വിവിധ രാജ്യങ്ങളുടെ സൈനികരടങ്ങിയ ഒരു അന്താരാഷ്‌ട്ര സേനയെ ഗാസയില്‍ വിന്യസിക്കാനുള്ള അമേരിക്കന്‍ പ്രമേയത്തിന് ഐക്യരാഷ്‌ട്ര സഭയുടെ സുരക്ഷാ കൗണ്‍സില്‍ അംഗീകാരം നല്‍കിക്കഴിഞ്ഞു. കൗണ്‍സിലിലെ പതിനഞ്ച് അംഗങ്ങളില്‍ പതിമൂന്ന് രാജ്യങ്ങളുടെയും പിന്തുണയോടെയാണ് പ്രമേയം അംഗീകരിച്ചത്. ശ്രദ്ധേയമായത് സ്ഥിരാംഗങ്ങളായ ചൈനയും റഷ്യയും യോഗത്തില്‍ നിന്നു വിട്ടുനിന്നുവെന്നുള്ളതാണ്. സൗദി, യുഎഇ, തുര്‍ക്കി, ഈജിപ്ത് തുടങ്ങിയ പ്രധാന രാജ്യങ്ങളും പുതിയ മാറ്റങ്ങള്‍ക്ക് സമ്മതം മൂളി. ഹമാസിനെ നിരായുധീകരിക്കാന്‍ തീരുമാനിച്ച ‘ബോര്‍ഡ് ഓഫ് പീസ് എന്ന പുതിയ ഭരണ നിര്‍വ്വഹണ സംവിധാനത്തെയും ഈ രാജ്യങ്ങള്‍ അംഗീകരിച്ചു. ഇസ്ലാമിക ലോകത്തിന്റെ അനുകൂല നിലപാട് തന്നെയാണ് ചൈന, റഷ്യ തുടങ്ങിയ രാജ്യങ്ങളെ അമേരിക്കന്‍ പ്രമേയത്തിനെതിരെ വീറ്റോ അധികാരം പ്രായോഗിക്കാതിരിക്കാന്‍ പ്രേരിപ്പിച്ചത്. പശ്ചിമേഷ്യയിലെ സംഘര്‍ഷം അവസാനിക്കുകയെന്നത് മേഖലയിലെ എണ്ണയെ ആശ്രയിക്കുന്ന ചൈനയുടെയും ലക്ഷ്യമാണ്. മുഖ്യ താല്പര്യങ്ങള്‍ സുരക്ഷയും സാമ്പത്തിക വളര്‍ച്ചയും തന്നെയാണ്.
ഹമാസിന് സമാനമായ ഇസ്ലാമിക ഭീകര സംഘടനകള്‍ വീണ്ടുമുയര്‍ന്നു വരാതിരിക്കാനാണ് സ്ഥിരം സേനയെ ഗാസയില്‍ നിലനിര്‍ത്തുന്നത്. വിവിധ രാജ്യങ്ങള്‍ തങ്ങളുടെ സൈന്യത്തെ അയയ്‌ക്കാന്‍ തയ്യാറായിരിക്കുകയാണ്. സാമ്പത്തിക പ്രതിസന്ധിയും തൊഴിലില്ലായ്‌മയും രൂക്ഷമായ പാകിസ്ഥാന്‍, തങ്ങളുടെ പട്ടാളത്തെ കൂലിക്കയക്കാന്‍ മുന്നോട്ട് വന്നിട്ടുണ്ട്. ഇതിനായി പാക്കിസ്ഥാന്‍ പ്രതിനിധികള്‍ ഇസ്രായേല്‍ -അമേരിക്കന്‍ അധികൃതരുമായി കുറച്ചു നാളായി ചര്‍ച്ച നടത്തുന്നു. ഈ മാസം ലണ്ടനില്‍ നടന്ന വേള്‍ഡ് ട്രാവല്‍ മാര്‍ക്കറ്റിനിടെ പാകിസ്ഥാന്‍ പ്രധാനമന്ത്രിയുടെ ടൂറിസം കോര്‍ഡിനേറ്റര്‍ സര്‍ദാര്‍ യാസിര്‍ ഇല്യാസ്, ഇസ്രായേല്‍ ടൂറിസം മന്ത്രാലയ ഡയറക്ടര്‍ ജനറല്‍ മൈക്കല്‍ ഇസ്ഹാര്‍-കോവുമായി നടത്തിയ കൂടിക്കാഴ്ചയാണ് ഇതില്‍ ഏറ്റവും അവസാനത്തേത്. ഗാസയെ അന്താരാഷ്‌ട്ര വിനോദസഞ്ചാര കേന്ദ്രമാക്കാമെന്ന ട്രംപിന്റെ മുന്‍കാല അഭിപ്രായം ഇതിനോടുകൂട്ടി വായിക്കണം.
