ആര്‍ ശ്രീഹരി
മഹാത്മാഗാന്ധിയുടെ ആത്മകഥയായ ‘എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍’ പ്രസിദ്ധീകൃതമായിട്ട് 100 വര്‍ഷം തികയുന്നു. 1925 നവംബര്‍ 25നാണ് ഗുജറാത്തി ഭാഷയിലുള്ള ആത്മകഥ ‘നവജീവന്‍’ മാസികയില്‍ പ്രസിദ്ധീകരിച്ചു തുടങ്ങിയത്. 166 ലക്കങ്ങളിലായി 1929 ഫെബ്രുവരി മൂന്നുവരെ പ്രസിദ്ധീകരണം തുടര്‍ന്നു.
പുസ്തക രൂപത്തിലുള്ള ആത്മകഥയുടെ ഒന്നാംഭാഗം 1927ലും രണ്ടാംഭാഗം 1929ലും പുറത്തിറങ്ങി. ബാല്യം മുതല്‍ 1921 വരെയുള്ള ജീവിതകഥയാണ് പ്രതിപാദ്യം. ഗാന്ധിജിയുടെ പേഴ്‌സണല്‍ സെക്രട്ടറിയായിരുന്ന മഹാദേവ് ദേശായിയാണ് The Story of My Experiments with Truth എന്ന പേരില്‍ ആത്മകഥ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത്. പ്യാരേലാല്‍ നയ്യാറും പരിഭാഷയില്‍ സഹകരിച്ചു.
ഇംഗ്ലീഷിലും മറ്റ് ഇന്ത്യന്‍ ഭാഷകളിലുമായി പുസ്തകത്തിന്റെ 61 ലക്ഷം കോപ്പികള്‍ വിറ്റുപോയി. 21.9 ലക്ഷം കോപ്പികളുമായി ഇംഗ്ലീഷാണ് മുന്നില്‍. മലയാളമാണ് രണ്ടാം സ്ഥാനത്ത്- 9.1 ലക്ഷം കോപ്പികള്‍. മൂന്നാം സ്ഥാനത്ത് തമിഴാണ്- 7.8 ലക്ഷം. കെ. മാധവനാര്‍ തയ്യാറാക്കി മാതൃഭൂമിയാണ് 1955ല്‍ ആത്മകഥയുടെ മലയാളത്തിലുള്ള ആദ്യ പരിഭാഷ പുറത്തിറക്കിയത്. നവജീവന്‍ പബ്ലിഷിങ് ഹൗസിനു വേണ്ടി ഡോ. ജോര്‍ജ് ഇരുമ്പയം പിന്നീട് മലയാള പരിഭാഷ നിര്‍വഹിച്ചു. പ്രൊഫ. ജി. കുമാരപിള്ളയായിരുന്നു സംശോധകന്‍.
ആത്മകഥയ്‌ക്ക് മഹാത്മജി രചിച്ച മുഖവുര
ഏറ്റവും അടുത്ത ചില സഹപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടപ്പോള്‍, നാലഞ്ചു വര്‍ഷം മുമ്പ്, ആത്മകഥ എഴുതാമെന്നു സമ്മതിച്ചു. തുടങ്ങി വയ്‌ക്കുകയും ചെയ്തു. എന്നാല്‍ ആദ്യ പേജ് തീരും മുമ്പ് മുംബൈയില്‍ കലാപം പൊട്ടിപ്പുറപ്പെട്ടു. അതോടെ എഴുത്തു നിലച്ചു. എന്നെ ജയിലില്‍ അടച്ചു. ഇപ്പോള്‍ സ്വാമി ആനന്ദ് ആത്മകഥ എഴുതാനുള്ള നിര്‍ദ്ദേശം ആവര്‍ത്തിക്കുന്നു. എനിക്ക് ഒഴിവുസമയം കുറവാണ്. ആഴ്ചതോറും ഓരോ അധ്യായം എഴുതാനേ കഴിയുകയുള്ളൂ. ‘നവജീവനു’ വേണ്ടി എന്തെങ്കിലും ആഴ്ചതോറും എഴുതേണ്ടതുണ്ട്. അത് എന്തുകൊണ്ട് ആത്മകഥ ആയിക്കൂടാ?
