കേരളത്തിലെ, മലബാറിലെ, ഏഴായിരത്തോളം ഭാരത പൗരന്മാര്‍ ഇപ്പോഴും ബ്രിട്ടീഷ് ഭരണത്തിന്‍ കീഴിലാണ്. കാരണം അവര്‍ ജോലിചെയ്യുന്ന മലബാറിലെ 1562 ക്ഷേത്രങ്ങള്‍ ഇപ്പോഴും ഭരിക്കപ്പെടുന്നത് ബ്രിട്ടീഷ് നിയമമനുസരിച്ചാണ്. കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ തൊഴില്‍പരമായി നേരിടുന്നുണ്ടെന്ന് ഒരു സിറ്റിങ്ങില്‍ കേരളത്തിലെ മനുഷ്യാവകാശ കമ്മിഷന്‍ അംഗം പരാമര്‍ശിക്കപ്പെടുന്നത്രയും മോശമായ അവസ്ഥയിലൂടെയാണ് ജീവനക്കാര്‍ കടന്നു പോകുന്നത്. ആ ജീവനക്കാരില്‍ ഭൂരിഭാഗവും തങ്ങള്‍ ജോലി ചെയ്യുന്ന ക്ഷേത്രങ്ങളോടുളള പാരമ്പര്യപരമായും വിശ്വാസപരമായുമുളള വൈകാരിക അടുപ്പം കൊണ്ടു മാത്രമാണ് ജോലിയില്‍ തുടരുന്നത്.
മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്നപ്പോള്‍ ബ്രിട്ടീഷുകാര്‍ കൊണ്ടുവന്ന ഹിന്ദു റിലീജിയസ് ആന്‍ഡ് ചാരിറ്റബിള്‍ എന്‍ഡോവ്മെന്റ് ആക്ട് അനുസരിച്ചാണ് മലബാറിലെ ചെറുതും വലുതുമായ 1562 ക്ഷേത്രങ്ങളില്‍ ഭരണം നടക്കുന്നത്. കേരളത്തിലെ മറ്റു ക്ഷേത്രങ്ങളിലും ദേവസ്വങ്ങളിലും കേരള നിയമവും മലബാറില്‍ മാത്രം മദ്രാസ് നിയമവും നിലനില്‍ക്കുന്നതിനെതിരെ 1994 ജൂലൈ 21 ന് ഹൈക്കോടതി വിധി വരികയും ആറു മാസത്തിനുള്ളില്‍ കേരളത്തിലെ എല്ലാ ക്ഷേത്രങ്ങള്‍ക്കും ബാധകമായ ഏകീകൃത നിയമം കൊണ്ടുവന്ന് ഒരു വര്‍ഷത്തിനകം നടപ്പിലാക്കണമെന്നും, തിരുകൊച്ചിയിലേതിനു സമാനമായ സേവന വേതന വ്യവസ്ഥകള്‍ കൊണ്ടുവരണമെന്നുമായിരുന്നു വിധി. പിന്നീട് ഹിതപരിശോധനയില്‍ രണ്ട് ലക്ഷത്തിലേറെ പേര്‍ വിധിക്ക് അനുകൂല അഭിപ്രായം രേഖപ്പെടുത്തി. ആയിരത്തില്‍ താഴെ പേര്‍ മാത്രമാണ് എതിര്‍ത്തത്. പക്ഷേ കഴിഞ്ഞ 31 വര്‍ഷമായി കേരളം മാറി മാറി ഭരിച്ച എല്‍ഡിഎഫ്, യുഡിഎഫ് സര്‍ക്കാരുകള്‍ ഏഴ് കമ്മിഷനുകളെ നിയമിച്ച് കാലം കഴിക്കുകയാണ് ചെയ്തത്. വിധി നടപ്പിലാക്കാത്തതിനെതിരെ പലവട്ടം സര്‍ക്കാര്‍ കോടതിയലക്ഷ്യം നേരിട്ടിട്ടും ഉടന്‍ നിയമം നിര്‍മ്മിക്കുമെന്നു പറയുന്ന സര്‍ക്കാര്‍ അതിനു തയ്യാറാകാത്തത് ചില അഴിമതിക്കാരായ ട്രസ്റ്റിമാര്‍ക്കു വേണ്ടിയാണെന്ന് കേരള ടെമ്പിള്‍ എംപ്ലോയീസ് കോഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ വി. വി. ശ്രീനിവാസനെപ്പോലുളളവര്‍ ആരോപിക്കുന്നു.
