ന്യൂദൽഹി: ഇസ്ലാമാബാദ് കോടതിക്ക് പുറത്തുള്ള ചാവേർ ബോംബാക്രമണത്തിന് പിന്നിൽ ഇന്ത്യയാണെന്ന പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ ആരോപണങ്ങളെ പാടെ അവഗണിച്ച് വിദേശകാര്യ മന്ത്രാലയം. പാകിസ്ഥാൻ നേതാക്കളുടെ അസംബന്ധ പ്രസ്താവനകൾക്കെതിരെ ഇന്ത്യ ശക്തമായി തിരിച്ചടിച്ചു. പാകിസ്ഥാന്റെ ആരോപണങ്ങൾ പൂർണ്ണമായും തെറ്റാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ വ്യക്തമായി പറഞ്ഞു. ആഭ്യന്തര പ്രശ്‌നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാൻ പാകിസ്ഥാൻ ഇത്തരം കഥകൾ കെട്ടിച്ചമയ്‌ക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
പാകിസ്ഥാനിൽ ഭരണഘടന അവഗണിക്കപ്പെടുകയും സൈന്യത്തിന്റെ നിർദ്ദേശപ്രകാരം അധികാരം പിടിച്ചെടുക്കുകയും ചെയ്യുകയാണ്. ഈ യാഥാർത്ഥ്യത്തിൽ നിന്ന് പൊതുജനശ്രദ്ധ തിരിച്ചുവിടാൻ പാകിസ്ഥാൻ ഇന്ത്യയ്‌ക്കെതിരെ തെറ്റായ ആരോപണങ്ങൾ ഉന്നയിക്കുകയാണ്. പാകിസ്ഥാന്റെ യഥാർത്ഥ സ്വഭാവം ലോകത്തിന് അറിയാമെന്നും അദ്ദേഹം പറഞ്ഞു. അതിനാൽ പാകിസ്ഥാന്റെ ഈ തന്ത്രങ്ങൾ നടക്കില്ലെന്നും അദ്ദേഹം തുറന്നടിച്ചു.
നേരത്തെ ഇന്ത്യയുടെ പിന്തുണയോടെ പ്രവർത്തിക്കുന്ന ഭീകര സംഘടനകളാണ് രാജ്യത്ത് ആക്രമണങ്ങൾ നടത്തിയതെന്ന് ഷെരീഫ് ആരോപിച്ചിരുന്നു. പാകിസ്ഥാനെ അസ്ഥിരപ്പെടുത്തുക എന്നതാണ് ഇന്ത്യയുടെ ലക്ഷ്യമെന്നും പാക് പ്രധാനമന്ത്രി വിമർശിച്ചിരുന്നു.
അതേ സമയം ഇസ്ലാമാബാദിലെ കോടതിക്ക് പുറത്തുള്ള ചാവേർ ബോംബാക്രമണത്തിൽ കുറഞ്ഞത് 12 പേർ കൊല്ലപ്പെടുകയും രണ്ട് ഡസനിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തിങ്കളാഴ്ച നേരത്തെ അഫ്ഗാൻ അതിർത്തിക്കടുത്തുള്ള വാനയിലെ ഒരു കോളേജും ആക്രമിക്കപ്പെട്ടു.
















