പുരാണമെപ്പോഴും ഒരു വിഷയം അവതരിപ്പിക്കുക നേരിട്ടായിരിക്കുകയില്ല. ഒരു ദൃഷ്ടാന്തം മനോഹരമായി അവതരിപ്പിക്കുമ്പോള്‍ അതില്‍ ഒരു ആന്തരിക തത്ത്വം അടങ്ങിയിരിക്കും. പിന്നീടേ അതിന്റെ മൂലകാരണത്തിലെത്തു. ഇതു മനസിലാക്കുക ഓരോരുത്തരുടേയും തലമനുസരിച്ചായിരിക്കും. ആ തരത്തിലുള്ളതാണ് പുരഞ്ജനോപാഖ്യാനവും.
പ്രാചീനബര്‍ഹിസ് എന്നൊരു രാജാവുണ്ടായിരുന്നു. കര്‍മ്മ നിഷ്ഠനായ അദ്ദേഹത്തിന് ആദ്ധ്യാത്മിക തത്ത്വമുപദേശിക്കാന്‍ നാരദന്‍ ഒരിക്കല്‍ കൊട്ടാരത്തിലെത്തി. രാജാവിന് അതിഷ്ടപ്പെട്ടില്ല. പ്രാചീനബര്‍ഹിസിനു പത്തു പുത്രന്മാര്‍ ഉണ്ടായിരന്നു. ആ പത്തു പുത്രന്മാര്‍ക്കും ഒരേ പേരായിരുന്നു. അവരുടെ പേരാണ് പ്രചേതസുകള്‍. കുട്ടികള്‍ വളര്‍ന്നു വലുതായി. രാജാവ് സദാ കര്‍മ്മം ചെയ്തുകൊണ്ടേയിരുന്നു. കര്‍മ്മം ചെയ്യുന്നതുകൊണ്ട് മനഃശുദ്ധിയാണുണ്ടാവുക. ഈ മനഃശുദ്ധിയുണ്ടാകുന്നതുവരെ കര്‍മ്മം ചെയ്തുകൊണ്ടിരിക്കുക. മനഃശുദ്ധിയുണ്ടായാല്‍ വാസന നശിക്കും. ഭക്തിയോ ജ്ഞാനമോ ഉണ്ടാകും. എന്നാല്‍ കര്‍മ്മത്തില്‍മാത്രം മനസുവെച്ചാല്‍ ഇതു രണ്ടുമുണ്ടാകില്ല. അവര്‍ കര്‍മ്മത്തില്‍ അങ്ങനെ കുടുങ്ങിക്കിടക്കും. ഇതുകണ്ട നാരദമുനിയ്‌ക്ക് സങ്കടം തോന്നി രാജാവിനെ വീണ്ടും സമീപിച്ചു.
നാരദര്‍ പറഞ്ഞു തുടങ്ങും മുമ്പേ രാജാവ് അദ്ദേഹത്തെ ആട്ടിപ്പുറത്താക്കി. കാലം കടന്നുപോയി. കുട്ടികള്‍ വളര്‍ന്നു. അവര്‍ അച്ഛനോടു ചോദിച്ചു, ഞങ്ങള്‍ എന്താണു ചെയ്യേണ്ടത്?. അപ്പോള്‍ രാജാവുപറഞ്ഞു നിങ്ങള്‍ എന്നെപ്പോലെ ആകരുത്. നിങ്ങള്‍ തപസ്സു ചെയ്തു മുക്തി നേടണം. എന്താണു മുക്തി? അതെങ്ങനെ കിട്ടും? എന്നു പ്രചേതസ്സുകള്‍ ചോദിച്ചു. അതൊന്നും എനിക്കറിയില്ല. നിങ്ങള്‍ അന്വേഷിച്ചു പോകുക. അപ്പോള്‍ നിങ്ങള്‍ക്കു ഗുരുവുണ്ടാകും. ഉപദേശം കിട്ടും. കുട്ടികള്‍ അങ്ങനെ തെക്കോട്ടു യാത്രയായി. അവര്‍ ഒരു മനോഹര തീര്‍ത്ഥക്കുളത്തിന് അരികിലെത്തി. പ്രശാന്തസുന്ദരമായ ആ കുളത്തിന് അരികിലിരിക്കെ കുളത്തില്‍നിന്നും പരമശിവന്‍ പുറത്തു വന്നു. നിങ്ങള്‍ പ്രാചീനബര്‍ഹസിന്റെ പുത്രന്മാരായ പ്രചേതസുകളല്ലേ? മോക്ഷമന്വേഷിച്ചു വന്നതല്ലേ? എന്നു ചോദിച്ചു. ഇതുകേട്ടു കുട്ടികള്‍ക്ക് ആകാംക്ഷയായി. പരമശിവന്‍പറഞ്ഞു. ഞാനും ഭഗവാന്‍ നാരായണന്റെ ഒരു ഭക്തനാണ്. നിങ്ങള്‍ക്കു ഞാന്‍വേണ്ട മന്ത്രങ്ങളൊക്കെ ഉപദേശിച്ചുതരാം. അങ്ങനെ അവര്‍ക്കൊരു ഗുരുവിനെ കിട്ടി. മന്ത്രങ്ങളെല്ലാം ഉപദേശിച്ചു. എന്നിട്ട് തപസ്സിനയച്ചു.
നാരദ പ്രാചീന ബര്‍ഹിസിന് ഉപദേശിച്ച തത്വകഥ
ഇക്കാര്യങ്ങളെല്ലാം അറിഞ്ഞ് നാരദന്‍ വീണ്ടും പ്രാചീനബര്‍ഹിസിന്റെ അടുത്തേക്ക് എത്തി. ഇത്തവണ രാജാവിന്റെ സമീപനം സൗഹാര്‍ദ്ദപരമായിരുന്നു.
നാരദന്‍പറഞ്ഞു: അങ്ങ് വളരെകാലമായി കര്‍മ്മങ്ങള്‍ മാത്രം ചെയ്യുന്നു. എന്താണ് അങ്ങയുടെ ആഗ്രഹം?. തത്കാലത്തേക്ക് ദുഃഖം ഇല്ലാതാകാനും തുച്ഛമായ സുഖമുണ്ടാകുവാനും അല്ലാതെ ഈ കര്‍മ്മംകൊണ്ട് ഒരു ഫലവുമില്ല. അങ്ങയ്‌ക്ക് ദുഃഖത്തിന്റെ ആത്യന്തിക നിവൃത്തിയല്ലേ വേണ്ടത്? അതു കര്‍മ്മം കൊണ്ടു കിട്ടില്ല.
അപ്പോള്‍ രാജാവുപറഞ്ഞു: അങ്ങെനിക്കു ജ്ഞാനമുപദേശിച്ചു തന്നാലും. എന്നാല്‍ ജ്ഞാനം വിരക്തി വന്നവനേ ഉപദേശിക്കാവു എന്നാണ്. എന്നാല്‍ രാജാവിന് വിരക്തി വന്നിട്ടില്ല. അദ്ദേഹം ഇപ്പോഴും കര്‍മ്മം ചെയ്തു കൊണ്ടിരിക്കുകയാണ്. അതിനാല്‍ നാരദര്‍ പറഞ്ഞു: അങ്ങ് എന്നെ തൊട്ടിട്ടു തെക്കോട്ടു നോക്കുക. രാജാവ് അങ്ങനെ ചെയ്തു. അപ്പോള്‍ കണ്ടത് രൗരവ നരകമാണ്. അവിടെ ചെന്നാല്‍ നാം ഉപദ്രവിച്ചിട്ടുള്ള എല്ലാജീവികളും നമ്മളെ ഉപദ്രവിക്കാന്‍ കാത്തുനില്‍ക്കുന്നുണ്ടാവും. രൗരവ നഗരം കണ്ട രാജാവ് പറഞ്ഞു, എന്തായിത് എനിക്കു പേടിയാകുന്നു. നാരദന്‍പറഞ്ഞു: ‘അങ്ങു യാഗങ്ങളും മറ്റും നടത്തിയില്ലേ? അപ്പോള്‍ കൊന്നതും മറ്റുമായ ജീവജാലങ്ങള്‍ അങ്ങയെ ഉപദ്രവിക്കാന്‍ കാത്തുനില്‍ക്കയാണ് അവിടെ എന്ന്.’