മേഖലയിലെ പ്രധാന ഭീക്ഷണിയായി ഇസ്ലാമിക രാജ്യങ്ങള്‍ കാണുന്നത് ആണവായുധം വികസിപ്പിക്കാന്‍ ശ്രമിക്കുന്ന ഇറാനെയാണ്. സൗദിയും ഇറാനെ ആശങ്കയോടെ വീക്ഷിക്കുന്നു. പാകിസ്ഥാനിലെ ബലൂച് സ്വാതന്ത്ര്യ സമര പോരാളികള്‍ക്ക് ഇറാന്‍ സഹായം നല്‍കുന്നുവെന്ന് പാകിസ്ഥാനും വിശ്വസിക്കുന്നുണ്ട്. ഒപ്പം ഭാരതത്തിനും അഫ്ഗാനിസ്ഥാനുമിടയില്‍ വളരുന്ന ബന്ധവും ഇസ്ലാമാബാദിന്റെ ഉറക്കം കെടുത്തുന്നു. ഹൂതി, ഹമാസ് തുടങ്ങിയ പശ്ചിമേഷ്യയിലെ പ്രധാന ഭീകരവാദ ശക്തികള്‍ക്ക് സഹായം നല്‍കുന്ന ഇറാന്റെ നടപടി ഇസ്രായേലിനും തലവേദനയാണ്.
ഇറാനെന്ന പൊതു ഭീക്ഷണി ഒഴിവാക്കാനാണ് സൗദിയും പാകിസ്ഥാനും അമേരിക്കയോടും ഇസ്രായേലിനോടും ചേര്‍ന്നു മേഖലയില്‍ സഹകരണം ശക്തമാക്കിയിരിക്കുന്നത്. പാകിസ്ഥാനും സൗദിയും പരസ്പര സൈനികസഹായ കരാറില്‍ അടുത്തിടെ ഒപ്പിട്ടിരുന്നു. ഇറാനും സൗദിയുമുള്‍പ്പടെയുള്ള രാജ്യങ്ങളുടെ സൗഹൃദ രാഷ്‌ട്രമായ ചൈനയുടെ മേഖലയിലെ സാന്നിധ്യത്തിന് പൂട്ടിടുകയെന്ന താല്പര്യവും അമേരിക്കയ്‌ക്കുണ്ട്. യൂറോപ്പിന്റെ സുരക്ഷയില്‍ നിന്നു പിന്മാറിത്തുടങ്ങുന്ന അമേരിക്കയുടെ പ്രധാന ശ്രദ്ധാകേന്ദ്രമിപ്പോള്‍ ഇന്‍ഡോ-പസഫിക്കാണ്. മേഖലയിലെ അമേരിക്കയുടെ പ്രധാന ചട്ടുകമാണ് പാക്കിസ്ഥാന്‍.
