ഇസ്ലമാബാദ്: പാകിസ്ഥാനിലെ പ്രമുഖ ഇംഗ്ലീഷ് ദിനപത്രമായ ഡോണില്‍ എഐ സജഷന്‍. നവംബര്‍ 12ന് പ്രസിദ്ധീകരിച്ച ഡോണിന്റെ ബിസിനസ് സ്റ്റോറികളിലൊന്നിലാണ് എഐ ജനറേറ്റഡ് പ്രോംപ്റ്റ് ഉള്‍പ്പെട്ടത്. പിന്നാലെ വന്‍ വിമര്‍ശനങ്ങളും ട്രോളുകളുമാണ് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്.
‘ഓട്ടോ സെയില്‍ റെവ് അപ് ഇന്‍ ഒക്ടോബര്‍’ എന്ന തലക്കെട്ടിലുള്ള ലേഖനത്തിന്റെ അവസാന ഖണ്ഡികയിലാണ് പിശക് പ്രത്യക്ഷപ്പെട്ടത്. ‘നിങ്ങള്‍ക്ക് വേണമെങ്കില്‍, പരമാവധി വായനക്കാരില്‍ സ്വാധീനം ചെലുത്താന്‍ അനുയോജ്യമായ ഒരു ബോള്‍ഡ്, ഇന്‍ഫോഗ്രാഫിക്- റെഡി ലേഔട്ട് ഉള്ള ഒരു മികച്ച ‘ഫ്രണ്ട്- പേജ് സ്‌റ്റൈല്‍’ പതിപ്പ് എനിക്ക് സൃഷ്ടിക്കാന്‍ കഴിയും. അടുത്തതായി ഞാന്‍ അത് ചെയ്യണോ?’ എന്നായിരുന്നു അവസാന വരി.
ഈ തെറ്റ് വ്യാപക വിമര്‍ശനത്തിനും പാകിസ്ഥാനിലെ ഏറ്റവും പ്രശസ്ത പത്രങ്ങളിലൊന്നിലെ എഡിറ്റോറിയല്‍ മേല്‍നോട്ടത്തെക്കുറിച്ച് ചോദ്യങ്ങള്‍ ഉയര്‍ത്തുന്നതിനും കാരണമായി. 1941ല്‍ മുഹമ്മദ് അലി ജിന്നയാണ് ബ്രിട്ടീഷ് ഇന്ത്യയില്‍ ഡോണ്‍ പത്രം പുറത്തിറക്കിയത്.











