ന്യൂദല്‍ഹി: മാവ് പൊടിക്കുന്ന യന്ത്രം ബോംബ് നിര്‍മ്മാണത്തിനായി ഡോക്ടര്‍ മുസമ്മല്‍ ഉപയോഗിച്ചതായി ചോദ്യം ചെയ്യലില്‍ എന്‍ഐഎ കണ്ടെത്തി. ഹരിയാനയിലെ ഫരീദാബാദില്‍ അല്‍ ഫല യൂണിവേഴ്സിറ്റിയില്‍ നിന്നും അധികം ദൂരെയല്ലാതെ ഡോക്ടര്‍ മുസമ്മല്‍ വാടകയ്‌ക്കെടുത്ത 15ാം നമ്പര്‍ മുറിയില്‍ ഈ മാവ് പൊടിക്കുന്ന യന്ത്രം ബോംബ് നിര്‍മ്മാണത്തിന് ഉപയോഗിച്ചിരുന്നു. പിന്നീട് തൊട്ടടുത്തുള്ള ഒരു ടാക്സി ഡ്രൈവറുടെ വീട്ടില്‍ നിന്നുമാണ് ഈ ഗ്രൈന്‍ഡര്‍ എന്‍ഐഎ കണ്ടെത്തിയത്. ഇവിടെ നിന്നും സ്പാര്‍ക്ക് ഉണ്ടാക്കാന്‍ സഹായിക്കുന്ന ചില ഇലക്ട്രിക് ഉപകരണങ്ങളും പിടിച്ചെടുത്തു.
ഗ്രൈന്‍ഡറില്‍ രാസവസ്തുക്കള്‍ നൈസായി പൊടിയാക്കിയാല്‍ അത് എളുപ്പം തീപിടിക്കും. ഇതിനാണ് പൊടിക്കുന്നത്. ഒരു തവണ 2900 കിലോഗ്രാം രാസവസ്തുക്കള്‍ ഡോക്ടര്‍ ഷഹീന്‍ ഷഹീദിന്റെ കാറില്‍ നിന്നും കണ്ടെത്തിയിരുന്നു. എത്ര വലിയ തോതിലുള്ള സ്ഫോടനമാണ് ഇവര്‍ ലാക്കാക്കിയിരുന്നതെന്ന് മനസ്സിലാക്കാം. ബോംബ് നിര്‍മ്മാണത്തിന് ഈ ഡോക്ടര്‍മാരുടെ സംഘം രണ്ട് വര്‍ഷമാണ് ചെലവഴിച്ചത്.
ബോംബ് നിര്‍മ്മാണത്തിന്റെ ഭാഗമായി യൂറിയ ഉള്‍പ്പെടെ പലതും ഡോക്ടര്‍ മുസമ്മല്‍ ഈ യന്തമുപയോഗിച്ച് പൊടിച്ചിരുന്നത് ഈ 15ാം നമ്പര്‍ മുറിയിലാണ്. ഈ മുറിയില്‍ നിന്നാണ് മുന്‍പ് നടത്തിയ റെയ്ഡില്‍ 360 കിലോഗ്രാം സ്ഫോടകവസ്തുക്കളും കണ്ടെത്തിയത്.
ഈ ഗ്രൈന്‍ഡര്‍ ഡോക്ടര്‍ മുസമ്മിലാണ് വാങ്ങിയതെന്ന് ഡ്രൈവറായ ഷബ്ബീര്‍ എന്‍ഐഎ ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തി. സഹോദരിയുടെ വിവാഹത്തിന് സമ്മാനമായി കൊടുക്കാനാണ് എന്ന് പറഞ്ഞാണ് ഡോക്ടര്‍ മുസമ്മല്‍ ഈ മാവ് പൊടിക്കുന്ന ഗ്രൈന്‍ഡര്‍ വാങ്ങിയതെന്നും ഷബ്ബിര്‍ പറയുന്നു.
ഷബ്ബീറിന്റെ വീട്ടില്‍ വെച്ചിരുന്ന അരയന്ത്രം പിറ്റേന്ന് മുസമ്മില്‍ തന്റെ 15ാം നമ്പര്‍ മുറിയില്‍ കൊണ്ടുവെച്ചു. ഇവിടെ യൂറിയ ഉള്‍പ്പെടെ ബോംബിനുള്ള പലതും ഈ യന്ത്രം കൊണ്ട് പൊടിച്ചിരുന്നതായി പറയുന്നു. എന്തായാലും ബോംബ് നിര്‍മ്മാണവും ഈ അരയന്ത്രവും തമ്മില്‍ നല്ല ബന്ധമുണ്ടെന്ന് എന്‍ഐഎ അറിയിച്ചു.
