ചൈന -പാകിസ്ഥാന്‍ സാമ്പത്തിക ഇടനാഴി(സിപിഇസി) പദ്ധതിയില്‍ നിന്നു പാകിസ്ഥാന്‍ പിന്മാറിയത് അമേരിക്കന്‍ സമ്മര്‍ദ്ദത്താലാണ്. 62 ബില്യണ്‍ യു. എസ് ഡോളര്‍ മുടക്കി ചൈനയില്‍ നിന്നു പാക്അധീന ജമ്മു കാശ്മീരിലൂടെ പാക് തീരത്തെ അറബിക്കടലുമായി ബന്ധിപ്പിക്കുന്ന പദ്ധതിയാണ് ഈ ഇടനാഴി. സിപിഇസിയുടെ ഭാഗമായുള്ള തുറമുഖ നിര്‍മ്മാണത്തില്‍ നിന്നു ഖത്തറും പിന്മാറി. ട്രംപ് രണ്ട് തവണ ഖത്തര്‍ സന്ദര്‍ശിച്ചത് ഇതിനാവശ്യമായ ചര്‍ച്ച നടത്താനായിരുന്നുവെന്ന് വേണം കരുതാന്‍. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നേതാന്യാഹുവിന്മേല്‍ ട്രംപ് തന്നെ സമ്മര്‍ദ്ദം ചെലുത്തിയതിന്റെ ഫലമായി ഖത്തറില്‍ ആക്രമണം നടത്തിയതിന് അദ്ദേഹം ഖേദം പ്രകടിപ്പിച്ചിരുന്നു.
ഇതിനൊക്കെ പ്രതിഫലമായി പാകിസ്ഥാന്‍ പ്രതീക്ഷിക്കുന്നത് അമേരിക്കയുടെയും ഗള്‍ഫ് രാജ്യങ്ങളുടെയും സാമ്പത്തിക സഹായങ്ങളും നിക്ഷേപങ്ങളുമാണ്. 16 ബില്യണ്‍ യുഎസ് ഡോളര്‍ വിദേശ കരുതല്‍ ധനം മാത്രമാണ് പാകിസ്ഥാന്റെ കൈവശമുള്ളത്. 20 ബില്യണ്‍ യുഎസ് ഡോളര്‍ കൈവശമുള്ള നേപ്പാളിനേക്കാള്‍ കുറവാണിത്. വിലക്കയറ്റവും തൊഴിലില്ലായ്‌മയും ജനങ്ങളെ വലയ്‌ക്കുന്നു. അതുകൊണ്ട് തന്നെ തങ്ങള്‍ നേരിടുന്ന പ്രതിസന്ധിക്ക് അന്താരാഷ്‌ട്ര സാമ്പത്തിക സ്ഥാപനങ്ങളില്‍ നിന്നു ധനസഹായം ലഭിക്കാന്‍ അമേരിക്കയുടെ സഹായം പാകിസ്ഥാന്‍ പ്രത്യുപകാരമായി പ്രതീക്ഷിക്കുന്നു. പെന്റഗണിന്റെ മുന്നറിയിപ്പ് മറികടന്ന് എ35 ഫൈറ്റര്‍ ജെറ്റ് സൗദിക്ക് നല്‍കാന്‍ ട്രംപ് തയ്യാറാവുന്നുവെന്നാണ് റിപ്പോര്‍ട്ട്. സുരക്ഷയും ലോക കമ്പോളത്തില്‍ കൂടുതല്‍ ഇടപെടലുമാണ് സൗദിയുടെ ലക്ഷ്യം. അതുകൊണ്ട് മേഖലയില്‍ സമാധാനം കൊണ്ടുവരുവാന്‍ ഇറാന്റെ ആണവ പദ്ധതകളെ തകര്‍ക്കാന്‍ അമേരിക്ക ഇനിയും സഹായം നല്‍കും. സൗദിയും യുഎഇയും നേരത്തെ തന്നെ ഇസ്രായേലുമായി നയതന്ത്രബന്ധം സ്ഥാപിച്ചിരുന്നു. തത്ഫലമായി ഇസ്രായേലിന്റെ സുരക്ഷയ്‌ക്ക് ഭീക്ഷണിയായ ഹമാസിനെ ഇല്ലാതാക്കാന്‍ ഈ രാജ്യങ്ങള്‍ സഹകരണം വര്‍ദ്ധിപ്പിക്കുകയാണ്. പശ്ചിമേഷ്യയിലെ സംഘര്‍ഷം അവസാനിപ്പിക്കണമെന്നാണ് ഭാരതത്തിന്റെയും താല്പര്യം.