അപ്പോള്‍ പ്രാചീനബര്‍ഹിസ് ചോദിച്ചു. അവിടേക്കു പോകാതിരിക്കാന്‍ എന്താണു വഴി. നാരദന്‍ പറഞ്ഞു എങ്കില്‍ ഞാനൊരു കഥപറയാം. അങ്ങനെയാണ് നാരദന്‍ പുരഞ്ജനന്റെ കഥ പറഞ്ഞത്. ഈ പുരഞ്ജനന് പേരറിയാത്ത ഒരു കൂട്ടുകാരനുണ്ട്. രണ്ടാളും കൂടി ഓരോ പുരങ്ങളിലായി അങ്ങനെ താമസിക്കും. ഒരിടത്തു സുഖം പോരെന്നു തോന്നുമ്പോള്‍ അടുത്ത പുരത്തില്‍ കയറും. അങ്ങനെ അനേകായിരം പുരങ്ങള്‍ താണ്ടി ഹിമാലയത്തില്‍ എത്തി. അവിടെ രണ്ടു തൂണില്‍ നില്‍ക്കുന്ന ഒന്‍പതു ഗോപുരമുള്ള ഒരു മനോഹര പുരം കണ്ടു. കൂടെവന്ന കൂട്ടുകാരനെയും മറന്ന് പുരഞ്ജനന്‍ അതില്‍ കയറി. അകത്തു ചെന്നപ്പോള്‍ അതില്‍ യുവതിയും സുന്ദരിയുമായ ഒരു സ്ത്രീയിരിക്കുന്നു. നീയാരാണ് എന്നു പുരഞ്ജനന്‍ ചോദിച്ചു. സ്ത്രീ പറഞ്ഞു എന്റെ പേര് പുരഞ്ജനി! കൊള്ളാമല്ലോ! എന്റെ പേര് പുരഞ്ജനന്‍. വിവാഹിതയാണൊ? അല്ല. എന്നലെന്നെ വിവാഹം കഴിക്കാമോ?.തീര്‍ച്ചയായും. അങ്ങനെ അവര്‍ വിവാഹിതരായി. കൊട്ടാരത്തിനുള്ളില്‍ അഞ്ചുതലയുള്ള ഒരു സര്‍പ്പമുണ്ട് അതിനാണ് കൊട്ടാരത്തിന്റ സംരക്ഷണ ചുമതല. അനേകം പരിചാരകരുമൊക്കെയായി അവരങ്ങനെ കഴിയുകയാണ്. അവസാനം പുരഞ്ജനി പറയുന്നതേ പുരഞ്ജനന്‍ ചെയ്യൂ. ഒരുനാള്‍ പുരഞ്ജനന്‍ പുരഞ്ജനിയോടു പറയാതെ നായാട്ടിനു പോയി. തിരികെവന്നു നോക്കിയപ്പോള്‍ പുരഞ്ജനി ബോധമറ്റു കിടക്കുകയാണ്. പുരഞ്ജനന്റെ ശുശ്രൂഷയില്‍ ബോധം വീണ്ടുകിട്ടിയ പുരഞ്ജനിയോട് പുരഞ്ജനന്‍ കാര്യം അന്വേഷിച്ചു. അങ്ങെന്നോട് പറയാതെ പോയ വിഷമത്താലാണ് ഞാന്‍ ബോധമറ്റത്. ഓ! അതുശരി നിനക്ക് അപ്പോള്‍ എന്നോട് ഇത്രക്ക് സ്‌നേഹമായിരുന്നെന്നു ഞാനറിഞ്ഞില്ല. ഇനി അങ്ങനെ ഉണ്ടാവില്ല. അങ്ങനെ അവര്‍ സുഖമായി കഴിഞ്ഞു.
