കണ്ണുര്‍: ‘മുഖ്യമന്ത്രി എന്നോടൊപ്പം’ അഥവാ ‘സിഎം വിത്ത് മി’ എന്ന സര്‍ക്കാരിന്റെ ജന സമ്പര്‍ക്ക പരിപാടി അവതാളത്തില്‍. സംസ്ഥാന സര്‍ക്കാരും പൊതുജനങ്ങളും തമ്മിലുള്ള ആശയവിനിമയം പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ രണ്ടു മാസം മുമ്പാണ് പരിപാടി ആരംഭിച്ചത്. തിരുവനന്തപുരത്തെ വെള്ളയമ്പലത്താണ് ഇതിന്റെ ഓഫീസ് പ്രവര്‍ത്തിക്കുന്നത്.
പൊതുജന പരാതികളും നിര്‍ദ്ദേശങ്ങളും കേള്‍ക്കുന്നതിനും പരിഹരിക്കുന്നതിനും മറ്റുമായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സിറ്റിസണ്‍ കാള്‍ സെന്റര്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. രജിസ്റ്റര്‍ ചെയ്യപ്പെടുന്ന പരാതികള്‍ക്ക് ടോക്കണ്‍ നമ്പര്‍ കിട്ടുന്നതല്ലാതെ യാതൊരു പരിഹാര നടപടികളുമുണ്ടാകുന്നില്ലെന്നാണ് പരാതിക്കാരുടെ ആക്ഷേപം. 48 മണിക്കൂറിനുള്ളില്‍ പരാതിയുടെ തുടര്‍ നടപടിയും പരിഹാരവും ഉറപ്പ് എന്നതായിരുന്നു സര്‍ക്കാരിന്റെ പ്രഖ്യാപനം. പരാതികള്‍ പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷയില്‍ നിരവധി പേരാണ് കോള്‍ സിറ്റിസണ്‍ സെന്ററിലേക്ക് പരാതി അറിയിച്ചത്. പരിഹാരമുണ്ടാകുമെന്ന പ്രതീക്ഷയില്‍ കാത്തിരുന്നു നിരാശരാകുകയാണ് ജനങ്ങള്‍.
നൂതന പരാതി പരിഹാര ജനകീയ ഫഌറ്റ്‌ഫോം ആരംഭിച്ചിട്ട് ഏതാണ്ട് രണ്ടുമാസം കഴിഞ്ഞു. പരാതിക്കാരെ 48 മണിക്കൂറിനുള്ളില്‍ നോഡല്‍ ഓഫീസര്‍ തിരിച്ചുവിളിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാല്‍ ആഴ്ചകളും മാസങ്ങളുമായിട്ടും ആരും വിളിക്കാതിരുന്നപ്പോള്‍ പല പരാതിക്കാരും കാള്‍ സെന്ററിലേക്ക് തിരിച്ചുവിളിച്ച് തുടര്‍നടപടിക്കാര്യങ്ങള്‍ അന്വേഷിക്കുകയാണ് ചെയ്യുന്നത്. ഇവിടെ നിന്ന് കാര്യമായ മറുപടിയൊന്നും ലഭിക്കുന്നില്ലെന്ന് ജനങ്ങള്‍ പറയുന്നു.
കടുത്ത സാമ്പത്തിക പ്രതിസന്ധികള്‍ സംസ്ഥാനത്ത് നിലനില്‍ക്കുമ്പോള്‍ തന്നെ ഈ പദ്ധതിയുടെ പ്രചാരണത്തിന് പിആര്‍ഡിക്ക് 20 കോടി രൂപ സര്‍ക്കാര്‍ അനുവദിക്കുകയും ചെയ്തിരുന്നു. നിലവില്‍ പദ്ധതി നടത്തിപ്പിന് അനുവദിച്ച 20 കോടിയും പാഴായ അവസ്ഥയിലാണുളളത്.
