നിര്‍ത്തണം മുതലക്കണ്ണീര്‍
പശ്ചിമേഷ്യയില്‍ സമ്പന്നരും -വരേണ്യരുമായ മുസ്ലിങ്ങള്‍ ജീവിക്കുന്ന സൗദി, യുഎഇ പോലുള്ള രാജ്യങ്ങളിപ്പോള്‍ ആഗ്രഹിക്കുന്നത് മേഖലയിലെ സമാധാനമാണ്. എണ്ണയുഗത്തിന് ശേഷവും തങ്ങളുടെ സമ്പദ് വ്യവസ്ഥയ്‌ക്കു വളരാനുള്ള പ്രവര്‍ത്തനങ്ങളിലാണ് അവരുടെ ശ്രദ്ധ. ‘വിഷന്‍-2030′ എന്നാണ് അതിനു സൗദി നല്‍കിയിരിക്കുന്ന പേര്. വിദ്യാഭ്യാസം നല്‍കിയും ഇസ്ലാമിക തീവ്ര ആശയങ്ങള്‍ കൈവിട്ടും സ്ത്രീകള്‍ക്ക് കൂടുതല്‍ അവകാശങ്ങള്‍ നല്‍കിയും മറ്റ് സമൂഹങ്ങളുമായി കൂടുതല്‍ ഇടപഴകാനാണ് അവര്‍ ശ്രമിക്കുന്നത്. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്‌ക്കും പൗരന്മാരുടെ സുരക്ഷയ്‌ക്കുമാണ് മുഖ്യ പരിഗണന. രാജ്യങ്ങളുടെ മതപരമായ ഐക്യത്തിന് വളരെ കുറഞ്ഞ പ്രാധാന്യമേ നല്‍കുന്നുള്ളൂ. അതുകൊണ്ട് തന്നെയാണ് സൗദി, യു.എ.ഇ പോലെയുള്ള ഇസ്ലാമിക രാജ്യങ്ങളില്‍ പലസ്തീന്‍ -ഗാസ അനുകൂല പ്രകടങ്ങളും സമ്മേളങ്ങളും അനുവദിക്കാത്തതും.
ഭാരതം, പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍, ആഫ്രിക്ക തുടങ്ങിയ ഇടങ്ങളിലെ ഇസ്ലാമിക തീവ്രവാദശക്തികളുടെ ആഖ്യാനം മാത്രമാണ് ഗള്‍ഫ് രാജ്യങ്ങളുടെ മതപരമായ ഐക്യമെന്നത്. ഇസ്ലാംഇതര രാജ്യങ്ങളില്‍ മതം വളര്‍ത്താനും പണം സമ്പാദിക്കാനും വിശ്വാസികളെ തീവ്രവല്‍ക്കരിക്കാനും ഭീകര സംഘടനകള്‍ പയറ്റുന്ന തന്ത്രങ്ങളാണിവ. പലസ്തീനികളുടെ പേരില്‍ ആയിരക്കണക്കിന് കോടി ഡോളറാണ് ലോകത്താകമാനമായി ഹമാസ് നേതാക്കന്മാര്‍ പിരിച്ചത്. പലസ്തീനികള്‍ പട്ടിണി കിടക്കുമ്പോള്‍ ഖത്തറടക്കമുള്ള രാജ്യങ്ങളില്‍ സുഖലോലുപരായിട്ടാണ് ഹമാസ് നേതാക്കന്മാര്‍ ജീവിക്കുന്നത്.