ഒരു യഥാര്‍ത്ഥ ആത്മകഥ എഴുതാനുള്ള ഉദ്യമമല്ല എന്റേത്. സത്യം ആധാരമാക്കിയുള്ള എന്റെ വിവിധ പരീക്ഷണങ്ങളുടെ കഥ പറയുക മാത്രമാണ് ലക്ഷ്യം. എന്റെ ജീവിതത്തില്‍ ആ പരീക്ഷണങ്ങളല്ലാതെ മറ്റൊന്നും ഇല്ലാത്തതിനാല്‍ കഥ ഒരു ആത്മകഥയുടെ രൂപം കൈക്കൊള്ളുമെന്നത് ശരിയാണ്.
രാഷ്‌ട്രീയ രംഗത്തുള്ള എന്റെ പരീക്ഷണങ്ങള്‍ ഇപ്പോള്‍ ഇന്ത്യയില്‍ മാത്രമല്ല ഒരു പരിധിയോളം പരിഷ്‌കൃത ലോകം മുഴുവന്‍ അറിയപ്പെടുന്നുണ്ട്. എനിക്ക് അവ അത്ര വിലയുള്ളതല്ല. തന്മൂലം അവ എനിക്കു നേടിത്തന്ന ‘മഹാത്മാ’ എന്ന പദവിക്ക് അതിലും കുറഞ്ഞ വിലയേയുള്ളൂ. പലപ്പോഴും ആ പദവി എന്നെ ആഴത്തില്‍ വേദനിപ്പിച്ചിട്ടുമുണ്ട്. എപ്പോഴെങ്കിലും അത് എന്നെ ആഹ്ലാദിപ്പിച്ചതായി ഓര്‍ക്കുന്നുമില്ല. എന്നാല്‍ ആത്മീയ മണ്ഡലത്തിലെ പരീക്ഷണങ്ങള്‍ വിവരിക്കാന്‍ തീര്‍ച്ചയായും ഞാന്‍ ഇഷ്ടപ്പെടുന്നു. അവയില്‍ നിന്നാണ് രാഷ്‌ട്രീയ രംഗത്ത് പ്രവര്‍ത്തിക്കാന്‍ എനിക്കുള്ള ശക്തി സമാര്‍ജിക്കാനായത്. ആ പരീക്ഷണങ്ങള്‍ യഥാര്‍ത്ഥത്തില്‍ ആത്മീയമാണെങ്കില്‍ ആത്മപ്രശംസയ്‌ക്ക് വകയില്ല. അവ എന്റെ വിനയം വര്‍ധിപ്പിക്കുകയേയുള്ളൂ.
ഞാന്‍ ലക്ഷ്യമാക്കുന്നത് ആത്മസാക്ഷാത്കാരം, അതായത് ഈശ്വരനെ നേരിട്ടു കാണുക, മോക്ഷം പ്രാപിക്കുക എന്നതാണ്. ഇക്കഴിഞ്ഞ മൂന്ന് ദശകങ്ങളിലായി തീവ്രമായി ആഗ്രഹിക്കുകയും പരിശ്രമിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നത് അതിനു വേണ്ടിയാണ്. ജീവിക്കുന്നതും ചലിക്കുന്നതും നിലനില്‍ക്കുന്നതും ഈ ലക്ഷ്യത്തിലൂന്നിയാണ്. എന്റെ എഴുത്തും പ്രസംഗവും രാഷ്‌ട്രീയപ്രവര്‍ത്തനവുമെല്ലാം ഇതേ ലക്ഷ്യം മുന്‍നിര്‍ത്തി തന്നെയാണ്.