ഹിന്ദു മത ധര്‍മ്മ സംസ്ഥാപന വകുപ്പിന്റെ ഹിന്ദു റിലീജിയസ് ആന്‍ഡ് ചാരിറ്റബിള്‍ എന്‍ഡോവ്മെന്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ കീഴിലായിരുന്നു ഏഴു ജില്ലകളിലെ തൃശൂര്‍ (ചാവക്കാട് താലൂക്ക് പ്രദേശങ്ങള്‍ ഒഴികെ) പാലക്കാട് (ആലത്തൂര്‍, ചിറ്റൂര്‍ താലൂക്കുകളിലെ ചില ഭാഗങ്ങള്‍ ഒഴികെ) മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, വയനാട്, കാസര്‍കോട് വരെയുള്ള, കൊടുങ്ങല്ലൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള 200 ലധികം കീഴേടം ക്ഷേത്രങ്ങളും 1300 ലധികം ക്ഷേത്രങ്ങളും. 1994 ലെ ഹൈക്കോടതി വിധിക്കും ഹിതപരിശോധനക്കും ഏഴ് കമ്മിഷനുകളുടെ നിയമത്തിനും ശേഷം ഭക്തന്മാരുടെയും ജീവനക്കാരുടേയും പൊതുസമൂഹത്തിന്റെയും കണ്ണില്‍ പൊടിയിടാനും കോടതിയലക്ഷ്യ നടപടികളില്‍ പിടിച്ചു നില്‍ക്കാനും വേണ്ടി 2008 ഒക്ടോബര്‍ ഒന്നിന് സര്‍ക്കാര്‍ രൂപീകരിച്ച മലബാര്‍ ദേവസ്വം ബോര്‍ഡ് ഒരു സൂത്രപ്പണി മാത്രമാണ്. ക്ഷേത്രങ്ങളുടെ ദൈനംദിന ഭരണവുമായി ബന്ധപ്പെട്ട സാമ്പത്തിക കാര്യങ്ങളിലോ ട്രസ്റ്റികളുടെ കാര്യത്തിലോ ക്ഷേത്രഭൂമി സംരക്ഷിക്കാന്‍ ട്രിബ്യൂണല്‍ രൂപീകരിക്കുന്ന കാര്യത്തിലോ ബോര്‍ഡിന് നേരിട്ട് നിയന്ത്രണമില്ല. ക്ഷേത്രങ്ങളിലെ ക്രമക്കേടുകളില്‍ നേരിട്ട് നടപടിയെടുക്കാനുളള അധികാരവുമില്ല.
