ഷാൽ ദൈവത്തോട് പ്രാർത്ഥിക്കുന്നതായും ജോർജ് കുര്യൻ പറഞ്ഞു.
ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അയ്യപ്പൻ ആരെയും വിടില്ല. അറസ്റ്റിലായവരെല്ലാം നിരീശ്വരവാദികളാണ്. ആശയത്തിന്റെ അടിസ്ഥാനത്തിലാണ് പ്രവർത്തിക്കുന്നത്. അറസ്റ്റിലാകുന്നവരെല്ലാം ചിരിച്ച് സന്തോഷിച്ചു പോകുന്നു. ആശയപരമായ ഡ്യൂട്ടി ചെയ്തതിന്റെ സന്തോഷമാണെന്നും ജോർജ് കുര്യൻ പറഞ്ഞു. എഫ് ഐ ആർ രജിസ്റ്റർ ചെയ്താൽ, കള്ളപ്പണവും മറ്റും ഉൾപ്പെടുന്ന കേസുകളിൽ നിയമപരമായി കേന്ദ്ര ഏജൻസികൾക്ക് ഇടപെടാം. ഇടപെടുമെന്ന് വിശ്വസിക്കുന്നുവെന്നും ജോർജ് കുര്യൻ പറഞ്ഞു.
ജയകുമാറിനെ ദേവസ്വം ബോർഡ് പ്രസിഡന്റായി വെച്ചത് അടവ് നയമാണ്. ഒരു നടപടികളും സ്വീകരിക്കാതെ, തീർത്ഥാടനത്തിന് മുന്നൊരുക്കം നടത്താതെയാണ് അദ്ദേഹത്തെ നിയോഗിച്ചത്. അയ്യപ്പ വിശ്വാസി ആയതുകൊണ്ട് കഷ്ടിച്ച് ജയകുമാർ രക്ഷപ്പെട്ടുവെന്നും അദേഹം പറഞ്ഞു.
അതേസമയം ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ തുടർ അറസ്റ്റിലേക്ക് ഉടൻ കടക്കാൻ എസ്ഐടി നീക്കം. തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗങ്ങളായ കെ.പി ശങ്കർദാസും എൻ.വിജയകുമാറും നിരീക്ഷണത്തിലാണ്. ഉണ്ണികൃഷ്ണൻ പോറ്റിയെ എ. പത്മകുമാറിന് പരിചയപ്പെടുത്തിയവരെ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുന്നു.
















