കൊച്ചി: അഴിമതി നടത്തില്ലെന്ന് പറഞ്ഞ് അധികാരത്തിലെത്തിയ ഇടതുപക്ഷ സർക്കാർ അഴിമതിക്കാരെ സംരക്ഷിക്കുന്ന സർക്കാരായി മാറിയെന്ന് കേരള ഹൈക്കോടതി. ഇത് പരിതാപകരമായ അവസ്ഥയാണെന്ന് ജസ്റ്റിസ് എ ബദറുദീൻ വിമർശിച്ചു. കശുവണ്ടി വികസന കോർപറേഷൻ അഴിമതിക്കേസിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ച ഹൈക്കോടതി ഒരാഴ്‌ചയ്‌ക്കകം വിശദീകരണം നൽകണമെന്നും നിർദേശിച്ചു.
കോർപറേഷൻ മുൻ ചെയർമാൻ ആർ ചന്ദ്രശേഖരനെയും കശുവണ്ടി വികസന കോർപറേഷൻ മുൻ എംഡി കെ എ രതീഷിനെയും വിചാരണ ചെയ്യാൻ സിബിഐയ്‌ക്ക് സർക്കാർ പ്രോസിക്യൂഷൻ അനുമതി നൽകിയിരുന്നില്ല. മൂന്ന് തവണയാണ് സർക്കാർ അനുമതി നിരസിച്ചത്. ഈ സാഹചര്യത്തിൽ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യ നടപടി തുടരണമെന്നാവശ്യപ്പെട്ട് കടകംപള്ളി മനോജ് നൽകിയ അപേക്ഷ പരിഗണിക്കുകയായിരുന്നു കോടതി.
‘കോടതിയലക്ഷ്യപരമായ നിലപാടാണ് സർക്കാർ സ്വീകരിക്കുന്നത്. സർക്കാർ അഴിമതിക്കാർക്കൊപ്പം നീങ്ങുകയാണ്. എന്തിനാണ് ഈ വ്യക്തികളെ സംരക്ഷിക്കുന്നത്? ആരാണ് ഇതിനുപിന്നിലെന്നും ഹൈക്കോടതി ചോദിച്ചു. നിയമവാഴ്ചയെ അല്ല, രാഷ്‌ട്രീയ മേലാളന്മാരെയാണ് കേസിൽ ഉൾപ്പെട്ടവർ അനുസരിക്കുന്നതെന്നും ഹർജിക്കാരന്റെ അഭിഭാഷകൻ വാദിച്ചു.
കശുവണ്ടി വികസന കോർപറേഷൻ 2006-2015 കാലഘട്ടത്തിൽ അസംസ്‌കൃത കശുവണ്ടി ഇറക്കുമതി ചെയ്തതിൽ കോടികളുടെ അഴിമതി നടന്നുവെന്നാണ് കേസ്. ആർ ചന്ദ്രശേഖരനും കെ എ രതീഷുമാണ് കേസിലെ പ്രധാന പ്രതികൾ. ഹൈക്കോടതി നിർദേശപ്രകാരം 2016ലാണ് കേസിൽ സിബിഐ അന്വേഷണം ഏറ്റെടുത്തത്.
