ഇടതുപക്ഷ അനുകൂലികളായ പാരമ്പര്യ ട്രസ്റ്റിമാര്‍ ക്ഷേത്രങ്ങളുടെ ഭരണം നിയന്ത്രിക്കുന്ന ഒരുപാടിടങ്ങള്‍ മലബാറിലുണ്ട്. ഏകീകൃത ദേവസ്വം നിയമം വന്നാല്‍ ഇവര്‍ക്ക് അധികാരം ആചാരപരമായ ചടങ്ങുകളിലേക്ക് മാത്രമായി ഒതുങ്ങുകയും സാമ്പത്തിക അധികാരങ്ങള്‍ നഷ്ടപ്പെടുകയും ചെയ്യും. ഇതാണ് മലബാര്‍ ദേവസ്വം ബോര്‍ഡിനെ സംസ്ഥാനത്തെ മറ്റ് ദേവസ്വം ബോര്‍ഡുകളുടെ ഘടനയിലേക്ക് മാറ്റാനുള്ള കരടു ബില്ല് സര്‍ക്കാരിന്റെ പരിഗണനയിലെത്തിയിട്ടും ഇതുവരെ നിയമസഭയിലെത്താത്തതിന് കാരണം. എല്ലാ നിയമസഭാ സമ്മേളന വേളയിലും ബില്‍ സഭയിലെത്തുമെന്ന വാഗ്ദാനം ഉണ്ടാകുമെങ്കിലും ഇതുവരെ നടപ്പിലായിട്ടില്ല. നിയമ വകുപ്പിന് മുന്നിലെത്തിയ ബില്ലില്‍ പലതവണ ബോര്‍ഡ് ഉദ്യോഗസ്ഥരും നിയമവകുപ്പും ചര്‍ച്ച നടത്തി തിരുത്തും കൂട്ടിച്ചേര്‍ക്കലും നടത്തി പരിശോധനകള്‍ക്കുശേഷം മന്ത്രിസഭയുടെ അംഗീകാരത്തിനായി ഒരു പതിറ്റാണ്ട് കാലമായി കാത്തിരിക്കുകയാണ്. മാത്രമല്ല ബോര്‍ഡ് അംഗങ്ങളുടെ അധികരിച്ച എണ്ണവും അസി: കമ്മിഷണര്‍ ഓഫീസുകളെ നിയന്ത്രിക്കുന്ന ഏരിയാ കമ്മിറ്റികളും കൂടിച്ചേര്‍ന്ന് സ്ഥിതി കൂടുതല്‍ വഷളാക്കിയിരിക്കയാണ്.
31 കൊല്ലത്തെ കാത്തിരിപ്പിനൊടുവില്‍ ക്ഷമ നശിച്ച ക്ഷേത്ര ജീവനക്കാരും യോഗക്ഷേമ സഭ, തന്ത്രി സമാജം, തന്ത്രി മണ്ഡലം, പുഷ്പക സമാജം, കേരള സ്റ്റേറ്റ് ടെമ്പിള്‍ ജനറല്‍ വര്‍ക്കേഴ്സ് അസോസിയേഷന്‍, അഖില കേരള ശാന്തി ക്ഷേമ യൂണിയന്‍ തുടങ്ങിയ സംഘടനകളും പ്രതീക്ഷ നശിച്ച് പ്രക്ഷോഭത്തിന്റെ പാതയിലാണ്. ഓഫീസ് ജീവനക്കാര്‍ക്ക് മാത്രം ശമ്പളം നല്‍കുന്നത് അവസാനിപ്പിച്ച് പ്രതിമാസ വേതനം എല്ലാവര്‍ക്കും കുടിശ്ശികയില്ലാതെ നല്‍കുക, പിന്‍ വാതില്‍ നിയമങ്ങള്‍ നിര്‍ത്തുക തുടങ്ങിയവയും അവരുടെ ആവശ്യങ്ങളാണ്. ഹൈക്കോടതി വിധിച്ചതും സുപ്രീം കോടതി ശരിവച്ചതുമായ ഗ്രാറ്റുവിറ്റിപോലും ഇതുവരെ വിതരണം ചെയ്തിട്ടില്ല. വര്‍ഷങ്ങളായി ശമ്പളം കുടിശ്ശികയാണ്. ശമ്പള പരിഷ്‌കരണവും പാസ്സായില്ല. ഇതിനെല്ലാം പരിഹാരം വേണമെന്ന് കേരള സ്റ്റേറ്റ് ടെമ്പിള്‍ ജനറല്‍ വര്‍ക്കേഴ്സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ. എന്‍. ദാമോദരന്‍ മൂസതിനെപ്പോലുളളവര്‍ ആവശ്യപ്പെടുന്നു.