ഹമാസ് രാഷ്‌ട്രീയ നേതാവ് ഇസ്മായില്‍ ഹനിയുടെ സ്വകാര്യ സമ്പത്ത് 4 മുതല്‍ 5 ബില്യണ്‍ യു.എസ് ഡോളര്‍ വരെയായിരുന്നു. ഗാസയില്‍ ആര്‍ഭാട ജീവിതം നയിച്ചിരുന്ന ഹനിയയുടെ മക്കള്‍ സ്പോര്‍ട്സ് കാറുകളില്‍ സഞ്ചരിക്കുകയും റിയല്‍ എസ്റ്റേറ്റ് തുടങ്ങിയ വലിയ ബിസിനസുകള്‍ നടത്തുയും ചെയ്യുന്നവരായിരുന്നു. ഹമാസ് നേതാവായ ഖാലിദ് മഷാലിന് ഏകദേശം 2.5 മുതല്‍ 5 ബില്യണ്‍ ഡോളര്‍ വരെ മൂല്യമുള്ള സ്വകാര്യ സ്വത്തുണ്ട്. പലസ്തീനിലേക്ക് വരുന്ന ഭക്ഷ്യ വസ്തുക്കള്‍ തട്ടിയെടുത്ത് പലസ്തീനികള്‍ക്കു തന്നെ ഉയര്‍ന്ന വിലയ്‌ക്ക് വില്‍ക്കുകയും എല്ലാത്തിനും നികുതി ചുമത്തി പണം സമ്പാദിക്കുകയുമാണ് ഹമാസ് നേതൃത്വം ചെയ്യുന്നത്. ഈ പണത്തില്‍ കണ്ണുവച്ചാണ് ഭാരതത്തിലെ, പ്രത്യേകിച്ചു കേരളത്തിലെ സിനിമ പ്രവര്‍ത്തകരും മാധ്യമങ്ങളും അവതാരകരടക്കമുള്ളവരും പലസ്തീന് വേണ്ടി പ്രഹസനങ്ങള്‍ നടത്തുന്നത്.
പലസ്തീനിലെ കുട്ടികളുടെ പേരില്‍ നടത്തുന്ന കുപ്രചാരണങ്ങളില്‍ ജമാഅത്-ഇസ്ലാമി, പിഎഫ്ഐ, എസ്ഡിപിഐ പോലെയുള്ള മത തീവ്രവാദികളുടെയും അവര്‍ പത്ര-ദൃശ്യ-സമൂഹ മാധ്യമങ്ങളിലൂടെ നടത്തുന്ന തീവ്രവാദ അജണ്ടയില്‍ ഇസ്ലാമിക സമൂഹം വഴുതി വീഴാതിരിക്കുകയെന്നതാണ് പ്രധാനം. ഭീകരവാദത്തിനെതിരെയുള്ള രാജ്യത്തിന്റെ പോരാട്ടത്തില്‍ ഭാരതീയരെന്ന നിലയില്‍ ഒന്നിച്ചുള്ള പോരാട്ടമാണ് ഡല്‍ഹിയിലെ ചെങ്കോട്ട ബോംബ് സ്ഫോടനം പോലെയുള്ളവ ആവര്‍ത്തിക്കാതിരിക്കാന്‍ വേണ്ടത്. ഇസ്ലാമിക ലോകത്തിന് പോലും വേണ്ടാതായിരിക്കുന്ന പലസ്തീന്‍ വിഷയമുപയോഗിച്ച് തീവ്ര ആശയങ്ങള്‍ ഭാരതത്തില്‍ പ്രചരിപ്പിക്കുന്നത് തടയാന്‍ കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകളും തയ്യാറാവണം.
ബോംബെ ഹൈക്കോടതി സിപിഎമ്മിനെതിരെ നടത്തിയ വിമര്‍ശനം ഇപ്പോള്‍ പ്രസക്താവുകയാണ്. കോടതി പറഞ്ഞത് ഇങ്ങനെ:’നിങ്ങള്‍ക്ക് ഹ്രസ്വദൃഷ്ടിയാണെന്ന് പറയേണ്ടി വന്നതില്‍ ഖേദമുണ്ട്. ഇവിടെ സംഭവിക്കുന്നത് അവഗണിച്ചുകൊണ്ട് ഗാസയെയും പലസ്തീനെയും നോക്കുകയാണ് നിങ്ങള്‍. എന്തുകൊണ്ടാണ് നിങ്ങള്‍ സ്വന്തം രാജ്യത്തിനായി ഒന്നും ചെയ്യാത്തത്? സ്വന്തം രാജ്യത്തേയ്‌ക്ക് നോക്കൂ. ദേശസ്‌നേഹികളാകൂ. നിങ്ങള്‍ ദേശസ്‌നേഹികളാണെന്ന് സ്വയം പറയുന്നു. പക്ഷേ ഇത് ദേശസ്‌നേഹമല്ല. ആദ്യം സ്വന്തം രാജ്യത്തെ പൗരന്മാരോട് സ്‌നേഹം കാണിക്കൂ.’
















