പാലക്കാട്: കല്പാത്തി രഥോത്സവത്തിന്റെ അഞ്ചാംതിരുനാള്‍ ഇന്ന്. നാലു ക്ഷേത്രങ്ങളിലും പ്രത്യേക ജപ-ഹോമ – അഭിഷേക- ദീപാരാധനകള്‍ – വേദപാരായണം എന്നിവ ഉണ്ടായിരിക്കും. അര്‍ദ്ധരാത്രി നടക്കുന്ന ദേവതാ സംഗമ ദര്‍ശനത്തിന് നൂറുക്കണക്കിന് ഗ്രാമവാസികള്‍ സാക്ഷ്യം വഹിക്കും. 11.30 മുതല്‍ 12.45വരെ പുതിയ കല്‍പാത്തി ഗ്രാമവീഥിയിലാണ് ദേവതാ സംഗമം.
അലങ്കരിച്ച ചെറിയ രഥങ്ങളില്‍ ശ്രീ വിശാലാക്ഷീ സമേത ശ്രീ വിശ്വനാഥസ്വാമി ഋഷഭാരൂഢനായും ശ്രീലക്ഷ്മീ നാരായണ പെരുമാള്‍ ആദിശേഷനില്‍ ഉപവിഷ്ടനായും ശ്രീ മഹാഗണപതി, ശ്രീ പ്രസന്ന മഹാഗണപതി ദേവതകള്‍ മൂഷികാരൂഢരായും, ശ്രീ സുബ്രഹ്മണ്യ സ്വാമി ദേവനുമാണ് രഥ സംഗമത്തിനെത്തിചേരുക. ദേവതകള്‍ ഗ്രാമ വീഥികളിലൂടെ രഥങ്ങളില്‍ സഞ്ചരിച്ച് പുതിയ കല്‍പാത്തിയില്‍ അര്‍ദ്ധരാത്രിയില്‍ സംഗമിക്കും. വേദപണ്ഡിതര്‍ വേദമന്ത്രോച്ചാരണങ്ങളോടെ അനുഗമിക്കും വാദ്യമേളങ്ങളുടെ അകമ്പടിയും ഉണ്ടാകും. ദേവതാസംഗമസ്ഥാനത്ത് നാദസ്വര- തവില്‍ വാദനവും ചെണ്ടമേളവും ഉണ്ടായിരിക്കും.
രഥങ്ങളെ വലംവെച്ച് പ്രാര്‍ത്ഥിക്കുന്നത് രഥോത്സവത്തിലെ ഭക്തിനിര്‍ഭരമായ ചടങ്ങാണ്. ദേവതകളെ വരവേറ്റും കര്‍പ്പൂരമുഴിഞ്ഞും ആനയിക്കും.
ദേശീയ സംഗീതോത്സവത്തോടനുബന്ധിച്ച് ചാത്തപുരം മണി അയ്യര്‍ റോഡില്‍ മൃദംഗം കാരൈക്കുടി ആര്‍.മണി നഗറില്‍ വൈകിട്ട് നാലിന് ശ്രുതി വിജയ്യുടെ സംഗീത കച്ചേരിക്ക് കേശവ് ബിജോയ് (വയലിന്‍), പി.വി. നാരായണന്‍ (മൃദംഗം) എന്നിവര്‍ പക്കമേളമൊരുക്കും. വൈകിട്ട് അഞ്ചിന് ചിറ്റൂര്‍ സര്‍ക്കാര്‍ കോളേജിലെ സംഗീത വിഭാഗം വിദ്യാര്‍ഥികളുടെ കച്ചേരി, വൈകിട്ട് ഏഴിന് കോട്ടക്കല്‍ രഞ്ജിത് വാര്യര്‍ അവതരിപ്പിക്കുന്ന സംഗീതകച്ചേരിക്ക് വിജു.എസ്. ആനന്ദ് (വയലിന്‍), കെ.വി. പ്രസാദ് (മൃദംഗം), ഡോ. സുരേഷ് വൈദ്യനാഥന്‍ (ഘടം) എന്നിവര്‍ ചേര്‍ന്ന് പക്കമേളമൊരുക്കും.
ദേശീയ സംഗീതോത്സവം നാളെ സമാപിക്കും. പതിനാലിനാണ് ഒന്നാം തേര്, പതിനഞ്ചിന് രണ്ടാം തേരും, പതിനാറിന് രഥസംഗമവും നടക്കും. അഗ്രഹാര വീഥികള്‍ ഉത്സവലഹരിയിലാണ്. അഗ്രഹാരത്തിലേക്കുള്ള വീഥികള്‍ക്കിരുവശവും വാണിഭവും തകൃതിയായി നടക്കുന്നു. വൈകുന്നേരങ്ങളില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്.