ഇടത് അനുകൂലികളായ പാരമ്പര്യ ട്രസ്റ്റിമാരുടെ അഴിമതിയും വ്യക്തമായ നിയമമില്ലാത്തതിന്റെ നൂലാമാലകളും ആവശ്യമായ ഉദ്യോഗസ്ഥരുടെ അഭാവവും ജീവനക്കാര്‍ അനുഭവിക്കുന്ന അസ്വസ്ഥതകളും പിന്‍വാതില്‍ നിയമനവും അവരുടെ ഭരണവും കാരണം മലബാര്‍ ദേവസ്വം ബോര്‍ഡിലെ പല ക്ഷേത്രങ്ങളും കൊള്ളയടിക്കപ്പെട്ടുകൊണ്ടിരിക്കയാണ്. 1562 ക്ഷേത്രങ്ങളിലെ സ്വര്‍ണ്ണം, വെള്ളി ഉരുപ്പടികളും കണക്കും രജിസ്റ്ററുകളും പരിശോധിക്കാനുള്ളത് ആകെ മൂന്ന് വേരിഫിക്കേഷന്‍ ഓഫീസര്‍മാരാണ്. ഒരു ക്ഷേത്രത്തില്‍ പരിശോധന നടത്തിയ ഉദ്യോഗസ്ഥര്‍ ഒരു റൗണ്ട് പൂര്‍ത്തിയാക്കി അതേ ക്ഷേത്രത്തില്‍ അടുത്ത പരിശോധനക്ക് എത്തണമെങ്കില്‍ ആറു വര്‍ഷത്തോളം എടുക്കും എന്നതാണ് സ്ഥിതി. ഇതുവരെ വേരിഫിക്കേഷന്‍ നടത്താത്ത ക്ഷേത്രങ്ങളും ബോര്‍ഡിനു കീഴിലുണ്ട്. പരിശോധന നടത്തിയ പല ക്ഷേത്രങ്ങളും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പരിശോധന റിപ്പോര്‍ട്ട് രേഖപ്പെടുത്തിയിട്ടില്ല. നൂറു കണക്കിന് ക്ഷേത്രങ്ങള്‍ ബജറ്റ് സമര്‍പ്പിക്കുകയോ അംഗീകാരം നേടുകയോ ചെയ്തിട്ടില്ല. കോടിക്കണക്കിന് രൂപയുടെ നവീകരണ ഗ്രാന്റുകള്‍ എങ്ങനെ ചിലവഴിക്കുന്നു എന്നോ ചിലവഴിക്കുന്നുണ്ടോ എന്നും അറിയാതെയാണ് ഘട്ടം ഘട്ടമായി ഓരോ ഗഡുവും അനുവദിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ ഓഡിറ്റ് വകുപ്പിന്റെ 2018 മുതല്‍ 2021 വരെയുള്ള സാമ്പത്തിക വര്‍ഷങ്ങളില്‍ നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലുള്ള റീ റിപ്പോര്‍ട്ടില്‍ പല ക്ഷേത്രങ്ങളിലും വഴിപാടായി ലഭിക്കുന്ന സ്വര്‍ണ്ണം, വെള്ളി ഉരുപ്പടികള്‍ സുരക്ഷിതമല്ലെന്ന് എടുത്തു പറഞ്ഞിട്ടുണ്ട്. വിവരങ്ങള്‍ സംബന്ധിച്ച രജിസ്റ്ററുകള്‍ സൂക്ഷിക്കാതിരിക്കുക, ബോര്‍ഡിന്റെ വാഹനങ്ങളുടെ ഉപയോഗം സംബന്ധിച്ച ലോഗ് ബുക്കുകള്‍ സൂക്ഷിക്കാതിരിക്കുക, പര്‍ച്ചേസിലും വാഹനം വാടകക്കെടുക്കുന്നതിലും ലക്ഷക്കണക്കിന് രൂപയുടെ തിരിമറി നടത്തുക തുടങ്ങി കോടിക്കണക്കിന് രൂപയുടെ ചിലവുകള്‍ക്ക് വൗച്ചറുകളും ബില്ലുകളും ഉള്‍പ്പെടെയുളള രേഖകള്‍ ഇല്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇതിനൊക്കെ പുറമേ ദേവസ്വം ബോര്‍ഡിലെ ചില ക്ഷേത്രങ്ങളിലെ സ്വര്‍ണ്ണം കാണാതായ വിവരം കൂടി പുറത്തു വന്നതോടെ കേരള ക്ഷേത്ര സംരക്ഷണ സമിതിയും പ്രക്ഷോഭം തുടങ്ങിയിരിക്കയാണ്. കോഴിക്കോട് മലബാര്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തേക്ക് കേരള ക്ഷേത്ര സംരക്ഷണ സമിതി നടത്തിയ നാമജപയാത്ര ഉദ്ഘാടനം ചെയ്ത സ്വാമി ജിതാത്മാനന്ദ സരസ്വതി (ചിന്മയ മിഷന്‍) സാമ്പത്തിക കൊള്ളയെക്കുറിച്ച് സമഗ്ര അന്വേഷണമാണ് ആവശ്യപ്പെട്ടത്.