ഒരാള്‍ക്ക് സാധ്യമാകുന്നത് മറ്റുള്ളവര്‍ക്കും സാധ്യമാകും എന്നു വിശ്വസിക്കുകയാല്‍ എന്റെ പരീക്ഷണങ്ങള്‍ രഹസ്യമായല്ല, പരസ്യമായാണ് നടത്തിപ്പോന്നത്. ഇതുമൂലം അവയുടെ ആത്മീയ മൂല്യത്തിന് ക്ഷതം ഏറ്റിട്ടുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. ഓരോ വ്യക്തിക്കും അയാളുടെ സ്രഷ്ടാവിനു മാത്രം അറിയാവുന്ന ചില വസ്തുതകളുണ്ട്. അവ പറഞ്ഞറിയിക്കാവുന്നതല്ല. ഞാന്‍ പറയാന്‍ പോകുന്ന പരീക്ഷണങ്ങള്‍ അത്തരത്തിലുള്ളവയല്ല. പക്ഷേ അവ ആത്മീയമാണ്; ശരിക്ക് പറഞ്ഞാല്‍ ധാര്‍മികമാണ്. മതത്തിന്റെ സാരസര്‍വസ്വം ധാര്‍മികതയാണല്ലോ.
മുതിര്‍ന്നവര്‍ക്കെന്നപോലെ കുട്ടികള്‍ക്കും ഗ്രഹിക്കാവുന്ന മതകാര്യങ്ങള്‍ മാത്രമേ ഈ ആത്മകഥയില്‍ ഉള്‍പ്പെടുത്തുന്നുള്ളൂ. അവയെ വിനയത്തോടെയും പക്ഷപാതരഹിതമായും വിവരിക്കാന്‍ എനിക്ക് സാധിച്ചാല്‍ ഇത്തരം പരീക്ഷണങ്ങളില്‍ ഏര്‍പ്പെടുന്ന മറ്റുള്ളവര്‍ തങ്ങളുടെ അഭിവൃദ്ധിക്ക് സഹായകരമായ വല്ലതും അതില്‍ കണ്ടെത്തിയേക്കും.
അപ്രായോഗികമായ തത്വങ്ങള്‍ പ്രതിപാദിക്കാനാണ് ഉദ്ദേശിച്ചിരുന്നതെങ്കില്‍ ഒരിക്കലും ആത്മകഥ എഴുതാന്‍ ഞാന്‍ തുനിയുമായിരുന്നില്ല. എന്നാല്‍ എന്റെ ഉദ്ദേശ്യം ഈ തത്വങ്ങളുടെ വിവിധതരം പ്രയോഗങ്ങള്‍ വിവരിക്കുകയാല്‍ ‘എന്റെ സത്യാന്വേഷണ പരീക്ഷണ കഥ’ എന്ന ശീര്‍ഷകം എഴുതാന്‍ ഉദ്ദേശിക്കുന്ന അധ്യായങ്ങള്‍ക്ക് നല്‍കി കഴിഞ്ഞു. എന്നെ സംബന്ധിച്ചിടത്തോളം സത്യമാണ് പരമമായ തത്വം. അതില്‍ മറ്റനേകം തത്വങ്ങള്‍ അടങ്ങുന്നു. നാം മനസ്സിലാക്കുന്ന ആപേക്ഷിക സത്യമല്ലത്. കേവലമായ സത്യം, സനാതനമായ തത്വം, ഈശ്വരന്‍ തന്നെയാണ്. ഞാന്‍ ദൈവത്തെ സത്യം മാത്രമായി ആരാധിക്കുന്നു. ഇതുവരെയും ഞാന്‍ ഈശ്വരനെ കണ്ടിട്ടില്ല. എങ്കിലും ആ ദര്‍ശനം ഞാന്‍ തേടിക്കൊണ്ടേയിരിക്കുന്നു. ഈ അന്വേഷണ മാര്‍ഗത്തില്‍ ഏറ്റവും പ്രിയപ്പെട്ട വസ്തുക്കളെ കൂടി ബലി കഴിക്കാന്‍ ഒരുക്കമാണ്. ബലിയായി എന്റെ ജീവനാണ് ആവശ്യപ്പെടുന്നതെങ്കില്‍ പോലും ഞാന്‍ അത് നല്‍കാന്‍ സന്നദ്ധനാണ്.
