ന്യൂദൽഹി : രാജ്യത്തെ നടുക്കിയ ഡൽഹി സ്ഫോടനം ആഘോഷിച്ച അഞ്ച് ഇസ്ലാമിസ്റ്റുകൾ അസമിൽ അറസ്റ്റിൽ. ദരാങ് സ്വദേശി മത്തിയുർ റഹ്മാൻ, ഗോൾപാറ സ്വദേശി ഹസൻ അലി മണ്ഡൽ, ചിരാങ്ങ് വാസി അബ്ദുൾ ലത്തീഫ്, കാംരൂപ് സ്വദേശി വജുൽ കമാൽ, ബോംഗൈഗാവിൽ നിന്നുള്ള നൂർ അമിൻ അഹമ്മദ് എന്നിവരെയാണ് അസം പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നതെന്നും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു.
തലസ്ഥാനത്ത് നടന്ന വൻ സ്ഫോടനത്തിൽ രാജ്യം മുഴുവൻ വിലപിക്കുമ്പോൾ, ചില ഇസ്ലാമിക മതമൗലികവാദികൾ സന്തോഷിക്കുകയായിരുന്നു. ഇത്തരക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് അന്ന് തന്നെ അസം സർക്കാർ വ്യക്തമാക്കിയിരുന്നു.
“ഡൽഹി ബോംബ് സ്ഫോടന സംഭവം അപലപനീയമാണ്. ചിലർ ഫേസ്ബുക്കിൽ സംഭവത്തെ അഭിനന്ദിക്കുകയും , സന്തോഷകരമായ ഇമോജികൾ പോസ്റ്റ് ചെയ്യുകയുമൊക്കെ ചെയ്യുന്നുണ്ട്. ഇത്തരത്തിലുള്ള പ്രതികരണം കാണിക്കുന്നത് അവർ യഥാർത്ഥത്തിൽ തീവ്രവാദത്തെ പിന്തുണയ്‌ക്കുന്നവരാണെന്നാണ്. ഇന്നലെ രാത്രി മുതൽ ഈ ആളുകളുടെ പശ്ചാത്തലം ഞങ്ങൾ അന്വേഷിച്ചുവരികയാണ്. ആവശ്യമെങ്കിൽ, അവരിൽ ചിലരെ ഞങ്ങൾ അറസ്റ്റ് ചെയ്യും.” എന്നും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞിരുന്നു.
“അസമിൽ, തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുകയോ പിന്തുണയ്‌ക്കുകയോ ചെയ്യുന്നത് ഞങ്ങൾ അനുവദിക്കില്ല. ഇക്കാര്യത്തിൽ ഞങ്ങൾ വളരെ കർശനമാണ്. ഇന്നലെ മുതൽ, സംഭവത്തെക്കുറിച്ചുള്ള വാർത്ത ലഭിച്ചതിനുശേഷം ചിലർ വാർത്തയിൽ സന്തുഷ്ടരാണ്, മറ്റുള്ളവർ ആരുടെയെങ്കിലും മരണത്തിൽ സന്തുഷ്ടരാണ്. ഈ ആളുകളും നേരിട്ടോ അല്ലാതെയോ തീവ്രവാദത്തെ പിന്തുണയ്‌ക്കുന്നുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. ആ ആളുകളുടെ പശ്ചാത്തലം അന്വേഷിക്കാൻ ഞാൻ ഡിജിപിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. അവർ അസം പൗരന്മാരാണെങ്കിൽ, ഞങ്ങൾ അവരെ അറസ്റ്റ് ചെയ്യും.”ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു. അസം പോലീസിന്റെ നടപടി തുടരുമെന്നും അദ്ദേഹം പറഞ്ഞു.
















