തിരുവനന്തപുരം: വര്‍ക്കലയില്‍ പെണ്‍കുട്ടിയെ ട്രെയിനില്‍ നിന്ന് തള്ളി പുറത്തേക്കിട്ട സംഭവത്തില്‍ പ്രതി സുരേഷിന്റെ തിരിച്ചറിയല്‍ പരേഡ് തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ നടത്തി. ആക്രമണത്തിനിരയായ പെണ്‍കുട്ടിയുടെ സുഹൃത്ത് അര്‍ച്ചന പ്രതിയെ തിരിച്ചറിഞ്ഞു.
തമ്പാനൂര്‍ റെയില്‍വേ പൊലീസാണ് കേസ് അന്വേഷിക്കുന്നത്. തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയാണ് പ്രതി.വെളളിയാഴ്ച പ്രതിയെ കസ്റ്റഡിയില്‍ വാങ്ങുമെന്നാണ് വിവരം.
പ്രതി പുകവലിച്ചത് ചോദ്യം ചെയ്തതിനാണ് പെണ്‍കുട്ടിയെ ആക്രമിച്ചത് എന്നാണ് പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ട്. പുകവലിക്കുന്നത് പരാതിപ്പെടുമെന്ന് പറഞ്ഞതില്‍ പ്രകോപിതനായി കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടുകൂടി ആക്രമിച്ചെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ട്രെയിനില്‍ നിന്ന് വീണ പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്.
