ഈ പുരഞ്ജനന് ചണ്ഡവേഗന്‍ എന്ന ഒരു ശത്രുരാജാവുണ്ട്. ഇടക്കിടക്ക് ചണ്ഡവേഗന്‍ സൈന്യങ്ങളുമായി ആക്രമിക്കാന്‍ വരും. ഇദ്ദേഹത്തിന് മുന്നൂറ്റിയറുപതു പുരുഷന്മാരും അത്രയും സ്ത്രീകളുമായ സൈന്യമാണുള്ളത്. ആക്രമിക്കുമ്പോഴെല്ലാം സര്‍പ്പം ചണ്ഡവേഗനെ തോല്‍പ്പിച്ച് ഓടിക്കും. അങ്ങനെയുണ്ടാകുന്ന കൊട്ടാരത്തിന്റെ കേടുപാടുകള്‍ പിറ്റേന്നുതന്നെ ശരിയാക്കും. അങ്ങനെയിരിക്കെ കാലന്റെ മകള്‍ കൂടീ ചണ്ഡവേഗന്റെ അനുജനായ പ്രജ്വാരനോടൊപ്പം കൂടി കൊട്ടാരത്തെ ആക്രമിക്കാന്‍ തുടങ്ങി. യവന സൈന്യവും പ്രജ്വാരനൊപ്പം കൂടി. അപ്പോഴേക്കും പുരഞ്ജനനു പ്രായവും ഏറിയിരുന്നു.
പ്രജ്വാരന്‍ കൊട്ടാരത്തിനു തീയിട്ടു. ഇരിക്കവയ്യാതെ സര്‍പ്പം പുറത്തുചാടി. ഏറെ പ്രായമായ പുരഞ്ജനന്‍ മരണാസന്നനായി. ഭാര്യയെ ഓര്‍ത്തവന്‍ ആകെ ദുഃഖിച്ചു. മരണസമയത്തും അതായിരന്നു ചിന്ത. അപ്പോഴും കൂടെ യുണ്ടായിരുന്ന സുഹൃത്തിനെപ്പറ്റി ചിന്തിച്ചില്ല. അങ്ങനെ കുറേക്കാലം ദുഃഖമനുഭവിച്ചു പരലോകത്തു കഴിഞ്ഞു. മരണസമയത്തു ഭാര്യയെ ഓര്‍ത്തു മരിച്ചതിനാല്‍ വിദര്‍ഭരാജാവിന്റെ മകള്‍ വൈദര്‍ഭിയായി വീണ്ടും ജനിച്ചു. വൈദര്‍ഭിയെ മലയധ്വജനെന്ന പാണ്ഡ്യരാജാവ് വിവാഹം കഴിച്ചു. കാലം ഏറെക്കഴിഞ്ഞ് മലയദ്വജന്‍ മരിച്ചു ഭര്‍ത്താവിന്റെ ചിതയില്‍ ചാടിമരിക്കാന്‍ തയ്യാറായ വൈദര്‍ഭിയെ തടഞ്ഞുകൊണ്ട് പഴയ സുഹൃത്തെത്തി പറഞ്ഞു നീ സ്ത്രീയോ ഭാര്യയോ ഒന്നുമല്ല. നീയും ഞാനും ഒന്നാണ്. നീ എ ന്നെ മറന്നതാണ് ഇതിനൊക്കെ കാരണം. നമ്മള്‍ മാനസസരസില്‍ ഹംസങ്ങളായി ഒന്നിച്ചു കഴിഞ്ഞതാണ്. അങ്ങനെ വൈദര്‍ഭിക്കു പുര്‍വ്വകാല സ്മൃതിയുണ്ടായി. അങ്ങനെ അവര്‍ വീണ്ടം മാനസസരസിലേക്കു തിരിച്ചു പോയി.
