കോഴിക്കോട്: പട്ടാപ്പകല്‍ ജ്വല്ലറിയില്‍ മോഷണം നടത്താന്‍ ശ്രമിച്ച സ്ത്രീയെ നാട്ടുകാര്‍ പിടികൂടി.ഇതോടെ ആത്മഹത്യാശ്രമം നടത്തിയ ഇവരെ ആളുകള്‍ കെട്ടിയിടുകയും പൊലീസില്‍ ഏല്‍പ്പിക്കുകയും ചെയ്തു.
പന്തീരങ്കാവിലെ സൗപര്‍ണിക ജ്വല്ലറിയിലാണ് സംഭവം. രാവിലെ പത്ത് മണിയോടെയാണ് യുവതി ജ്വല്ലറിയിലെത്തിയത്. ഇവര്‍ ആവശ്യപ്പെട്ടപ്രകാരം സെയില്‍സ്മാന്‍ ആഭരണം കാണിച്ചുകൊടുത്തു. ഇതിനിടെ സ്ത്രീയും സെയില്‍സ്മാനും തമ്മില്‍ തര്‍ക്കം ഉണ്ടായപ്പോള്‍ കടയുടമ ഇടപെട്ടു.
ഈ തര്‍ക്കത്തിനിടെ ഇവര്‍ മുളക് സ്‌പ്രേ പ്രയോഗിച്ച് മോഷണത്തിന് ശ്രമിക്കുകയായിരുന്നു. കടയുടമ ബഹളം വച്ചതോടെ നാട്ടുകാര്‍ ഓടിയെത്തി സ്ത്രീയെ പിടികൂടി. ഇതിനിടെ കൈയിലുണ്ടായിരുന്ന മണ്ണെണ്ണ ഒഴിച്ച് ഇവര്‍ തീ കൊളുത്താന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ തടഞ്ഞു. പിന്നീട് പൊലീസെത്തി ഇവരെ കസ്റ്റഡിയില്‍ എടുത്തു.
















