ന്യൂദല്‍ഹി: ഭാരതത്തിന്റെ പരമാധികാരത്തിന് തന്നെ ഭീഷണിയാകുന്ന വ്യക്തിയാണ് ഫരീദാബാദിലെ അല്‍- ഫലാഹ് മെഡിക്കല്‍ കോളജിലെ ഫാക്കല്‍റ്റിയായിരുന്ന ഡോ. നിസാര്‍ ഉള്‍ ഹസനെന്ന് റിപ്പോര്‍ട്ടുകള്‍. സ്‌ഫോടനത്തിന് ശേഷം ഇയാളെ കാണാനില്ല, നിസാറിനായി അന്വേഷണ സംഘം വ്യാപക തെരച്ചിലിലാണ്. ശ്രീനഗറിലെ എസ്എച്ച്എംഎസ് ആശുപത്രിയില്‍ ജോലി ചെയ്യവേ ഭീകര ബന്ധമുണ്ടെന്ന സൂചനയെത്തുടര്‍ന്ന് ജമ്മു കശ്മീര്‍ ലഫ്. ഗവര്‍ണര്‍ മനോജ് സിന്‍ഹ ഇയാളെ പിരിച്ചുവിട്ടതാണ്. പിന്നാലെ അല്‍- ഫലാഹ് കോളജില്‍ നിയമനം നടത്തുകയായിരുന്നു.
ഭീകര- വിഘടനവാദ ശൃംഖലയെ എപ്പോള്‍ വേണമെങ്കിലും കെട്ടിപ്പടുക്കാന്‍ നിസാറിന് സാധിക്കും. ടൈം ബോംബ് എന്നാണ് ജമ്മുകശ്മീര്‍ പോലീസ് സിഐഡി നിസാറിനെതിരെയുള്ള റിപ്പോര്‍ട്ടില്‍ പറയുന്നത്. പാര്‍ലമെന്റ് ആക്രമണക്കേസ് പ്രതി അഫ്‌സല്‍ ഗുരുവുമായി ഇയാള്‍ക്ക് ബന്ധമുണ്ട്. സമൂഹ മാധ്യമം വഴി സ്വതന്ത്ര കശ്മീര്‍ വാദത്തെ പ്രചരിപ്പിച്ചിരുന്നു, മെഡിക്കല്‍ പ്രാക്ടീഷണറുകളെ ഇതിനായി പ്രേരിപ്പിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. എസ്എച്ച്എംഎസ് ആശുപത്രിയില്‍ അസി. പ്രൊഫസറായിരിക്കെ 2023 നവംബറില്‍ പ്രത്യേക ഉത്തരവ് പ്രകാരമാണ് ഗവര്‍ണര്‍ ഇയാളെ പിരിച്ചുവിട്ടത്. ഡോക്ടര്‍മാരുടെ സംഘടനയുടെ മറവിലാണ് നിസാര്‍ വിഘടനവാദികള്‍ക്ക് ഒത്താശ ചെയ്തിരുന്നത്.
ഫരീദാബാദില്‍ ജോലിയില്‍ പ്രവേശിച്ചശേഷവും ഇയാള്‍ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു. ഫരീദാബാദിലെ വൈറ്റ് മൊഡ്യൂളുമായി ഡോ. നിസാര്‍ ഉള്‍ ഹസന് ബന്ധമുണ്ടെന്നാണ് സംശയം. രാജ്യവിരുദ്ധ പ്രവര്‍ത്തനത്തിന് പിരിച്ചുവിട്ട ഒരു വ്യക്തിക്ക് ജോലി നല്‍കിയ അല്‍- ഫലാഹ് സര്‍വകലാശാലയും സംശയത്തിന്റെ നിഴലിലാണ്. സര്‍വകലാശാലയ്‌ക്ക് വിദേശത്ത് നിന്നും ധനസഹായം ലഭിച്ചിരുന്നതായി ജീവനക്കാരന്‍ വെളിപ്പെടുത്തിയിരുന്നു. സ്ഥാപനം കേന്ദ്രീകരിച്ചാണ് ഫരീദാബാദ് മൊഡ്യൂളിന്റെ പ്രവര്‍ത്തനം എന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. കഴിഞ്ഞ ദിവസം വിവിധ ഏജന്‍സികള്‍ സര്‍വകലാശാലയില്‍ പരിശോധന നടത്തിയിരുന്നു.
സംഭവത്തില്‍ ഒരു ഡോക്ടറെ കൂടി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അനന്ത്‌നാഗ് സ്വദേശി മുഹമ്മദ് ആരിഫിനെ കാണ്‍പൂരില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്. ഗൂഢാലോചനയില്‍ പങ്കാളികളായ ഡോക്ടര്‍മാര്‍ക്കായി അന്വേഷണം പുരോഗമിക്കുകയാണ്.













