പതിനെട്ടു മലകളുടെ പൂങ്കാവനത്തില്‍ അയ്യപ്പസാന്നിധ്യം അറിയിച്ചു കൊണ്ടു ഉയര്‍ന്നു നില്‍ക്കുന്ന കൊടി മരത്തിന് വലിയ സ്ഥാനമാണുള്ളത്. ക്ഷേത്രത്തിന്റെ നട്ടെല്ലാണ് കൊടിമരം. അയ്യപ്പസന്നിധിയില്‍ വാജി വാഹനവും വഹിച്ചു കൊണ്ടുള്ള പുതിയ സ്വര്‍ണക്കൊടിമരമാണ് ഇപ്പോഴുള്ളത്. 2017 ജൂണ്‍ 25 ന് ആയിരുന്നു സന്നിധാനത്ത് ഇപ്പോള്‍ കാണുന്ന കൊടിമരം പ്രതിഷ്ഠിച്ചത്.
പഴയ കൊടിമരത്തിന് ജീര്‍ണതയുണ്ടെന്ന് ദേവപ്രശ്‌നത്തില്‍ കണ്ടതിനെത്തുടര്‍ന്നാണ് പുതിയ കൊടിമരം സ്ഥാപിച്ചത്.
കോന്നി വയക്കരയില്‍ നിന്നുള്ള ലക്ഷണമൊത്ത തേക്കുമരത്തിനാണ് അയ്യപ്പസന്നിധിയില്‍ കൊടി മരമാകാന്‍ യോഗമുണ്ടായത്.
ആചാരങ്ങളില്‍ എള്ളിട തെറ്റാതെയാണ് തേക്കുമരം കൊടിമരമായത്.
കോന്നി വയക്കരയില്‍ തന്ത്രി വ്യക്ഷപൂജ നടത്തിയ ശേഷം മുറിച്ചെടുത്ത തേക്ക് നിലം തൊടാതെ ആഘോഷ പൂര്‍വ്വമാണ് പമ്പയില്‍ എത്തിച്ചത്.
പമ്പയില്‍ ആഞ്ജനേയ ക്ഷേത്രത്തിന് സമീപം ഇത് ഒരു വര്‍ഷം ഉണങ്ങാന്‍ സൂക്ഷിച്ചു.
ആരും തൊടാതെ വിശുദ്ധമായി സൂക്ഷിച്ച മരം പിന്നീട് ചെത്തിയൊരുക്കി.
മിനുക്കിയ തേക്കുതടി നിലം തൊടാതെ തന്നെ പ്രത്യേകം
നിര്‍മ്മിച്ച തോണിയില്‍ ഇറക്കിവച്ചു. പിന്നെ ഔഷധകൂട്ടിന്റെ
നിര്‍മ്മാണം തുടങ്ങി.
മുപ്പത്തിയഞ്ച് കൂട്ടം പച്ചമരുന്നുകള്‍ ചേര്‍ത്താണ് ഇത് തയ്യാറാക്കിയത്.
ഈ കൂട്ട് കറുത്ത എള്ളിന്റെ എണ്ണയില്‍ ചേര്‍ത്ത് വറ്റിച്ചു.
അത്തി, ഇത്തി, രാമച്ചം തുടങ്ങിയ മരുന്നുകള്‍ മരത്തിന്റെ ബലം കൂട്ടാനുള്ളതാണ്.
175 സെമീ വണ്ണമുള്ള തേക്കാണ് കൊടിമരത്തിനായി മുറിച്ചത്.
വനത്തില്‍ നിന്നപ്പോഴത്തെ കിഴക്കു ഭാഗം കൊടിമരമാക്കിയപ്പോഴും കിഴക്കായിട്ടാണ് വന്നിരിക്കുന്നത്.
വനത്തില്‍ തേക്കുമരം നിന്നിരുന്നത് കിഴക്ക് അയ്യന്‍ കോവില്‍ ക്ഷേത്രത്തിന് അഭിമുഖമായിട്ടായിരുന്നു. പതിന്നാല് കോല്‍ രണ്ടു വിരലാണ് കൊടിമരത്തിന്റെ ഉയരം. ഭൂമിക്കടിയിലേക്ക് പോകുന്ന നാളത്തോടു കൂടിയ നീളം 16 കോല്‍ രണ്ടു വിരല്‍ ആണ്.
ഗര്‍ഭദ്വാരത്തില്‍ നിന്നുള്ള ഉയരത്തിന്റെ അഞ്ചില്‍ ഒന്നാണ് കടവണ്ണം.
അതില്‍ എട്ടില്‍ ഒന്ന് കുറച്ചാണ് തലവണ്ണം കണക്കാക്കിയിട്ടുള്ളത്.
ശാസ്താവിന്റെ വാഹനമായ കുതിരയെയാണ് കൊടിമരത്തിന് മുകളില്‍ സ്ഥാപിച്ചിരിക്കുന്നത്.
(ശബരിമല വിജ്ഞാന കോശം എന്ന ഗ്രന്ഥത്തില്‍ നിന്ന്)
