പുരഞ്ജന കഥയുടെ ആന്തരാര്‍ത്ഥം
ഈ കഥ കേട്ട് നാരദനോട് പ്രാചീനബര്‍ഹിസ് പറയുകയാണ:് ‘കഥയൊക്കെ കൊള്ളാം. എനിക്കൊന്നും മനസിലായില്ല. അതിന്റെ സാരാംശം ഒന്നുപറഞ്ഞാല്‍ നന്നായിരുന്നു’.
ഈ പുരഞ്ജനന്‍ ജീവനാണ്. പുരഞ്ജനന്‍ കൊട്ടാരമന്വേഷിച്ചു നടന്നു എന്നാല്‍ ശരീരമന്വേഷിച്ചു നടന്നുവെന്നാണ്. അനേക ജന്മങ്ങളങ്ങനെ ശരീരമന്വേഷിച്ചു നടന്ന് ഓരോ ജന്മത്തിലും ഓരോ ശരീരത്തില്‍ കഴിഞ്ഞ് സുഖമാകാതെ അടുത്തത് അന്വേഷിച്ചങ്ങനെ പോകും. എണ്‍പത്തിനാലുലക്ഷം ജീവയോനികള്‍ ഉണ്ടന്നാണു പറയപ്പെടുന്നത്. അങ്ങനെ അവസാനമാണ് മനുഷ്യജന്മത്തിലെത്തുക. അതാണ് ഹിമാലയത്തിന്റെ തെക്കുഭാഗത്തു പറഞ്ഞ രണ്ടു തൂണിലുള്ള കൊട്ടാരം. അതു മനുഷ്യ ജന്മമാണ്. അതിലെ ഒന്‍പതു ഗോപുരങ്ങള്‍ മനുഷ്യ ശരീരമാണ്. കൂടെ പേരറിയാത്ത ഒരു സുഹൃത്തുണ്ടെന്നാണു പറഞ്ഞത്. അത് ഈശ്വരനാണ്. ഇവിടെ രണ്ടു തൂണെന്നത് മനുഷ്യന്റെ രണ്ടു കാലാണ് അതിനുമേലെയാണ് മനുഷ്യശരീരം നില്‍ക്കുന്നത്. ഒന്‍പതു ഗോപുരങ്ങളെന്നാല്‍ നവദ്വാരങ്ങള്‍ എന്നാണ്. കണ്ണ്, മൂക്ക്, ചെവി തുടങ്ങിയവ. ഈ ഓരോ ഗോപുരത്തിലൂടെ പോയാലും ഓരോ സുഖങ്ങളാണ്. കണ്ണിലൂടെ കാണാം. ചെവിയിലൂടെ കേള്‍ക്കാം. അങ്ങനെ ഓരോന്നിലും ഓരോരൊ സുഖങ്ങള്‍. അകത്തുചെന്നപ്പോള്‍ കണ്ട സുന്ദരി ആണ് ബുദ്ധി! പുരഞ്ജിനി എന്ന ബുദ്ധി പറയുന്നതേ മനുഷ്യര്‍ ചെയ്യൂ. ഭാഗവതത്തിലെ കഥകളൊക്കെ സൂക്ഷ്മമായി പരിശോധിച്ചാല്‍ ഭാര്യമാരെ ബുദ്ധി എന്നേ സങ്കല്പിക്കാനാവൂ. കൃഷ്ണനു പതിനാറായിരത്തെട്ടു ഭാര്യമാരെന്നു പറഞ്ഞാല്‍ അത്രയും ബുദ്ധിയെന്നേ സങ്കല്പിക്കാവൂ.
