തിരുവനന്തപുരം (19-11-2025): സംസ്ഥാനത്തെ തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിനെതിരെ ഹർജിയുമായി സിപിഎം സുപ്രീംകോടതിയിൽ. തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണം റദ്ദാക്കണമെന്നാണ് ആവശ്യം. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി നിയമ വിരുദ്ധമെന്നും ഭരണഘടനാ വിരുദ്ധമെന്നും സിപിഎം ഹർജിയിൽ ആരോപിച്ചു.
ലക്ഷക്കണക്കിന് വോട്ടർമാരെ പട്ടികയ്‌ക്ക് പുറത്താക്കുന്നതാണ് എസ്ഐആറെന്നും പ്രവാസികൾ ഉൾപ്പടെയുള്ള വോട്ടർമാർ പട്ടികയിൽ നിന്ന് പുറത്താക്കപ്പെടുമെന്നും സിപിഐഎം ഹർജിയിൽ ആരോപിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനാണ് ഹർജി നൽകിയത്. തദ്ദേശ തെരഞ്ഞെടുപ്പിനൊപ്പമുള്ള എസ്ഐആർ നടപടി ബിഎൽഒമാരെ സമ്മർദത്തിലാക്കുന്നതാണെന്നും സിപിഎം പറയുന്നു.
അതേസമയം എസ്ഐആർ നടപടികൾ നിർത്തിവെയ്‌ക്കണമെന്നുള്ള ഹർജി പരിഗണിക്കണമെന്ന് സർക്കാർ ഇന്ന് സുപ്രീംകോടതിയിൽ ആവശ്യപ്പെടും. തദ്ദേശ തെരഞ്ഞെടുപ്പ് പൂർത്തിയാക്കും വരെ എസ്‌ഐആർ നടപടികൾ നിർത്തിവെക്കമമെന്നാണ് കേരളം ഹർജിയിൽ ആവശ്യപ്പെടുന്നത്.എസ്‌ഐആർ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസും മുസ്‌ലിം ലീഗും സുപ്രീംകോടതിയെ സമീപിച്ചിരുന്നു.
