സത്യാന്വേഷി മണല്‍ത്തരിയേക്കാള്‍ എളിമയുള്ളവനാകണം. ആള്‍ക്കാര്‍ കാല്‍ക്കീഴിലുള്ള മണല്‍ത്തരിയെ ചവിട്ടിയമര്‍ത്തുന്നു. സത്യാന്വേഷിയാകട്ടെ മണല്‍ത്തരിക്ക് കൂടി തന്നെ ചവിട്ടിയമര്‍ത്താനാവുന്നത്ര വിനയം കൈവരിക്കണം. അപ്പോള്‍ മാത്രമേ അയാള്‍ക്ക് പരമമായ സത്യത്തിന്റെ മിന്നലാട്ടം കാണാന്‍ കഴിയൂ.
ഈ താളുകളില്‍ കുറിക്കുന്നത് അഹന്താസ്പര്‍ശമുള്ളതായി വായനക്കാര്‍ക്ക് തോന്നുന്ന പക്ഷം എന്റെ സത്യാന്വേഷണത്തില്‍ എന്തോ പിശകുണ്ടെന്നും ഈ ദര്‍ശനങ്ങള്‍ കേവലം മരീചികയാണെന്നും കരുതണം. എന്നേപ്പോലെ അനേകായിരങ്ങള്‍ നശിച്ചാലും സത്യം നിലനില്‍ക്കട്ടെ.
ഇനി വരുന്ന അധ്യായങ്ങളില്‍ ഇടയ്‌ക്കിടെ കാണുന്ന ഉപദേശങ്ങളെ ആധികാരികമായി എടുക്കരുതെന്ന് അപേക്ഷിക്കുന്നു. എടുക്കുകയില്ലെന്ന് ആശിക്കുന്നു. എന്റെ എല്ലാ കുറ്റങ്ങളും കുറവുകളും വായനക്കാര്‍ക്ക് മുന്നില്‍ വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നു. ഞാനൊരു നല്ലവനാണെന്ന് വ്യക്തമാക്കുകയല്ല ലക്ഷ്യം. മറിച്ച് സത്യഗ്രഹ ശാസ്ത്രത്തില്‍ നടത്തിയ പരീക്ഷണങ്ങള്‍ വിവരിക്കാനാണ് ഉദ്ദേശിക്കുന്നത്.
എന്നെ വിധിക്കുന്നതില്‍ സത്യത്തെപ്പോലെ നിര്‍ദാക്ഷണ്യവാനായിരിക്കും ഈയുള്ളവന്‍. മറ്റുള്ളവരും അങ്ങനെ തന്നെ ആയിരിക്കണം. ആ മാനദണ്ഡം വച്ച് എന്നെ അളക്കുമ്പോള്‍ സൂര്‍ദാസിനോടൊപ്പം ഇങ്ങനെ വിളിച്ചു പറയണം.
ആരുണ്ടിത്ര നികൃഷ്ടനായി
എന്നേപ്പോലെ കുടിലന്‍ ഖലന്‍?
കൃതഘ്‌നന്‍ വഞ്ചകന്‍ ഞാനെന്‍
സ്രഷ്ടാവെ കൈവെടിഞ്ഞവന്‍…
എന്തെന്നാല്‍, ഞാന്‍ ആരുടെ സന്താനമാണൊ, എന്റെ ഓരോ ശ്വാസത്തെയും ആരു നിയന്ത്രിക്കുന്നുവോ ആ ജഗദീശ്വരനില്‍നിന്ന് ഇപ്പോഴും ഞാന്‍ എത്രയോ ദൂരെയാണെന്നത് തീരാദുഃഖമാണ്. എന്നിലുള്ള ദുര്‍വികാരങ്ങളാണ് ഈശ്വരനില്‍ നിന്നും എന്നെ ഇത്രമേല്‍ അകറ്റുന്നതെന്ന് അറിയാത്തല്ല. എന്നിട്ടും എനിക്ക് അവയില്‍ നിന്നും രക്ഷനേടാന്‍ കഴിയുന്നില്ല.
ഇതിവിടെ അവസാനിപ്പിക്കാം. യഥാര്‍ത്ഥ ചരിത്രം അടുത്ത അധ്യായത്തിലേ തുടങ്ങാനാവൂ.
എം.കെ. ഗാന്ധി
സബര്‍മതി ആശ്രമം,
1925 നവംബര്‍ 26