അഞ്ചുതലയുള്ള സര്‍പ്പം എന്നാല്‍ പഞ്ചപ്രാണന്‍
ഈ കഥയിലെ അഞ്ചുതലയുള്ള സര്‍പ്പമെന്നത് പഞ്ചപ്രാണനാണ്. പ്രാണന്‍, അപാനന്‍, സമാനന്‍, ഉദാനന്‍, വ്യാനന്‍ ഇവയാണ് പഞ്ചപ്രാണന്‍. ഇവിടെ പുരഞ്ജിനി പറഞ്ഞതേ പുരഞ്ജനന്‍ ചെയ്യൂ എന്നുപറഞ്ഞാല്‍ നമ്മുടെ ബുദ്ധി പറയുന്നതേ നമ്മള്‍ ചെയ്യൂ എന്നാണ്. ഒരിക്കല്‍ പഞ്ചപ്രസ്തമെന്ന കാട്ടില്‍ നായാട്ടിനു പോയപ്പോള്‍ പുരഞ്ജിനി മോഹാലസ്്യപ്പെട്ടു വീണല്ലോ. അത് സ്വപ്‌നത്തില്‍ ആണെന്നര്‍ത്ഥം. സ്വപ്‌നത്തില്‍ ബുദ്ധി പ്രവര്‍ത്തിക്കില്ല. അതായത് സ്വപ്‌നത്തില്‍ നായ് കടിക്കാനോടിക്കുന്നു. എന്നിട്ടു കടിക്കുന്നു. അപ്പോഴേക്കും ബുദ്ധിയുണരുന്നു. പിന്നൊന്നുമില്ല. നായയുമില്ല, കടി കിട്ടിയിട്ടുമില്ല എന്നറിയുന്നു. അതുപോലെ അനേക ദാസന്മാരും ദാസികളും എന്നത് ഇന്ദ്രിയവും ഇന്ദ്രിയവൃത്തികളുമാണ്.
അപ്പൊഴാണ് ചണ്ഡവേഗന്‍ ആക്രമിക്കാന്‍ വരുന്നത് മുന്നൂറ്റിയറുപതു പുരുഷന്മാരും മുന്നൂറ്റിയറുപതു സ്ത്രീകളും. അതായത് മുന്നൂറ്റിയറുപതു പകലും മുന്നൂറ്റിയറുപതു രാത്രിയും. അതായതു കാലം സദാ നമ്മളെ ആക്രമിച്ചുകൊണ്ടിരിക്കുകയാണ്. ഈ ചണ്ഡവേഗന്റെ കൂടെ കാലന്റെ മകള്‍ വരുകയാണ്. ആരാണ് കാലന്റെ മകള്‍? ജരാനര! ആര്‍ക്കാണതിഷ്ടം?. അവള്‍ പ്രജ്വാലന്റ കൂടെക്കൂടീ. പ്രജ്വാലന്‍ എന്നാല്‍ ശരീരത്തിന്റെ ചൂടാണ് അതുകൂടിയാലും കുറഞ്ഞാലും ജീവനു നിലനില്‍ക്കാനാകില്ല. യവന സൈന്യമെന്നാല്‍ ശരീരത്തിലുണ്ടാകുന്ന ആധി വ്യാധികളാണ്. പ്രജ്വാലന്‍ കൊട്ടാരത്തിനു തീകൊടുത്തു. അപ്പോള്‍ സര്‍പ്പം പുറത്തുചാടി. എന്താണത്? ശരീരത്തിനു ചൂടുകൂടി, ജീവന്‍ പുറത്തുചാടി. അവിടെ പുരഞ്ജനന്‍ മരിക്കുകയാണ്. മരിക്കുന്ന സമയത്ത് ഭാര്യയേക്കുറിച്ചുള്ള ചിന്തയായിരുന്നു. ഞാന്‍ മരിച്ചാല്‍ എന്റെ ഭാര്യക്ക് ആരുണ്ടെന്ന ചിന്ത. അതിനാല്‍ അടുത്ത ജന്മം ഒരു സ്ത്രീയായി ജനിച്ചു. അങ്ങനെ പാണ്ഡ്യദേശത്തൊരു രാജാവുമായി വിവാഹം കഴിക്കയാല്‍ ഒരു സത്സംഗമുണ്ടായി. അങ്ങനെ ആ രാജാവിന്റെ അന്ത്യത്തോടെ ഈശ്വരസാക്ഷാല്‍ക്കാരമുണ്ടായി. പഴയ സുഹൃത്തായ ഈശ്വരനുമായി താദാത്മ്യം പ്രാപിച്ചു.
