തിരുവനന്തപുരം:ശബരിമല മണ്ഡല, മകരവിളക്ക് തീര്‍ഥാടന കാലയളവില്‍ നിലയ്‌ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ ഡ്രോണ്‍ നിരീക്ഷണം പൊലീസ് ശക്തമാക്കും.സ്ഥിരം ക്രിമിനലുകളെ കണ്ടെത്താന്‍ എഐ അധിഷ്ഠിത സിസിടിവി സേവനം ഉപയോഗപ്പെടുത്തും.
സുരക്ഷിത തീര്‍ഥാടനത്തിന് ഉള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന് സംസ്ഥാന പൊലീസ് മേധാവി റാവാഡ ചന്ദ്രശേഖര്‍ നിലയ്‌ക്കലില്‍ പറഞ്ഞു.18,741 പൊലീസുകാരെ വിന്യസിക്കും .
ആറ് ഘട്ടങ്ങളായി തീര്‍ഥാടന കാലയളവ് പൂര്‍ത്തിയാകുന്നതു വരെയുള്ള ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്.നിലയ്‌ക്കല്‍, പമ്പ, സന്നിധാനം എന്നിങ്ങനെ മൂന്നുമേഖലകളായി തിരിച്ചാണ് സുരക്ഷ ഒരുക്കുന്നത്. എസ്പിമാര്‍ മുതല്‍ സിവില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ വരെയുള്ളവരെ വിന്യസിക്കും. തീര്‍ഥാടകരുടെ സുരക്ഷയ്‌ക്കൊപ്പം ട്രാഫിക് ലംഘനങ്ങളും അപകടവും ഉണ്ടാകാതിരിക്കാന്‍ ബൈക്ക്, മൊബൈല്‍ പട്രോളിംഗ് എന്നിവ ഉണ്ടാകും. പ്രധാന സ്ഥലങ്ങളില്‍ പൊലീസ് കമാന്‍ഡോകളും ഉണ്ടാകും.
പ്രധാന വാഹന പാര്‍ക്കംഗ് മേഖല നിലയ്‌ക്കല്‍ ആണ്. അനധികൃത പാര്‍ക്കിംഗ് അനുവദിക്കുകയില്ല. ഇടത്താവളങ്ങളില്‍ പ്രത്യേക പൊലീസ് സംവിധാനം ക്രമീകരിക്കും. പമ്പാതീരത്ത് ബാരിക്കേഡ്, ലൈഫ് ഗാര്‍ഡ്, മറ്റ് സുരക്ഷാ സംവിധാനങ്ങള്‍ എന്നിവ സജ്ജമാക്കി. ക്യൂ കോപ്ലെക്സുകളില്‍ തിരക്ക് നിയന്ത്രിക്കും. പമ്പാ നദിക്കരയില്‍ പുതുതായി നിര്‍മ്മിച്ച ജര്‍മ്മന്‍ ഷെഡുകള്‍ 4000 പേരെ വരെ ഉള്‍ക്കൊള്ളും.
