കേരളത്തിലെ ക്ഷേത്രങ്ങളില്‍ ശാന്തിക്കാരായി നിയമിക്കപ്പെടുന്നവര്‍ ഏതെങ്കിലും പ്രത്യേക ജാതിയിലോ വംശത്തിലോ ഉള്‍പ്പെടണമെന്ന വാദം മതാചാരമായി കണക്കാക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടി; കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് അംഗീകരിച്ച തന്ത്ര വിദ്യാലയങ്ങളിലെ സര്‍ട്ടിഫിക്കറ്റ് ശാന്തി നിയമനത്തിനുള്ള യോഗ്യതയായി നിശ്ചയിച്ചത് ശരിവെച്ച ഹൈക്കോടതി വിധിയും മലബാറിലെ ക്ഷേത്രങ്ങളില്‍ നടപ്പിലാക്കാന്‍ കഴിയില്ല. കാരണം മലബാര്‍ ഇപ്പോഴും ബ്രിട്ടീഷ് നിയമത്തിന്‍ കീഴിലാണ്.
1921 ലെ മലബാര്‍ കലാപം മനസ്സിലോര്‍ത്തു കൊണ്ടു പറയട്ടെ, ഭാരതത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ പരിഗണന കിട്ടേണ്ട സമൂഹമാണ് മലബാറിലെ ഹൈന്ദവ സമൂഹവും അവരുടെ ക്ഷേത്രങ്ങളും, അവിടുത്തെ ജീവനക്കാരും. പക്ഷേ ഭാരതം സ്വതന്ത്രമായിട്ടും കേരള സംസ്ഥാനം രൂപീകരിക്കപ്പെട്ടിട്ടും ഇപ്പോഴും മനുഷ്യാവകാശ ലംഘനങ്ങളോളമെത്തുന്ന തൊഴില്‍ പീഡനങ്ങളും നീതി നിഷേധവും അനുഭവിച്ചുകൊണ്ട് ക്ഷേത്ര ജീവനക്കാരും കണക്കില്ലാത്ത കാട്ടുകൊളളക്ക് ഇരയായി ക്ഷേത്രങ്ങളും വിശ്വാസികളുടെ മനസ്സില്‍ നൊമ്പരമായി തുടരുന്നു. 31 കൊല്ലം മുമ്പുവന്ന; ആറുമാസം കൊണ്ട് കേരളത്തിലെ എല്ലാ ക്ഷേത്രങ്ങള്‍ക്കും ബാധകമായ ഏകീകൃത നിയമം കൊണ്ടുവന്ന് ഒരു വര്‍ഷത്തിനുള്ളില്‍ നടപ്പിലാക്കണമെന്ന ഹൈക്കോടതി വിധിയെപ്പോലും മാനിക്കാത്ത, കേരളം മാറി മാറി ഭരിച്ച എല്‍ഡിഎഫ്, യുഡിഎഫ് മുന്നണികളില്‍ നിന്ന് മലബാറിലെ ക്ഷേത്രങ്ങളും വിശ്വാസികളും ജീവനക്കാരും ഇനി എന്താണ് പ്രതീക്ഷിക്കേണ്ടത്?.
(താനാളൂര്‍ ശ്രീ മഹാദേവ ക്ഷേത്രം, മീനടത്തൂര്‍ ശ്രീ അയ്യപ്പ ക്ഷേത്രം, അമ്മന്‍കുളങ്ങര ശ്രീ ഭഗവതി ക്ഷേത്രംഎന്നീ ക്ഷേത്രങ്ങളുടെ മേല്‍ശാന്തിയാണ് ലേഖകന്‍)