മനസ് സൃഷ്ടിക്കുന്ന ശരീരങ്ങള്‍
നാരദന്റെ വിശദീകരണം കേട്ട് പ്രാചീനബര്‍ഹിസ് ചോദിച്ചു: അങ്ങനെ വരുമ്പോള്‍ അങ്ങുപറഞ്ഞില്ലേ ഞാന്‍ മരിച്ചുകഴിഞ്ഞ് നരകത്തില്‍ ചെല്ലുമ്പോള്‍ ഞാന്‍ ഉപദ്രവിച്ച ജീവികളെല്ലാം എന്നെ ആക്രമിക്കാന്‍ വരുമെന്ന്. അത് ചെയ്തത് എന്റെ ശരീരമല്ലേ മനസല്ലല്ലൊ. ശരിയാണ്, ശരീരമാണു ചെയ്തത്. എന്നാല്‍ മനസു പറഞ്ഞിട്ടാണു ചെയ്തത്. മനസു വിചാരിച്ചാല്‍ മറ്റൊരു ശരീരമുണ്ടാക്കാം. അതായത് തെങ്ങില്‍ കയറി ഒരുകുല തേങ്ങാവെട്ടി. തേങ്ങ താഴെ വരുന്നതിനുമുമ്പേ ആളും താഴെയെത്തി. എടുത്ത് ആശുപത്രിലെത്തിച്ചു കീറിമുറിച്ചു കമ്പിയിട്ടു തുന്നിക്കെട്ടി. അനുഭവിക്കാവുന്ന വേദനയെല്ലാം അനുഭവിച്ചു. രാവിലെ എഴുന്നേറ്റൂ ഒരു കുഴപ്പവുമില്ല. ഇതെന്താണ്? ഇതു സ്വപ്‌നത്തില്‍ മനസുണ്ടാക്കിയ മറ്റൊരു ശരീരമാണ്. മനസു വിചാരിച്ചാല്‍ മറ്റൊരു ശരീരമുണ്ടാക്കാം. ഇത്തരത്തിലുള്ളതാണ് പലപല ജന്മങ്ങളും. ഈ ജന്മങ്ങളിലൂടെ വാസന നശിച്ച് ജ്ഞാനംനേടി ഈശ്വരനില്‍ ലയിച്ചാല്‍പ്പിന്നെ ജന്മമില്ല. വാസന മൂന്നു വിധമാണ് സത്വ, രജോ, തമോ ഗുണങ്ങള്‍. അതങ്ങു നശിക്കണം. അതാണു പറഞ്ഞു കൊടുത്തത്. എന്നാല്‍ അങ്ങു ചെയ്തുവരുന്ന കര്‍മ്മത്തില്‍ ഇതു നശിക്കില്ല. എങ്ങനെയെന്നാല്‍ കുറെഭാരം തലയില്‍വെച്ചു ചുമക്കുന്നു ബുദ്ധിമുട്ടാകുമ്പോള്‍ എടുത്തു തോളില്‍വെച്ചു നടക്കുന്നു അതുപോലെയാണ് കര്‍മ്മവും. കര്‍മ്മത്തിലൂടെ വാസന നശിക്കണം. കര്‍മ്മമുപേക്ഷിച്ച് വാസന നശിച്ച് ഭഗവാനില്‍ ലയിക്കണം. അതാണ് ഈ കഥയിലൂടെ അവതരിപ്പിക്കുന്നത്. ഇത്തരത്തിലുള്ള ആത്മീയ തത്ത്വോപദേശ കഥകളാണ് പുരാണങ്ങളില്‍ അവതരിപ്പിക്കപ്പെട്ടിട്ടുള്ളതെല്ലാം. അതിനെ അതിന്റെ ശരിയായ അര്‍ത്ഥത്തില്‍ തന്നെ നാം ഗ്രഹിക്കേണ്ടതുണ്ട്.
















