ന്യൂദല്‍ഹി: ദല്‍ഹി സ്‌ഫോടനം ആസൂത്രണത്തിനായി ഭീകരര്‍ പാക് അധിനിവേശ കശ്മീര്‍, അഫ്ഗാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരുമായി ബന്ധപ്പെട്ടുവെന്ന് കണ്ടെത്തല്‍. കേസില്‍ അറസ്റ്റിലായിട്ടുള്ളവര്‍ ഫോണ്‍ വഴി ഇവരുമായി സംസാരിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.
ലഷ്‌കര്‍ ഇ തൊയ്ബ, ജയ്‌ഷെ മുഹമ്മദ് എന്നീ ഭീകര സംഘടനകളുമായി ഇവര്‍ക്ക് ബന്ധങ്ങളുണ്ട്. വിദേശത്തുള്ള ഭീകരര്‍ ഭാരതത്തിലെ മൊഡ്യൂളുമായി നിരന്തരം ബന്ധപ്പെട്ടിരുന്നു. കൂടാതെ ഇവര്‍ തുടങ്ങിയ ടെലഗ്രാം ചാനലുകളിലും ഗ്രൂപ്പുകളിലും ഉമര്‍, ഷക്കീല്‍, ഷഹീന്‍ ഷാഹിദ് ഉള്‍പ്പടെയുള്ളവര്‍ അംഗങ്ങളായിരുന്നെന്നും കണ്ടെത്തി. അതേസമയം ഉമറും സംഘവുമായി നിരന്തരം ബന്ധപ്പെട്ടിരുന്നവരിലേക്കും എന്‍ഐഎ അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ഇവരെ ഒരു മാസത്തിനിടെ ഫോണില്‍ ബന്ധപ്പെട്ടിരുന്നവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം. കേസില്‍ കസ്റ്റഡിയിലുള്ളവരുടെയെല്ലാം ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചിട്ടുണ്ട്.
അതിനിടെ ഹരിയാന സോഹ്ന മസ്ജിദിലെ ഇമാം അടക്കം മൂന്ന് പേരെ ഫരീദാബാദ് പോലീസ് കസ്റ്റഡിയിലെടുത്തു. ഉമര്‍ ഈ മസ്ജിദില്‍ എത്തിയിരുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണിത്. അല്‍-ഫലാഹ് സര്‍വകലാശാലയിലെ മൂന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥി അഹമ്മദ് റാസയേയും പോലീസ് അറസ്റ്റ് ചെയ്തു. ഉമറിന്റെ അടുത്ത അനുയായി ആയിരുന്നു റാസ. വൈറ്റ് കോളര്‍ ഭീകര മൊഡ്യൂളിലെ പലരുമായും റാസ ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ഇയാളെ ചോദ്യം ചെയ്തതിനു പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. അറസ്റ്റിലായവരുടെ ഫോണുകളിലും റാസയുടെ പേരുണ്ട്. സഹാറന്‍പൂര്‍, ദിയോബന്ദ് എന്നിവിടങ്ങളിലുള്ള നിരവധി ഡോക്ടര്‍മാരും ജീവനക്കാരും അന്വേഷണസംഘത്തിന്റെ നിരീക്ഷണത്തിലാണ്.
















